കാണാം കൈത്തറി നെയ്ത്ത് ; വാങ്ങാം തറിയില്‍ നെയ്ത തുണിത്തരങ്ങള്‍

കൊച്ചി: തറിയില്‍ തുണി നെയ്യുന്നത് നേരിട്ട് കാണാന്‍ അവസരം ഒരുക്കി എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ വ്യത്യസ്തമാവുകയാണ് ചേന്ദമംഗലം കൈത്തറിയുടെ സ്റ്റാള്‍. പ്രദര്‍ശനമേള ആരംഭിച്ച് ആറ് ദിവസം പിന്നിടുമ്പോള്‍ തറിയില്‍ നെയ്യുന്നത് നേരിട്ട് കാണാനും തുണിത്തരങ്ങള്‍ വാങ്ങുന്നതിനും നിരവധി ആളുകള്‍ മേളയിലെത്തുന്നുണ്ട്. തോര്‍ത്ത്, മുണ്ടുകള്‍, കസവ് മുണ്ടുകള്‍, സെറ്റ് സാരി, ഡിസൈനര്‍ സാരി, ചുരിദാര്‍, ഷോളുകള്‍ തുടങ്ങി നിരവധി ഉല്‍പ്പന്നങ്ങളാണ് ഒരുക്കിയിരിക്കുന്നത്. അരമണിക്കൂര്‍ കൊണ്ട് നെയ്‌തെടുക്കുന്ന തുണികള്‍ മുതല്‍ നാല് ദിവസം വരെ സമയമെടുക്കുന്ന ഡിസൈനര്‍ സാരികള്‍ക്ക് വരെ ആവശ്യക്കാരെത്തുന്നുണ്ട്. 2000 രൂപ മുതലാണ് കൈത്തറി ഡിസൈനര്‍ സാരികളുടെ വില.
പ്രളയാനന്തരം കൈത്തറി മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ പരിശ്രമങ്ങളാണ് വീണ്ടും ഉയര്‍ന്നു വരാന്‍ കൈത്തറിക്ക് പ്രയോജനമായതെന്ന് പ്രധാന കൈത്തറി നെയ്ത്തുകാരനായ പി കെ ശശീന്ദ്രന്‍ പറയുന്നു. പതിമൂന്നാം വയസ്സില്‍ താല്പര്യം മൂലമാണ് കൈത്തറി മേഖലയിലേക്ക് എത്തിയത്. ഡിസൈന്‍ ചെയ്ത കൈത്തറി വസ്ത്രങ്ങള്‍ വാങ്ങാന്‍ ഇന്ന് നിരവധി ആളുകള്‍ രംഗത്ത് എത്തുന്നുണ്ട്. സര്‍ക്കാരിന്റെ കൈത്തറിഗ്രാമം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കൈത്തറി മേഖല കൂടുതല്‍ മെച്ചപ്പെടുമെന്നും അദ്ദേഹം പറയുന്നു.