ബിനാലെയില്‍ കാണാം സി അയ്യപ്പന്റെ ആഖ്യാനസങ്കേതത്തില്‍ ജിതിന്‍ലാലിന്റെ കലാവിഷ്‌കാരം

കൊച്ചി: കരുത്തോടെ കീഴാള ജീവിതം കഥകളില്‍ ആവിഷ്‌കരിച്ച സി അയ്യപ്പന്റെ പ്രശസ്ത കൃതി ‘പ്രേതഭാഷണ’ത്തിന്റെ ആഖ്യാനസങ്കേതം ചിത്രകലയിലേക്ക് സന്നിവേശിപ്പിച്ച എന്‍ ആര്‍ ജിതിന്‍ലാലിന്റെ കലാസൃഷ്ടി ബിനാലെയില്‍ ശ്രദ്ധേയം. മലയാളി ആര്‍ട്ടിസ്റ്റിന്റെ ‘പ്രേതഭാഷണം’ എന്നുതന്നെ പേരിട്ട പത്തു ചെറിയതും രണ്ടു വലുതും ഉള്‍പ്പെട്ട ഡ്രോയിങ് പരമ്പര ഒരുക്കാന്‍ സങ്കേതം ഇങ്ക് ഓണ്‍ പേപ്പര്‍, അക്രിലിക് പെയിന്റ്, പേപ്പറും.
ദളിത് വിഷയങ്ങളാണ് തൃപ്പൂണിത്തുറ ആര്‍ എല്‍ വി കോളേജില്‍ അധ്യാപകനായ ജിതിന്‍ലാലിന്റെ രചനകളുടെ നട്ടെല്ല്. ദളിത് മൂവ്‌മെന്റിനോട് ആഭിമുഖ്യണ്ടെങ്കിലും സൗന്ദര്യദര്‍ശനത്തിനു പ്രാമുഖ്യം നല്‍കി വിഷയത്തെ സമീപിക്കുന്ന ശൈലിയാണ് അവലംബിക്കുന്നതെന്ന് ചിത്രകാരന്‍ പറയുന്നു. ഒരു ദൃശ്യത്തിന്റെ രാഷ്ട്രീയത്തെ പ്രസക്തമായി അഭിമുഖീകരിക്കുന്നതിന് അങ്ങനെ കഴിയും.
എന്താണ് ഒരു ദൃശ്യം, എന്താണതിന്റെ സാമൂഹ്യ രാഷ്ട്രീയ പ്രസക്തി, പ്രാതിനിധ്യ സ്വഭാവത്തില്‍ ആഖ്യാനിക്കുമ്പോള്‍ അതെങ്ങനെ പ്രതിഫലിക്കും തുടങ്ങിയ സൗന്ദര്യദര്‍ശകേന്ദ്രീകൃത ചോദ്യങ്ങളെയാണ് താന്‍ പിന്നീട് പിന്‍ചെന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കീഴാളജനങ്ങളുടെ കഷ്ടപ്പാടുകളെ ഗാനരൂപത്തില്‍ അവതരിപ്പിച്ച പൊയ്കയില്‍ അപ്പച്ചനില്‍ നിന്നാണ് സി അയ്യപ്പനില്‍ എത്തിയത്. പാട്ടും പറച്ചിലൊമൊക്കെ ചേര്‍ന്ന പൊയ്കയില്‍ അപ്പച്ചന്റെ അവതരണങ്ങളുടെ ഘടന തന്നെ നന്നായി സ്വാധീനിച്ചു. ചരിത്രമില്ലായ്മയ്ക്ക് എങ്ങനെ ദൃശ്യഭാഷ്യമൊരുക്കാം എന്നായിരുന്നു അപ്പോള്‍ ചിന്തിച്ചത്.
സി അയ്യപ്പന്റെ പ്രേതഭാഷണം എന്ന സങ്കേതമാണ് ജിതിന്‍ലാലിനെ കൂടുതല്‍ ആകര്‍ഷിച്ചത്. ‘കീഴാളഭാഷയുടെ ഭാഗമാണ് പ്രേതത്തിന്റെ സംസാരാമെന്നതൊക്കെ. പ്രേതം സംസാരിക്കുമ്പോള്‍ അതിനു ചരിത്രത്തിന്റെയോ ശരീരത്തിന്റെയോ കെട്ടുപാടുകളുടെ ബാധ്യതയൊന്നുമില്ല. ആ രീതി ആകര്‍ഷകമായി അനുഭവപ്പെട്ടു. അതുകൊണ്ട് അത്തരമൊരു ഭാഷയില്‍ സൗന്ദര്യദര്‍ശനത്തിന്റെ സാധ്യത ആലോചിച്ചു’. ഫോര്‍ട്ട്‌കൊച്ചി ആസ്പിന്‍വാള്‍ ഹൗസിലെ ‘പ്രേതഭാഷണ’ത്തില്‍ മുന്‍ രചനകളുടെ തുടര്‍ച്ചയുണ്ടെന്നും ജിതിന്‍ലാല്‍ പറഞ്ഞു.
തിരുവനന്തപുരം ഫൈന്‍ ആര്‍ട്ട്‌സില്‍ നിന്ന് പെയിന്റിംഗില്‍ ബിരുദവും ബറോഡയില്‍ നിന്ന് എം എഫ് എയും പൂര്‍ത്തിയാക്കിയ ജിതിന്‍ലാലിന്റെ സൃഷ്ടികള്‍ ആലപ്പുഴയില്‍ നടന്ന ‘ലോകമേ തറവാട്’ പ്രദര്‍ശനത്തിലും ഇടംപിടിച്ചതാണ്.