അനൗപചാരിക വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗം: മുഖ്യമന്ത്രി

തിരുവനന്തപുരം: അനൗപചാരിക വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായിത്തന്നെയാണു സര്‍ക്കാര്‍ കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസത്തിന്റെ നേട്ടങ്ങള്‍ നിലനില്‍ക്കണമെങ്കില്‍ അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ വൈജ്ഞാനികവും സാംസ്‌കാരികവുമായ അവബോധം സമൂഹത്തില്‍ വളര്‍ത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വിജ്ഞാന വിതരണത്തില്‍ സാക്ഷരതയ്ക്കുള്ള പ്രാധാന്യം തിരിച്ചറിഞ്ഞാണ് എല്ലാവരേയും സാക്ഷരതയിലേക്കും അവിടെനിന്ന് വിജ്ഞാന സാക്ഷരതയിലേക്കും നയിക്കുകയെന്ന ലക്ഷ്യത്തോടെ നാടിനു മുന്നേറാന്‍ കഴിയുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. ഗ്രന്ഥശാലകള്‍, വായനശാലകള്‍, സംവാദാത്മകമായ മറ്റു കൂട്ടായ്മകള്‍ തുടങ്ങിയവയെല്ലാം അനൗപചാരിക വിദ്യാഭ്യാസത്തിനുള്ള ഉപാധികളാണ്. ആ നിലയ്ക്ക് സംസ്ഥാന സാക്ഷരതാ മിഷന്‍ ഒരു അനൗപചാരിക സര്‍വകലാശാലയെന്ന നിലയിലുള്ള പ്രവര്‍ത്തനമാണു നടത്തുന്നത്. മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തെ ഒരു വൈജ്ഞാനിക നൂതനത്വ സമൂഹമാക്കി പരിവര്‍ത്തിപ്പിക്കാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നത്. അതിന്റെ അടിസ്ഥാന ഘടകം സാക്ഷരതയാണ്. മികച്ച സാക്ഷരത കൈവരിച്ച സമൂഹത്തില്‍ മാത്രമേ വിജ്ഞാന വിതരണം സുഗമമായി നടക്കൂ. ഡിജിറ്റല്‍ സാക്ഷരതയ്ക്കും ഇതില്‍ വലിയ പങ്കുണ്ട്. തുടര്‍ വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്‍കുന്നതിനൊപ്പം ഡിജിറ്റല്‍ വിടവുകള്‍ നികത്താനുള്ള ശ്രമവും സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ നടക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. തുടര്‍വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നൈപുണ്യ വികസനവും ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് നിരക്ഷരരായി അവശേഷിക്കുന്ന 15 വയസിനു മുകളിലുളള സ്ത്രീകള്‍, പെണ്‍കുട്ടികള്‍, പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍, ഇതര പിന്നാക്ക വിഭാഗങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍, ഭിന്നശേഷിക്കാര്‍, ട്രാന്‍സ്ജന്‍ഡര്‍ ക്വിയര്‍ വിഭാഗങ്ങള്‍, പ്രത്യേക പരിഗണനാ വിഭാഗങ്ങള്‍, നിര്‍മാണ തൊഴിലാളികള്‍, ചേരി/തീരദേശ നിവാസികള്‍ എന്നിവരില്‍നിന്നു നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുകയും തുടര്‍വിദ്യാഭ്യാസം നല്‍കുകയും ചെയ്യും. ഡിജിറ്റല്‍ മാധ്യമങ്ങളുടെ സഹായത്തോടെയാണു ക്ലാസുകള്‍ നടത്തുന്നത്. ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കാവശ്യമായ ഡിജിറ്റല്‍ ഉളളടക്കം തയ്യാറാക്കുന്നത് കൈറ്റും സാക്ഷരതാ കൈപ്പുസ്തകം തയ്യാറാക്കുന്നത് എസ്.സി.ഇ.ആര്‍.ടിയും ആണ്. വിവിധ വകുപ്പുകള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തുല്യതാ അധ്യാപകര്‍/പഠിതാക്കള്‍ എന്നിവരുടെ സഹകരണത്തോടെയാകും പദ്ധതിയുടെ പ്രവര്‍ത്തനം.
തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ നടന്ന സംസ്ഥാനത ഉദ്ഘാടന ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, മേയര്‍ ആര്യ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, കൗണ്‍സിലര്‍ പാളയം രാജന്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ. ജീവന്‍ ബാബു, എസ്.സി.ഇ.ആര്‍.ടി. ഡയറക്ടര്‍ ഡോ. കെ.ആര്‍. ജയപ്രകാശ്, കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത്, സ്‌കോള്‍ കേരള വൈസ് ചെയര്‍മാന്‍ ഡോ. പി. പ്രമോദ്, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ എ.ജി. ഒലീന തുടങ്ങിയവര്‍ പങ്കെടുത്തു.