ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണു സംസ്ഥാന സ്‌കൂള്‍ കായികമേള: മുഖ്യമന്ത്രി

സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിനു തുടക്കമായി

തിരുവനന്തപുരം: ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണു സംസ്ഥാന സ്‌കൂള്‍ കായികമേളയെന്നും ഇതു മുന്‍നിര്‍ത്തി സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 64ാമതു സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിദ്യാഭ്യാസരംഗത്തെ സമഗ്ര മുന്നേറ്റത്തിനു കായികപരമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നു മുഖ്യമന്ത്രി പറഞ്ഞു. വിവിധ കായിക പരിപാടികളിലൂടെ വിദ്യാര്‍ഥികളുടെ നിലവാരം ഉയര്‍ത്തുന്നതിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായി 10 മുതല്‍ 12 വയസ് വരെയുളള അഞ്ച് ലക്ഷം വിദ്യാര്‍ഥികള്‍ക്ക് 1000 കേന്ദ്രങ്ങളിലൂടെ ഫുട്‌ബോള്‍ പരിശീലനം നല്‍കും. ജൂഡോയ്ക്കു വേണ്ടി ജൂഡോക്കോ എന്ന പദ്ധതിയും ബോക്‌സിങ്ങിന് വേണ്ടി പഞ്ച് എന്ന പദ്ധതിയും സ്‌കൂള്‍തലത്തില്‍ ആരംഭിച്ചുകഴിഞ്ഞു. ദേശീയ അത്‌ലറ്റിക് ഫെഡറേഷനുമായി ചേര്‍ന്ന് 5000 വിദ്യാര്‍ഥികള്‍ക്ക് അത്‌ലറ്റിക് പരിശീലനം നല്‍കും. ഇതിന്റെ ആദ്യഘട്ടമായി 10 സ്‌കൂളുകളില്‍ സ്പ്രിന്റ് എന്ന പദ്ധതി ആരംഭിച്ചു കഴിഞ്ഞു.
കണ്ണൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ മാതൃകയില്‍ കുന്നംകുളത്ത് സ്‌പോര്‍ട്‌സ് ഡിവിഷന്‍ സ്ഥാപിക്കും. കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്‌കൂളിനെ സ്‌പോര്‍ട്‌സ് സ്‌കൂളായി ഉയര്‍ത്തുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ക്രമീകരിച്ചു വരികയാണ്. കായിക ഡയറക്ടറേറ്റിന്റെയും സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സഹകരണത്തോടെ മൂന്നു ഫുട്‌ബോള്‍ അക്കാദമികള്‍ സ്ഥാപിക്കുന്നതില്‍ രണ്ടെണ്ണം പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ളതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


കോവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷം കായിക മേള സംഘടിപ്പിക്കാന്‍ കഴിഞ്ഞില്ല. കോവിഡിന്റെ ബുദ്ധിമുട്ടുകള്‍ ഏറ്റവുമധികം നേരിട്ട വിഭാഗം കുട്ടികളായിരുന്നു. ഒത്തുചേരുവാനും വിനോദങ്ങളിലേര്‍പ്പെടുവാനും കഴിയാത്ത സാഹചര്യമുണ്ടായി. ഭീതി പൂര്‍ണമായും ഒഴിവായിട്ടില്ലെങ്കിലും കായിക മേളയുമായി ഒത്തുചേരാന്‍ കഴിഞ്ഞത് സന്തോഷകരമാണ്. ആരോഗ്യകരമായ മത്സരത്തിലൂടെ മികച്ച പ്രകടനം നടത്താന്‍ എല്ലാ കായിക താരങ്ങള്‍ക്കും കഴിയട്ടെയെന്നും മുഖ്യമന്ത്രി ആശംസിച്ചു.


‘സേ നോ ടു ഡ്രഗ്’ എന്ന മുദ്രാവാക്യമുയര്‍ത്തിയാണു കായിക താരങ്ങള്‍ മാര്‍ച്ച് പാസ്റ്റില്‍ അണിനിരന്നത്. ജില്ല അടിസ്ഥാനത്തിലുള്ള മാര്‍ച്ച് പാസ്റ്റില്‍ മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. ഒളിമ്പ്യന്‍ മുഹമ്മദ് അനസ് യഹിയ ദീപശിഖ തെളിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ മുഖ്യതിഥിയായി. മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.