ആധുനിക സംവിധാനങ്ങളോടെ എല്ലാ ജില്ലകളിലും കായിക അക്കാദമികള്‍ ആരംഭിക്കും: മന്ത്രി വി. അബ്ദുറഹ്മാന്‍

തിരുവനന്തപുരം: മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ ഉന്നത നിലവാരത്തിലുള്ള കായിക അക്കാദമികള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു. അക്കാദമികള്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി ഈ രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചുള്ള ശില്‍പ്പശാല കാര്യവട്ടം എല്‍ എന്‍ സി പിയില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
മികച്ച കായിക താരങ്ങളെ കണ്ടെത്തുന്നതിനും പരിശീലിപ്പിക്കുന്നതിനും ഉന്നത നിലവാരമുള്ള സംവിധാനങ്ങള്‍ ആവശ്യമാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. മികച്ച കായിക ഉപകരണങ്ങള്‍, സ്വിമ്മിംഗ് പൂള്‍, ജിമ്മുകള്‍, ഭക്ഷണക്രമങ്ങള്‍, മരുന്നുകള്‍, താമസ സൗകര്യം എന്നിവ അക്കാദമിയുടെ ഭാഗമായി ഒരുക്കും. 1400 കോടിയോളം രൂപ കായിക രംഗത്തിന്റെ ഉന്നമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ ബഡ്ജറ്റ്, കിഫ്ബി വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ഇതോടൊപ്പം പ്രീ െ്രെപമറി മുതല്‍ കായിക വിദ്യാഭ്യാസം സിലബസില്‍ ഉള്‍പ്പെടുത്തിയതിന്റെ ഭാഗമായുള്ള പുസ്തകങ്ങള്‍ അടുത്ത അധ്യനവര്‍ഷം മുതല്‍ സ്‌കൂളുകളില്‍ ലഭ്യമാകും.
ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കായിക കോഴ്‌സുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് സര്‍വകലാശാലയുമായി സഹകരിച്ച് കായിക അക്കാദമിയും, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആന്‍ഡ് റിസര്‍ച്ച് സെന്ററും ആരംഭിച്ചു. കേരളത്തിന്റെ കായിക രംഗം 40,000 കോടി രൂപയുടെ സ്വകാര്യ നിക്ഷേപമുള്ള മേഖലയാണെന്ന വസ്തുത മനസിലാക്കണം. ഇതനുസരിച്ചുള്ള തൊഴില്‍ മേഖല തുറന്നു നല്‍കുകയെന്ന സങ്കല്‍പ്പത്തോടെയാണ് കായിക അക്കാദമികള്‍ക്ക് തുടക്കമാകുന്നത്. വര്‍ഷങ്ങളായി കായികമേഖലയ്ക്കു വേണ്ടി ജീവിതം സമര്‍പ്പിക്കുന്നവര്‍ക്ക് ഇത് ആശ്വാസമായിരിക്കും.
നിലവിലുള്ള കളിക്കങ്ങളെ 24 മണിക്കൂറും ഉപയോഗിക്കാനും കായിക രംഗത്തെ നൂതനമായ ആശയങ്ങള്‍ സ്റ്റാര്‍ട്ട് അപ്പ് അടക്കമുള്ള സംരഭങ്ങളിലേക്ക് നയിക്കാനും കഴിയണം. കായിക താരങ്ങള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നതിലുള്‍പ്പെടെ സുതാര്യമായ ഓണ്‍ലൈന്‍ പരിശോധന സംവിധാനങ്ങള്‍ നടപ്പാകും. ഇതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പി എസ് സി ക്കുള്‍പ്പെടെ സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്. ഗുണനിലവാരമുള്ളതും സുതാര്യമായതുമയ തെരഞ്ഞെടുപ്പ്, പരിശീലന സംവിധാനം എന്നിവ കായിക അക്കാദമികളില്‍ സര്‍ക്കാര്‍ ഉറപ്പു വരുത്തും. നിലവിലെ കേരളത്തിന്റെ കായിക രംഗത്തെ പ്രകടനങ്ങളിലെ ദൗര്‍ബല്യങ്ങള്‍ വിലയിരുത്തി മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ ശില്‍പ്പശാലയിലുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സികുട്ടന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഒ.കെ. ബിനീഷ് സ്വാഗതം ആശംസിച്ചു. ടി.പി. ദാസന്‍, എസ്. രാജീവ്, ചന്ദ്രലാല്‍, ബീന മോള്‍, ജി. കിഷോര്‍, പത്മിനി തോമസ്, തോമസ് മാഷ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.