ഇ.എന്‍.ടി. സര്‍ജന്‍മാരുടെ സംസ്ഥാന സമ്മേളനം’കെന്റ്കോണ്‍–2023′ കൊല്ലത്ത്

സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ നടക്കുന്ന സമ്മേളനത്തിൽ ഇഎന്‍ടി ചികിത്സയുമായി ബന്ധപ്പെട്ട വിജ്ഞാനത്തിന്റെ നൂതന മേഖലകളിലേക്ക് ആഴത്തിൽ കടന്നുചെല്ലുക എന്നതാണ് സമ്മേളനത്തിൻ്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു. ഉദ്ഘാടനം 16-ന് ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ നിർവ്വഹിക്കും..

കൊല്ലം: രാജ്യത്തെ ഇഎന്‍ടി സര്‍ജന്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് ഓട്ടോലറിങ്കോളജിസ്റ്റ് ഓഫ് ഇന്ത്യ(എ.ഒ.ഐ) യുടെ 21–ാമത് സംസ്ഥാന വാര്‍ഷിക സമ്മേളനത്തിന് (കെന്റ്കോണ്‍–2023) ചരിത്ര നഗരിയായ കൊല്ലം വേദിയാകുന്നു. 2023 സെപ്റ്റംബര്‍ 15, 16, 17 തീയതികളില്‍ കൊല്ലം ദി ലീല അഷ്ടമുടി റാവിസ് ഹോട്ടലിലാണ് സമ്മേളനം.

ഇഎന്‍ടി ചികിത്സയുമായി ബന്ധപ്പെട്ട വിജ്ഞാനത്തിന്റെ നൂതനമായ മേഖലകളിലേക്ക് കൂടുതല്‍ കടന്നുചെല്ലുക എന്ന ലക്ഷ്യത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സമ്മേളനത്തിന്റെ ഭാഗമായി വിദഗ്ധരുടെ പ്രഭാഷണങ്ങള്‍, തത്സമയ സര്‍ജറികള്‍, റൗണ്ട് ടേബിള്‍ സിമ്പോസിയങ്ങള്‍ എന്നിവയുണ്ടാകും. ഉപവിഭാഗങ്ങളിലായി പ്രമുഖ ഫാക്കല്‍റ്റികളുടെ നേതൃത്വത്തില്‍ പാനല്‍ ചര്‍ച്ചകള്‍, പേപ്പര്‍–പോസ്റ്റര്‍ അവതരണങ്ങള്‍ എന്നിവയും ക്രിയേറ്റീവ് സെഷനുകളില്‍ ക്വിസ്സ്, ഭവന സന്ദര്‍ശനങ്ങള്‍ തുടങ്ങിയവയുണ്ടാകും. വിവിധ വിഷയങ്ങളില്‍ ഒരേസമയം ഒന്നിലധികം പ്രഭാഷണങ്ങള്‍ നടക്കും.

ലോകപ്രശസ്ത ഇ.എന്‍.ടി വിദഗ്ധരായ ഡോ.വിജയേന്ദ്ര എച്ച്. (ബാംഗ്ലൂര്‍), ഡോ. സുനില്‍ തന്‍വാര്‍ (ജയ്പൂര്‍), ഡോ. സിയോക് മൂണില്‍ (ദക്ഷിണ കൊറിയ), ഡോ. വരുണ്‍ റായ് (ന്യൂ ഡെല്‍ഹി), ഡോ.ഗൗരി ശങ്കര്‍ (ചെന്നൈ), ഡോ.വിദ്യാ സാഗര്‍ (വിജയവാഡ), ഡോ. സുബ്രഹ്‌മണ്യ അയ്യര്‍ (കൊച്ചി), ഡോ.ജയകുമാര്‍ ആര്‍.മേനോന്‍ (തിരുവനന്തപുരം), ഡോ.ഗൗതമന്‍ ഇളംബരതി (ചെന്നൈ), ഡോ. രവി രാമലിംഗം (ചെന്നൈ), ഡോ. സതീഷ് ജെയിന്‍ (ജയ്പൂര്‍), ഡോ.പ്രതമേഷ് പൈ(മുംബൈ), ഡോ. സുബ്രഹ്‌മണ്യ അയ്യര്‍ (കൊച്ചി) എന്നിവര്‍ സമ്മേളത്തില്‍ മുഖ്യാതിഥികളാകും.

സമ്മേളനം 16 ന്  ധനകാര്യ മന്ത്രി കെ. എന്‍. ബാലഗോപാല്‍ ഉദ്ഘാടനംചെയ്യും. എന്‍. കെ. പ്രേമചന്ദ്രന്‍ എംപി മുഖ്യാതിഥിയാകും. അസോസിയേഷന്‍ കേരള ബ്രാഞ്ച് പ്രസിഡന്റ് ഡോ. അരുണ്‍കുമാര്‍ പി.ടി. അധ്യക്ഷനാകും. അസോസിയേഷന്‍ കേരള ബ്രാഞ്ച് പ്രസിഡന്റായി തെരഞ്ഞെടുത്ത ഡോ.
സുനില്‍.ജെയുടെ സ്ഥാനാരോഹണം, മികച്ച അസോസിയേഷന്‍ ബ്രാഞ്ചിനും മികച്ച എംഎസ്, ഡിഎല്‍ഒ വിദ്യാര്‍ഥിക്കുമുള്ള അവാര്‍ഡ് വിതരണം, ഫെല്ലൊഷിപ്പ് ലഭിച്ചവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം എന്നിവ നടക്കും. ഡോ. ജയകുമാര്‍.ആര്‍ മേനാന്‍ രചിച്ച ‘സ്വാളോയിങ് തെറാപ്പി സിംപ്ലിഫൈഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടക്കും. ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സുല്‍ഫി നൂഹു, അസോസിയേഷന്‍ കേരള ബ്രാഞ്ച് സെക്രട്ടറി ഡോ. രമേശ് എന്നിവര്‍ സംസാരിക്കും. അസോസിയേഷന്‍ കൊല്ലം ചാപ്റ്റര്‍ പ്രസിഡന്റ് ഡോ. അശ്വിന്‍ രാജഗോപാല്‍ സ്വാഗതവും കെന്റ്കോണ്‍–2023 ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. അനീഷ് കൃഷ്ണന്‍ നന്ദിയും പറയും.

വാര്‍ത്താസമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ ഡോ. സുനില്‍. ജെ, സംഘാടകസമിതി സെക്രട്ടറി ഡോ.അനീഷ് കൃഷ്ണന്‍ ഡോ. ലക്ഷ്മിപ്രിയ, ഡോ. സഞ്ജു, ഡോ. രഞ്ജിത എന്നിവര്‍ പങ്കെടുത്തു.