മതാധിഷ്ഠിത മാധ്യമ പ്രവർത്തനം ശക്തിപ്പെടുന്നു: മന്ത്രി പി പ്രസാദ്

ജനാധിപത്യത്തെ വ്യാജമായി നിവചിച്ചു കൊണ്ട് രാഷ്ട്രീയ സമൂഹത്തിന് പകരം മതസമൂഹങ്ങളെ സൃഷ്ടിക്കാനാണ് അത്തരം മാധ്യമങ്ങൾ ശ്രമിക്കുന്നത്. ആരെല്ലാമോ എന്തെല്ലാമോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു എന്നതാണ് വാർത്ത എന്ന് വരുന്നു. ഇത് മതേതര ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും പി പ്രസാദ് കൂട്ടിച്ചേർത്തു . മതനിരപേക്ഷതയ്ക്ക് എതിരായ നിലപാടുകൾ വർധിച്ചു വരുന്ന നമ്മുടെ കാലത്ത് വാർത്തകളിൽ നിന്ന് വസ്തുതകളിലേക്കുള്ള ദൂരം ഒരുപാട് വർധിച്ചിരിക്കുന്നു.

കൊല്ലം: മതാധിഷ്ഠിതമാധ്യമം പുതിയ കാലത്ത് ശക്തിപ്പെടുന്നതായി മന്ത്രി പി പ്രസാദ്. നവോത്ഥാനകാലത്ത് സാമൂഹ്യ സംഘടനകൾക്ക് പ്രസിദ്ധീകണങ്ങൾ ഉണ്ടായിരുന്നു. പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തെ ഉദ്ധരിക്കാനും നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനുമാണ് അത്തരം പ്രസിദ്ധീകരണങ്ങൾ ശ്രമിച്ചത്. ആര്യാട് ഗോപി കുടുംബ ട്രസ്റ്റും കൊല്ലം പ്രസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച ആര്യാട് ഗോപി അനുസ്മരണ സമ്മേളന ഉദ്ഘാടനവും ദൃശ്യമാധ്യമ അവാർഡ് വിതരണവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്നാൽ ഇന്നാകട്ടെ ജനാധിപത്യത്തെ വ്യാജമായി നിവചിച്ചു കൊണ്ട് രാഷ്ട്രീയ സമൂഹത്തിന് പകരം മതസമൂഹങ്ങളെ സൃഷ്ടിക്കാനാണ് അത്തരം മാധ്യമങ്ങൾ ശ്രമിക്കുന്നത്. ആരെല്ലാമോ എന്തെല്ലാമോ മറച്ചുവയ്ക്കാൻ ശ്രമിക്കുന്നു എന്നതാണ് വാർത്ത എന്ന് വരുന്നു. ഇത് മതേതര ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും പി പ്രസാദ് കൂട്ടിച്ചേർത്തു . മതനിരപേക്ഷതയ്ക്ക് എതിരായ നിലപാടുകൾ വർധിച്ചു വരുന്ന നമ്മുടെ കാലത്ത് വാർത്തകളിൽ നിന്ന് വസ്തുതകളിലേക്കുള്ള ദൂരം ഒരുപാട് വർധിച്ചിരിക്കുന്നു.

ആഗോളവത്ക്കരണാനന്തര കാലത്ത് ആർത്തി ഉല്പാദിപ്പിക്കുക എന്നതിലേക്ക് മാധ്യമങ്ങൾ മാറി. കച്ചവടത്തിന്റെ കളങ്ങളിലേക്ക് ലക്ഷ്യം വഴിമാറി പോയതോടെ മാധ്യമ ധർമ്മം നഷ്ടപ്പെട്ടു. മുതലാളിത്ത താല്പര്യങ്ങളിലേക്ക് മാധ്യമങ്ങൾ വഴി മാറി. എന്നാൽ മാധ്യമ പ്രവർത്തനം സാമൂഹ്യ പ്രവർത്തനത്തിന്റെ ഭാഗമാണെന്ന് വിശ്വസിച്ചിരുന്ന പത്രപ്രവർത്തകനായിരുന്നു ആര്യാട് ഗോപി. ജനകീയ ഇടപെടലുകൾ വേണ്ടിടത്ത് അവരുടെ നാവായി നിൽക്കേണ്ടവനാണ് മാധ്യമ പ്രവർത്തകൻ എന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിക്കുകയായിരുന്നു ആര്യാട് ഗോപി. സാഹിത്യ- സാമൂഹ്യ പ്രവർത്തനം ഉൾപ്പെടെയുള്ള മേഖലകളിലേക്ക് പത്രപ്രവർത്തനത്തെ കൊണ്ടുപോയ മാധ്യമ പ്രവർത്തകനായിരുന്നു ആര്യാട് ഗോപിയെന്നും മന്ത്രി അനുസ്മരിച്ചു.

മാത്യഭൂമി ന്യൂസ് കൊല്ലം സീനിയർ ചീഫ് റിപ്പോർട്ടർ കണ്ണൻ നായർ, 24 ന്യൂസ് പാലക്കാട് റിപ്പോർട്ടർ നിഖിൽ പ്രമേഷ് എന്നിവർ മികച്ച റിപ്പോർട്ടിങ്ങിനുള്ള അവാർഡും 24 ന്യൂസ് തിരുവനന്തപുരം കാമറാമാൻ രാജ്കിരൺ മികച്ച ദൃശ്യചിത്രീകരണത്തിനുള്ള അവാർഡും മന്ത്രിയിൽ നിന്ന് സ്വീകരിച്ചു.

കേരളാ മീഡിയ അക്കാഡമിയിൽ നിന്ന് ഏറ്റവും കൂടുതൽ മാർക്കു വാങ്ങിയ പ്രിയങ്ക ഗോപാലനും സഫ് വാൻ ഫാരീസിനും മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു. പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ കേരളാ മീഡിയ അക്കാഡമി ചെയർമാൻ ആർ എസ് ബാബു ആര്യാട് ഗോപി അനുസ്മരണ പ്രഭാഷണം നടത്തി. പ്രസ് ക്ലബ് പ്രസിഡന്റ് ഡി ജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആര്യാട് ഗോപിയുടെ സഹധർമ്മിണി വത്സല ഗോപി, മകൾ ലാലി ആര്യാട്, ചെറുമകൾ പ്രാർത്ഥന, മറ്റ് കുടുംബാംഗങ്ങൾ, മുതിർന്ന മാധ്യമപ്രവർത്തകർ എന്നിവർ പങ്കെടുത്തു. പ്രസ് ക്ലബ് സെക്രട്ടറി സനൽ ഡി പ്രേം സ്വാഗതവും ബൈജു ആര്യാട് നന്ദിയും പറഞ്ഞു.