തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന എബിസി ചട്ടങ്ങള്‍ 2023 നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന പ്രായോഗിക തടസങ്ങള്‍ ഒഴിവാക്കുന്നതിന് ആവശ്യമായ മാറ്റം ചട്ടങ്ങളില്‍ വരുത്താന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. സംസ്ഥാന മൃഗക്ഷേമ ബോര്‍ഡിന്റെ മൂന്നാമത് യോഗത്തിനു ശഷം തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
തെരുവുനായ പ്രശ്‌നം രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നത്. തെരുവ് നായ്ക്കളിലെ പേവിഷ പ്രതിരോധ വാക്‌സിനേഷന്‍ 2022 സെപ്റ്റംബറില്‍ ആരംഭിക്കുകയും ഇതുവരെ 33363 തെരുവ് നായകള്‍ക്ക് അടിയന്തിര വാക്‌സിനേഷന്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഈ കാലയളവില്‍ 4.7 ലക്ഷം വളര്‍ത്തു നായ്ക്കള്‍ക്കും പ്രതിരോധ കുത്തിവെപ്പ് നല്‍കിയിട്ടുണ്ട്. ഇത് കൂടാതെ 2022 ഏപ്രില്‍ 1 മുതല്‍ 2023 മേയ് 31 വരെയുള്ള കാലയളവില്‍ 18,852 തെരുവ് നായ്ക്കളില്‍ എ ബി സി പദ്ധതി നടപ്പിലാക്കിയിട്ടുമുണ്ട്.
എബിസി ചട്ടങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗീകൃത മൃഗ ക്ഷേമ സംഘടനകളുടെ യോഗം ജൂലൈ 11 ന് ഉച്ചകഴിഞ്ഞ് മൂന്നിനു വിളിച്ചു ചേര്‍ക്കുമെന്ന് മന്ത്രി അറിയിച്ചു.
എ ബി സി കേന്ദ്രങ്ങള്‍ ഇല്ലാത്ത ജില്ലകളില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ സഹായത്തോടെ സ്ഥലം കണ്ടെത്തുന്നതിന് തദ്ദേശ സ്വയംഭരണ വകുപ്പിനോട് ആവശ്യപ്പെട്ടു. മൃഗസംരക്ഷണ വകുപ്പ് കണ്ടെത്തിയ 170 ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ച് തെരുവുനായ്ക്കളുടെ വാക്‌സിനേഷന്‍ ഊര്‍ജിതമായി നടപ്പിലാക്കുവാന്‍ ആവശ്യമായ ക്രമീകരണം ചെയ്യുവാന്‍ മൃഗസംരക്ഷണ വകുപ്പിനോടും തദ്ദേശസ്വയംഭരണ വകുപ്പിനോടും ആവശ്യപ്പെടും. വളര്‍ത്തു നായ്ക്കള്‍ക്ക് ലൈസന്‍സ്, നിര്‍ബന്ധിത പേവിഷപ്രതിരോധ കുത്തിവെപ്പ് എന്നിവ നടപ്പിലാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെടാനും പെറ്റ് ഷോപ്പുകള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കാനും സംസ്ഥാന മൃഗക്ഷേമ ബോര്‍ഡ് യോഗത്തില്‍ തീരുമാനമായതായി മന്ത്രി പറഞ്ഞു.