എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9 മുതല്‍, ഹയര്‍സെക്കന്‍ഡറി/വി.എച്ച്.എസ്.ഇ മാര്‍ച്ച് 10 ന് തുടങ്ങും

തിരുവനന്തപുരം: സംസ്ഥാനത്ത് 2022-23 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി പൊതു പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ നടക്കും. ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ മാര്‍ച്ച് 10 ന് തുടങ്ങി 30 ന് അവസാനിക്കും. ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി ഒന്നിനും വി.എച്ച്.എസ്.ഇ രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷ ജനുവരി 25 നും തുടങ്ങും.
പരീക്ഷകള്‍ രാവിലെ 9.30 ന് തുടങ്ങും. ഉച്ചയ്്ക്ീശേഷം പരീക്ഷ ഉണ്ടായിരിക്കില്ല. രണ്ട് പരീക്ഷകള്‍ക്കിടയില്‍ ഒന്നര ദിവസത്തെ ഇടവേളയുണ്ടാകുമെന്നും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എസ്.എസ്.എല്‍.സി മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27 ന് തുടങ്ങി മാര്‍ച്ച് 3 ന് അവസാനിക്കും. ആകെ 4.5 ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് ഇത്തവണ എസ്.എസ്.എല്‍.സി പൊതുപരീക്ഷ എഴുതുക. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് തുടങ്ങി മെയ് 10 നുള്ളില്‍ ഫലപ്രഖ്യാപനമുണ്ടാകും. സംസ്ഥാനത്തൊട്ടാകെ 70 ക്യാമ്പുകളിലായി 9,762 അധ്യാപകര്‍ മൂല്യനിര്‍ണയം നടത്തും.
ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ മാതൃകാ പരീക്ഷകള്‍ ഫെബ്രുവരി 27 ന് തുടങ്ങി മാര്‍ച്ച് 3 ന് അവസാനിക്കും. ആകെ ഒന്‍പത് ലക്ഷത്തില്‍ അധികം വിദ്യാര്‍ഥികളാണ് ഇത്തവണ ഹയര്‍സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതുപരീക്ഷ എഴുതുക. 60,000 വി.എച്ച്.എസ്.ഇ വിദ്യാര്‍ഥികളും പരീക്ഷയെഴുതും. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷാ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്നിന് തുടങ്ങി മെയ് 25 നുള്ളില്‍ ഫലം പ്രഖ്യാപിക്കും. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 82 ക്യാമ്പുകളിലായി 24,000 അധ്യാപകരും വി.എച്ച്.എസ്.ഇയില്‍ എട്ട് ക്യാമ്പുകളിലായി 3,500 അധ്യാപകരും മൂല്യനിര്‍ണയം നടത്തും.
പരീക്ഷക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൊതുവിദ്യാഭ്യാസ വകുപ്പ് മികച്ച രീതിയില്‍ പൂര്‍ത്തിയാക്കിയതിന്റെ തെളിവാണ് നേരത്തെ തന്നെ പരീക്ഷാ തീയ്യതികള്‍ പ്രഖ്യാപിക്കാനായതെന്നു മന്ത്രി പറഞ്ഞു.
കോവിഡ് മൂലം മുടങ്ങിയ ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ക്കുള്ള പുതിയ രീതിയിലുള്ള പരിശീലന പരിപാടി ഡിസംബറില്‍ തുടങ്ങും. ഒരു മാസം നീളുന്ന റസിഡന്‍ഷ്യല്‍ പരിശീലനം ഗവേഷണ സൗകര്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലാ വകുപ്പുകള്‍ എന്നിവിടങ്ങളില്‍ ആയിരിക്കും.
ബോഡി ഷേമിങ്ങിനെതിരെ സ്‌കൂളുകളില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ബോഡി ഷേമിങ്ങ് ഭയന്ന് സ്‌കൂളിലേക്ക് വരാന്‍ മടിക്കുന്ന വിദ്യാര്‍ഥികളുണ്ട്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ദേശീയ സെമിനാര്‍ സംഘടിപ്പിക്കും.
എല്ലാ സ്‌കൂളുകളിലും പച്ചക്കറിത്തോട്ടം പദ്ധതി ജനുവരി 10 നുള്ളില്‍ യാഥാര്‍ഥ്യമാക്കണമെന്ന് മന്ത്രി ശിവന്‍കുട്ടി ആവശ്യപ്പെട്ടു. എല്ലാ സ്‌കൂളുകളിലും പി.ടി.എ, മദര്‍ പി.ടി.എ കമ്മിറ്റികള്‍ നിലവില്‍ വരണം. ചില സ്‌കൂളുകളിലെങ്കിലും പഴയ കമ്മിറ്റികളാണ് തുടരുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയില്‍ 2500 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി മന്ത്രി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ. ജീവന്‍ ബാബു എന്നിവരും പങ്കെടുത്തു.