തൃശൂരിന്റെ ഹൃദയവും മനസും തിരിച്ചറിയുന്ന സമ്മാന പൊതിയെന്ന് റവന്യൂ മന്ത്രി
തൃശൂര്‍: തൃശൂര്‍ജില്ലയുടെ സാംസ്‌കാരിക പെരുമയത്രയും കരവിരുതില്‍ ആവാഹിച്ച കലാസൃഷ്ടികളുടെ സമ്മാന പൊതിയുമായി തൃശൂര്‍. പൂരങ്ങളുടെ നാടിന്റെ പ്രതീകമായ ആനയും കേരളീയ തനിമ ചോരാതെ നെയ്തടുത്ത കുത്താമ്പുള്ളി സാരിയും അടക്കം നിരവധി ഉത്പന്നങ്ങള്‍ ‘സോള്‍ ഓഫ് തൃശൂര്‍’ എന്ന സ്മരണികയായി ഇനി സ്വന്തമാക്കാം. ജില്ലയിലെ അഞ്ച് വ്യവസായ സഹകരണ സംഘങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ‘സോള്‍ ഓഫ് തൃശൂര്‍’ പ്രകാശനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സസ്‌നേഹം തൃശൂര്‍ പദ്ധതിയുടെ ഭാഗമായാണ് സമ്മാനപൊതി തയ്യാറാക്കിയത്. തൃശൂരിന്റെ ഹൃദയവും മനസും തിരിച്ചറിയുന്ന സമ്മാന പൊതിയാണ് ‘സോള്‍ ഓഫ് തൃശൂര്‍’ എന്ന് മന്ത്രി പറഞ്ഞു.
ഉത്സവങ്ങളുടെയും ആഘോഷങ്ങളുടെയും അത്ഭുതപൂര്‍ണമായ കൂടിച്ചേരലുകള്‍ നടക്കുന്ന ഇടം കൂടിയാണ് തൃശൂര്‍. നാടിന്റെ സാംസ്‌കാരിക പെരുമയ്ക്ക് മുന്നില്‍ വെയ്ക്കാവുന്ന സമ്മാന പൊതിയാണ് ‘സോള്‍ ഓഫ് തൃശൂര്‍’ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സമൂഹത്തിന്റെ ഓരങ്ങളിലേയ്ക്ക് മാറ്റി നിര്‍ത്തപ്പെട്ട മുഴുവന്‍ മനുഷ്യരെയും മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരാനുള്ള വലിയ പരിശ്രമമാണ് ‘സസ്‌നേഹം തൃശൂര്‍’ പദ്ധതി. നമ്മുടെ പൊതുധാരകളില്‍ നിന്ന് പലവിധ കാരണങ്ങളാല്‍ മാറ്റി നിര്‍ത്തപ്പെടുന്ന വിഭാഗങ്ങളെ പദ്ധതിയുടെ ഭാഗമായി കണ്ടെത്തും.
സമൂഹത്തിലെ പ്രത്യേക പരിഗണന ആവശ്യമുള്ള വിഭാഗങ്ങള്‍ക്ക് തുല്യനീതിയും തുല്യഅവസരങ്ങളും ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. തൃശൂരിന്റെ സാംസ്‌കാരികത്തനിമയെ പ്രതിനിധീകരിക്കുന്ന ഒരു ഗിഫ്റ്റ് ബോക്‌സാണ് സോള്‍ ഓഫ് തൃശൂര്‍. ജില്ലയുടെ ഉത്സവങ്ങളും കലാരൂപങ്ങളും കരകൗശലവസ്തുക്കളും സംസ്‌കാരവുമെല്ലാം നിറയുന്ന ഈ ഗിഫ്റ്റ് ബോക്‌സിലെ ഉല്‍പ്പന്നങ്ങള്‍ ജില്ലാ വ്യവസായകേന്ദ്രത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ച് സഹകരണ സംഘങ്ങള്‍ തയ്യാറാക്കിയവയാണ്. ചേര്‍പ്പ് കാര്‍പെന്റേഴ്‌സ് വ്യവസായ സഹകരണസംഘം രൂപകല്‍പ്പന ചെയ്ത ആന, ഗുരുവായൂര്‍ എളവള്ളി നവഭാരത് ട്രസ്റ്റ് സൊസൈറ്റിയിലെ കരകൗശല വിദഗ്ധര്‍ നിര്‍മിക്കുന്ന നെറ്റിപ്പട്ടം, വെഞ്ചാമരംം, ആലവട്ടം, വര്‍ണ്ണക്കുട, നടവരമ്പ് കൃഷ്ണാ ബെല്‍മെറ്റല്‍ വര്‍ക്കേഴ്‌സ് കോപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാര്‍ വാര്‍ത്തെടുക്കുന്ന മണി, ജില്ലയെ പ്രശസ്തമാക്കുന്ന കുത്താമ്പുള്ളി കൈത്തറി എന്നിവയാണ് അതിലെ ചേരുവകള്‍. കൊടുങ്ങല്ലൂരിലെ കോട്ടപ്പുറം ഇന്റഗ്രേറ്റഡ് ഡെവലപ്‌മെന്റ് സൊസൈറ്റി യിലെ വനിതകളും ഭിന്നശേഷിക്കാരുമായ തൊഴിലാളികള്‍ ചേര്‍ന്ന് തഴപ്പായ കൊണ്ടുണ്ടാക്കുന്ന പ്രകൃതി സൗഹൃദ പെട്ടിയിലാണ് സോള്‍ ഓഫ് തൃശൂര്‍ പായ്ക്ക് ചെയ്യുന്നത്. തൃശൂര്‍ ബ്ലോക്ക് റിസോഴ്‌സ് സെന്ററിനു കീഴില്‍ പരിശീലനം നേടുന്ന ഭിന്നശേഷിക്കാരായ കുട്ടികളാണ് ഇവ സംയോജിപ്പിക്കുന്നത്
സസ്‌നേഹം തൃശൂര്‍’ സംസ്ഥാനത്തിന് മാതൃക: ആര്‍ ബിന്ദു
ജില്ലാ ഭരണകൂടത്തിന്റെ സസ്‌നേഹം തൃശരിന്റെ ഭാഗമായി ഭിന്നശേഷി എംപ്ലോയബിലിറ്റി പ്രോഗ്രാം ഉദ്ഘാടനവും സസ്‌നേഹം ത്യശൂര്‍ ലോഗോ പ്രകാശനവും ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു നിര്‍വഹിച്ചു. സംസ്ഥാനത്തിനാകെ മാതൃകയായ പദ്ധതിയാണ് സസ്‌നേഹം തൃശൂരെന്നും ഭിന്നശേഷിക്കാരാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നത് ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു.
സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള വിവിധ പദ്ധതികളെ ഏകോപിപ്പിക്കാനായാല്‍ തന്നെ വലിയ മാറ്റം സമൂഹത്തിലുണ്ടാക്കാനാകും. ഭിന്നശേഷി വിഭാഗത്തിന് തൊഴിലും വിദ്യാഭ്യാസവും നല്‍കി പുനരധിവസിപ്പിക്കുക എന്നത് പ്രധാനമാണ്. മുഴുവന്‍ ഭിന്നശേഷി യുവതി യുവാക്കള്‍ക്കും തൊഴില്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെ കേരള നോളജ് ഇക്കണോമി മിഷനുമായി കൈകോര്‍ക്കുകയാണ് സാമൂഹ്യ നീതി വകുപ്പ്. അവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന തൊഴിലില്‍ പരിശീലനം നല്‍കി വരുമാനദായകരാക്കുകയാണ് ഉദ്ദേശ്യമെന്നും മന്ത്രി പറഞ്ഞു. തൊഴില്‍ പരിശീലിപ്പിച്ച് വരുമാനദായകമായ സംരംഭം തുടങ്ങാന്‍ ഭിന്നശേഷി കുട്ടികളെ പ്രാപ്തരാക്കുമെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭിന്നശേഷിക്കാര്‍ക്ക് വിതരണം ചെയ്യുന്ന തൊഴില്‍ കാര്‍ഡുകള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍, റേഞ്ച് ഡിഐജി പുട്ട വിമലാദിത്യ, സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകന്‍ എന്നിവര്‍ വിതരണം ചെയ്തു. ഏഴുപേര്‍ക്കാണ് തൊഴില്‍ കാര്‍ഡ് വിതരണം ചെയ്തത്.