കേരള ജീനോം ഡാറ്റ സെന്റര്‍, മൈക്രോബയോം സെന്റര്‍ ഓഫ് എക്‌സലന്‍സ് പദ്ധതികള്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു

തിരുവനന്തപുരം: ആരോഗ്യരംഗത്ത് രാജ്യത്തിന് മാതൃകയായ പരിപ്രേക്ഷ്യം അവതരിപ്പിച്ച കേരളത്തിന്റെ നേട്ടം ഭാവിയിലും തുടരാന്‍ ഉതകുന്ന രണ്ട് പദ്ധതികള്‍ തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു; കേരള ജീനോം ഡാറ്റ സെന്ററും മൈക്രോബയോം സെന്റര്‍ ഓഫ് എക്‌സലന്‍സും. കെഡിസ്‌ക് ഇന്നൊവേഷന്‍ ഡേയുടെ സമാപന ചടങ്ങിലാണ് ഭാവിയെ നിര്‍ണയിക്കുന്ന ഇരു പദ്ധതികളും അവതരിപ്പിച്ചത്. രോഗങ്ങള്‍ തടയുന്നതിലും ചികിത്സ ലഭ്യമാക്കുന്നതിലും നൂതന സാധ്യതകള്‍ തുറക്കുന്ന മേഖലയാണ് ജീനോമിക്‌സ് എന്നും ഈ രംഗത്തെ കേരളത്തിന്റെ ചുവടുവെപ്പാണ് ജീനോം ഡാറ്റ സെന്റര്‍ എന്നും പദ്ധതികള്‍ അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.
‘വരും കാലത്തെ ആരോഗ്യപ്രശ്‌നങ്ങള്‍, ജനിതക പ്രശ്‌നങ്ങള്‍ എന്നിവയുടെ പഠനങ്ങളും ഗവേഷണങ്ങളും ആണ് ജീനോം ഡാറ്റ സെന്റര്‍ വഴി ലക്ഷ്യമിടുന്നത്. പുതിയ ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം, സസ്യങ്ങള്‍, മൃഗങ്ങള്‍, സൂക്ഷ്മാണുക്കള്‍ എന്നിവയുടെ ജനിതകം എന്നിവയെക്കുറിച്ച് ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടക്കും. അഞ്ച് വര്‍ഷത്തില്‍ 500 കോടി രൂപയാണ് സെന്ററിന് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 50 കോടി ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്,’ മുഖ്യമന്ത്രി പറഞ്ഞു. മൈക്രോബയോമുകളെക്കുറിച്ചുള്ള പഠനം കോവിഡിന്റെ പശ്ചാത്തലത്തില്‍ അതീവ പ്രാധാന്യമുള്ളതാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
വര്‍ദ്ധിച്ചുവരുന്ന രോഗാതുരത, വാര്‍ദ്ധക്യകാല രോഗങ്ങള്‍, വാര്‍ദ്ധക്യ രോഗങ്ങളുടെ പ്രതിരോധം, മനുഷ്യന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കല്‍ എന്നിവ മൈക്രോബയോം ഗവേഷണ മേഖലയില്‍ വരുന്നതാണ്. ഗവേഷണങ്ങള്‍ക്ക് ഫലമുണ്ടായാല്‍ പല രോഗങ്ങളെയും പ്രതിരോധിക്കാന്‍ സാധിക്കും. അഞ്ച് കോടി രൂപയാണ് മൈക്രോബയോം സെന്റര്‍ ഓഫ് എക്‌സലന്‍സിന്റെ പ്രാരംഭ ചെലവുകള്‍ക്കായി നീക്കിവെച്ചത്.
നൂതനസാങ്കേതിക വിദ്യാ പ്രോത്സാഹനം നയം ഒരു അജണ്ടയായി പ്രഖ്യാപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഡിസ്‌ക് രൂപീകരിച്ചത് ആ ഉദ്ദേശ്യത്തിലാണ്. നൂതന വിദ്യാ രംഗത്തെ മുന്നേറ്റത്തിന് അടിത്തറ ഒരുക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആ ലക്ഷ്യം മുന്‍നിര്‍ത്തിയാണ് കേരള നോളജ് ഇക്കോണമി മിഷന്‍ സ്ഥാപിച്ചത്. മിഷന്‍ മുഖേന നാല് വര്‍ഷത്തിനുള്ളില്‍ 35 ലക്ഷം അഭ്യസ്തവിദ്യര്‍ക്ക് നൈപുണ്യ പരിശീലനം ലഭ്യമാക്കും. അതില്‍ 20 ലക്ഷം പേര്‍ക്കെങ്കിലും തൊഴില്‍ ലഭ്യമാക്കാനാണ് പ്രാരംഭമായി ലക്ഷ്യമിട്ടിട്ടുള്ളത്. നമ്മുടെ കുട്ടികള്‍ നൂതന സാങ്കേതികവിദ്യയില്‍ താല്പര്യമുള്ളവരായി മാറണം. അതിനുള്ള ബഹുമുഖ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ചടങ്ങില്‍ വ്യവസായ മന്ത്രി പി രാജീവ് അധ്യക്ഷത വഹിച്ചു. കേരളം വൈജ്ഞാനിക സമ്പദ് വ്യവസ്ഥയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അറിവാണ് നമ്മുടെ മൂലധനം. കഴിഞ്ഞ 30 വര്‍ഷം ഐ.ടി മേഖലയുടേത് ആയിരുന്നെങ്കില്‍ ഇനിയുള്ള 30 വര്‍ഷം ബയോടെക്‌നോളജിയുടേതാണ്. ജൈവവൈവിധ്യത്തില്‍ സമ്പന്നമായ കേരളം ഈ സാധ്യത ഉപയോഗിക്കാനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി രാജീവ് ചൂണ്ടിക്കാട്ടി.
ചടങ്ങില്‍ മികച്ച നൂതന ആശയങ്ങള്‍ സമര്‍പ്പിച്ചവര്‍ക്ക് മുഖ്യമന്ത്രി അവാര്‍ഡുകള്‍ വിതരണം ചെയ്തു. സിറ്റിസണ്‍ സാറ്റിസ്ഫാക്ഷന്‍ സര്‍വേ എന്ന ആശയം സമര്‍പ്പിച്ച ജി.എസ്.ടി വകുപ്പിലെ ഡെപ്യൂട്ടി കമ്മീഷണര്‍ ഷാഹുല്‍ ഹമീദ് ഒരു ലക്ഷം രൂപ ക്യാഷ് െ്രെപസ് നേടി. വകുപ്പുതലത്തില്‍ ഒന്നാമതെത്തിയ ജി.എസ്.ടി വകുപ്പിന് അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് െ്രെപസ് കൈമാറി. യംഗ് എന്റര്‍പ്രണേഴ്‌സ് പ്രോഗ്രാം 4.0 യില്‍ ആകെ 944 ആശയങ്ങളാണ് ലഭിച്ചത്. ഇതില്‍ സ്‌കൂള്‍ തലത്തില്‍ കൂടുതല്‍ ആശയങ്ങള്‍ നല്‍കിയ കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കണ്ണൂര്‍, കോളജ് തലത്തില്‍ സെന്റ് കിറ്റ്‌സ് കോളജ് ഓഫ് അപ്ലൈഡ് സയന്‍സ് കോട്ടയം, സര്‍വകലാശാലാ തലത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാല എന്നിവ അവാര്‍ഡുകള്‍ നേടി. ഔട്ട്സ്റ്റാന്‍ഡിംഗ് പെര്‍ഫോമര്‍ വിഭാഗത്തില്‍ കോട്ടയം അമല്‍ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിങ് ഒന്നാമതെത്തി.
സ്‌കൂള്‍ തലത്തിലെ മികച്ച ഫെസിലിറ്റേറ്റര്‍ ആയി കടമ്പൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റോഷിത കെ.വി, കോളജ് തലത്തില്‍ അമല്‍ജ്യോതി കോളജിലെ ഷെറിന്‍ സാം ജോസ്, സര്‍വകലാശാലാ തലത്തില്‍ കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. മെറിന്‍ പത്രോസ് എന്നിവര്‍ അവാര്‍ഡുകള്‍ സ്വീകരിച്ചു.
ജില്ലാ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ ആശയങ്ങള്‍ സമര്‍പ്പിച്ചത് കോട്ടയമാണ്. പരിപാടിയില്‍ വി.കെ പ്രശാന്ത് എം.എല്‍.എ, കെഡിസ്‌ക് മെമ്പര്‍ സെക്രട്ടറി ഡോ. പി.വി ഉണ്ണികൃഷ്ണന്‍, എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. കെ.എം എബ്രഹാം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍, സാം സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്തു.