ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും

 

തിരുവനന്തപുരം: തിരുവനന്തപുരത്തെ തോന്നയ്ക്കലിലെ ലൈഫ് സയന്‍സ് പാര്‍ക്കില്‍ വാക്‌സിന്‍ ഉല്‍പ്പാദന യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ഡോ. എസ്. ചിത്ര ഐ.എ.എസിനെ വാക്‌സിന്‍ നിര്‍മ്മാണ പ്രോജക്ടിന്റെ പ്രോജക്ട് ഡയറക്ടറായി നിയമിക്കും. ഡോ. കെ.പി. സുധീര്‍ (ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി) ചെയര്‍മാനും ഡോ. ബി. ഇക്ബാല്‍ (സ്റ്റേറ്റ് ലെവല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി കോവിഡ് മാനേജ്‌മെന്റ്), ഡോ. വിജയകുമാര്‍ (വാക്‌സിന്‍ വിദഗ്ദ്ധന്‍, ഡോ. റെഡ്ഡീസ് ലബോറട്ടറി, ഹൈദരാബാദ്), ഡോ. രാജന്‍ ഖോബ്രഗഡെ(പ്രിന്‍സിപ്പല്‍ സെക്രട്ടറി, ആരോഗ്യ കുടുംബക്ഷേമ വകുപ്പ്), ഡോ. രാജമാണിക്യം (മാനേജിംഗ് ഡയറക്ടര്‍ കെ.എസ്.ഐ.ഡി.സി.) എന്നിവര്‍ മെമ്പര്‍മാരായി വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും. പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനും പെട്ടെന്നു തന്നെ വാക്‌സിന്‍ ഉല്‍പ്പാദനം സാധ്യമാക്കുന്നതിനും വര്‍ക്കിംഗ് ഗ്രൂപ്പിനെ ചുമതലപ്പെടുത്തി.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അഡീഷണല്‍ സ്റ്റേറ്റ് പബ്ലിക് പ്രോസിക്യൂട്ടറുമായി അഡ്വ. ഗ്രേഷ്യസ് കുര്യാക്കോസിനെ നിയമിക്കും.
സ്റ്റേറ്റ് അറ്റോര്‍ണിയായി അഡ്വ. എന്‍. മനോജ് കുമാറിനെ നിയമിക്കും.
ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറായി സേവനമനുഷ്ഠിക്കുന്ന പി. നാരായണനെ അധിക സാമ്പത്തിക ബാധ്യത കൂടാതെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കാന്‍ തീരുമാനിച്ചു.
അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍മാരായി അഡ്വ. അശോക് എം. ചെറിയാന്‍, അഡ്വ. കെ.പി. ജയചന്ദ്രന്‍ എന്നിവരെ നിയമിക്കും.
കാസര്‍കോട്, കിനാനൂര്‍ കരിന്തളം സര്‍ക്കാര്‍ കോളേജിന്റെ കെട്ടിടനിര്‍മ്മാണം കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.
റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് കീഴില്‍ ഉള്‍പ്പെടുത്തി വിവിധ വകുപ്പുകള്‍ സമര്‍പ്പിച്ച പദ്ധതികള്‍ മന്ത്രിസഭ അംഗീകരിച്ചു. ചേര്‍ത്തല മുനിസിപ്പാലിറ്റിയില്‍ സെപ്‌റ്റേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനായുള്ള പദ്ധതി 5.25 കോടി രൂപ ചെലവില്‍ നടപ്പാക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കി. കുട്ടനാട്ടിലെ വൈദ്യുത പ്രസരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ഏറ്റെടുക്കാന്‍ തീരുമാനിച്ച പദ്ധതിയുടെ ചെലവ് 42.60 കോടിരൂപയില്‍ നിന്ന് 53.55 കോടിരൂപയായി പുതുക്കുന്നതിനും അംഗീകാരം നല്‍കി.
ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് ലിമിറ്റഡ് കമ്പനിയെ 100 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനിയാക്കി മാറ്റുവാന്‍ തീരുമാനിച്ചു.
സംസ്ഥാനത്തെ 27 താല്‍ക്കാലിക ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മിജിസ്‌ട്രേറ്റ് കോടതികളെ സ്ഥിരം കോടതികളാക്കാന്‍ തീരുമാനിച്ചു. ഓരോ കോടതിയ്ക്കും 10 തസ്തികകള്‍ അനുവദിക്കും.
തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെയുള്ള സെമി ഹൈസ്പീഡ് റെയില്‍ പദ്ധതിയ്ക്ക് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവാദം നല്‍കി. സംസ്ഥാന വിഹിതമായി 2100 കോടി രൂപ കിഫ്ബിയില്‍ നിന്നും ഭൂമി ഏറ്റെടുക്കല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ എടുക്കുന്നതിന് ഭരണാനുമതി നല്‍കാന്‍ തീരുമാനിച്ചു.