ഡിജിറ്റല്‍ മാധ്യമത്തില്‍ മലയാളം ശക്തിപ്പെടുത്തുന്നതില്‍ സ്‌കൂള്‍വിക്കിക്ക് വലിയ പങ്ക്: നിയമസഭ സ്പീക്കര്‍

തിരുവനന്തപുരം: 15,000 സ്‌കൂളുകളെ കോര്‍ത്തിണക്കി സ്‌കൂളുകളുടെ ചരിത്രവും വര്‍ത്തമാനവും തയ്യാറാക്കുക എന്നതിലുപരി ഡിജിറ്റല്‍ മാധ്യമത്തില്‍ മലയാളഭാഷ വളര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന സംരംഭമാണ് കൈറ്റിന്റെ സ്‌കൂള്‍വിക്കിയെന്ന് സ്പീക്കര്‍ എം.ബി രാജേഷ്. സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ഭാഗമായി 47 ലക്ഷം കുട്ടികള്‍ മലയാളം കംപ്യൂട്ടിങ് പരിചയപ്പെടുന്നത് വലിയ കാര്യമാണ്. കേവല കുശലാന്വേഷണങ്ങള്‍ക്കുമപ്പുറം മൂല്യവത്തായ ജനാധിപത്യവല്‍ക്കരണം ശക്തിപ്പെടുത്തുന്ന വിധത്തില്‍ വളച്ചൊടിക്കാത്ത ചരിത്രം വെളിച്ചത്തു കൊണ്ടുവരാനുള്ള സാധ്യതകള്‍ സ്‌കൂള്‍വിക്കിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിയമസഭാഹാളില്‍ സ്‌കൂള്‍വിക്കി അവാര്‍ഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സ്പീക്കര്‍.
കേരളത്തിന്റെ ചരിത്രം വരുംതലമുറയ്ക്ക് കൈമാറാനുള്ള വലിയൊരു ഉപാധികൂടിയായ സ്‌കൂള്‍വിക്കിയില്‍ കൃത്യമായി വിവരങ്ങള്‍ നല്‍കാനും പുതുക്കാനും സ്‌കൂളുകള്‍ ശ്രദ്ധിക്കണമെന്ന് ചടങ്ങില്‍ ആധ്യക്ഷം വഹിച്ച പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ഇന്ത്യയില്‍ സ്‌കൂള്‍തലത്തില്‍ ഏറ്റവും വലിയ ഡിജിറ്റല്‍ വിവരശേഖരണം നടത്തുന്ന ഇടമാണ് സ്‌കൂള്‍ വിക്കിയെന്നും മന്ത്രി പറഞ്ഞു. സഹിതം മെന്ററിംഗ് പോര്‍ട്ടലും സമഗ്ര റിസോഴ്സ് പോര്‍ട്ടലിലും ഈ മാസം മുതല്‍ അധ്യാപകര്‍ക്ക് പരിശീലനം നല്‍കുമെന്നും സ്‌കൂളുകള്‍ക്ക് ഐടി പിന്തുണ നല്‍കാന്‍ കൂടുതല്‍ മാസ്്റ്റര്‍ ട്രെയിനര്‍മാരെ കൈറ്റിന്റെ ഭാഗമാക്കി മാറ്റുമെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥി ആയിരുന്നു. കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു കെ ഐഎഎസ്, എസ്.ഇ.ആര്‍.ടി ഡയറക്ടര്‍ ഡോ.ജയപ്രകാശ് ആര്‍.കെ എന്നിവരും ചടങ്ങില്‍ സംസാരിച്ചു.
സ്‌കൂള്‍ വിക്കി 2022 അവാര്‍ഡുകള്‍ നിയമസഭ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ എം.ബി രാജേഷ് വിതരണം ചെയ്തു.സംസ്ഥാന സ്‌കൂള്‍വിക്കിയില്‍ ഏറ്റവും മികച്ച രീതിയില്‍ വിവരങ്ങള്‍ നല്‍കുന്ന സ്‌കൂളിന് കൈറ്റ് നല്‍കുന്ന രണ്ടാമത് കെ.ശബരീഷ് സ്മാരക പുരസ്‌കാരം കോഴിക്കോട് ജില്ലയിലെ എ.എം.യു.പി.എസ് മാക്കൂട്ടം സ്വന്തമാക്കി.ഒന്നരലക്ഷം രൂപയാണ് ഒന്നാം സമ്മാനം.രണ്ടാം സമ്മാനം നേടിയ മലപ്പുറം ജില്ലയിലെ ഒളകര ജി.എല്‍.പി.എസിന് ഒരു ലക്ഷം രൂപയും മൂന്നാം സമ്മാനം നേടിയ തിരുവനന്തപുരം ജില്ലയിലെ കരിപ്പൂര്‍ ജി.എച്ച്.എസിന് എഴുപത്തി അയ്യായിരം രൂപയും ലഭിച്ചു.
ജില്ലാതലത്തില്‍ മത്സരിച്ച് 1739 സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുത്ത 86 സ്‌കൂളുകളാണ് സംസ്ഥാനതലത്തില്‍ മത്സരിച്ചത്.