തിരുവനന്തപുരം: ജനങ്ങള്‍ക്ക് അവകാശങ്ങളും അര്‍ഹമായ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിനു സര്‍ക്കാര്‍ ഓഫിസുകളിലെ ഫയലുകളിലെ തീരുമാനം നീതിപൂര്‍വകവും സുതാര്യവും വേഗത്തിലുമാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്. അഴിമതിരഹിത സിവില്‍ സര്‍വീസ് എന്ന ലക്ഷ്യം പരമപ്രധാനമാണ്. പൊതുസേവനത്തിലെ അഴിമതി തുടച്ചുനീക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. തീരുമാനമെടുക്കുന്നതിലെ കാലതാമസവും പ്രശ്നപരിഹാരം മാറ്റിവയ്ക്കുന്നതും ചെയ്യുന്ന ജോലിയോടുള്ള നീതികേടും അഴിമതിയുംതന്നെയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകളിലെ കെട്ടിക്കിടക്കുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്ര യജ്ഞത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ജീവനക്കാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊതുസമൂഹത്തിന്റെയും സര്‍ക്കാര്‍ സംവിധാനത്തിന്റെയും പ്രതിനിധികള്‍ എന്ന നിലയില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കു ഭാരിച്ച ഉത്തരവാദിത്തമാണു സമൂഹത്തോടുള്ളതെന്നു മുഖ്യമന്ത്രി പറഞ്ഞു. സമയബന്ധിതമായും കാര്യക്ഷമമായും ഫയല്‍ തീര്‍പ്പാക്കുന്നതു സര്‍ക്കാര്‍ സേവനത്തിന്റെ അവിഭാജ്യഘടകമാണ്. ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യത്തിന്റെ പേരില്‍ ഇനിയും ഫയല്‍ തീര്‍പ്പാക്കല്‍ യജ്ഞങ്ങള്‍ ആവശ്യമായി വരരുത്. സര്‍ക്കാര്‍ നയപരിപാടികള്‍ നടപ്പാക്കുന്നതു ജീവനക്കാരിലൂടെയാണ്. കാര്യക്ഷമവും ശുഷ്കാന്തിയുള്ളതുമായ സിവില്‍ സര്‍വീസ് ഭരണത്തിന്റെ പ്രതിച്ഛായ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവൃത്തികളാണു സര്‍ക്കാരിനോടുള്ള ജനങ്ങളുടെ കാഴ്ചപ്പാടിന്റെ അടിസ്ഥാനം.
കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ ഇ-ഗവേണന്‍സ് സേവന റിപ്പോര്‍ട്ടില്‍ കേരളം ഒന്നാം സ്ഥാനത്താണ്. സംസ്ഥാന സര്‍ക്കാര്‍ പോര്‍ട്ടലുകളുടെ കാര്യക്ഷമതയിലും കേരളം ഒന്നാമതാണ്. വിവരസാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സര്‍ക്കാര്‍ സേവനങ്ങളുടെ കൂടുതല്‍ മെച്ചപ്പെട്ട നിര്‍വഹണം സാധ്യമാക്കാന്‍ കഴിഞ്ഞതുകൊണ്ടാണ് ഈ നേട്ടം സാധ്യമായത്. ജീവനക്കാരുടെ പരിശ്രമത്തിനുള്ള അംഗീകാരംകൂടിയാണിത്. കോവിഡിന്റെ പ്രത്യാഘാതം സര്‍ക്കാര്‍ ഓഫിസുകളുടെ പ്രവര്‍ത്തനത്തെ ഗണ്യമായി ബാധിച്ചിട്ടുണ്ട്. ഇതുകൂടി മുന്‍നിര്‍ത്തിയാണ് ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 30 വരെ നീളുന്ന ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നത്.
സെക്രട്ടേറിയറ്റ് മുതല്‍ വില്ലേജ് ഓഫിസ് വരെയുള്ള മുഴുവന്‍ സര്‍ക്കാര്‍ ഓഫിസുകളിലും ഓഫിസ് മേധാവിമാരുടെ ചുമതലയില്‍ ഫയല്‍ തീര്‍പ്പാക്കല്‍ ഫലപ്രദമായി നടക്കണം. പ്രാദേശിക ഓഫിസുകളുടെ പ്രവര്‍ത്തന പുരോഗതി ജില്ലാ, റീജിയണല്‍ ഓഫിസുകള്‍ വിലയിരുത്തണം. വകുപ്പിന്റെ മൊത്തത്തിലുള്ള പുരോഗതി വകുപ്പ് മേധാവി ഇടവേളകള്‍ നിശ്ചയിച്ചു വിലയിരുത്തണം. സെക്രട്ടേറിയറ്റിലെ തീര്‍പ്പാക്കലിന്റെ ചുമതല ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറിമാര്‍ക്കായിരിക്കും. സംസ്ഥാനതലത്തില്‍ എല്ലാ വകുപ്പുകളുടെയും പ്രവര്‍ത്തനത്തിന്റെ മേല്‍നോട്ടം ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനായിരിക്കും. ഇക്കാര്യം ചീഫ് സെക്രട്ടറിയും വകുപ്പ് മന്ത്രിമാരും മുന്‍കൂട്ടി നിശ്ചയിച്ചതനുസരിച്ച് അവലോകനം ചെയ്യും. വകുപ്പുതലത്തിലുള്ള തീര്‍പ്പാക്കലിനോടൊപ്പം, ജില്ലാതലത്തിലും മേല്‍നോട്ട സംവിധാനമുണ്ടാകും. എല്ലാ വകുപ്പുകളിലെയും പ്രവര്‍ത്തനം ശരിയായ രീതിയില്‍ നടക്കുന്നുണ്ടോ എന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ജില്ല, റീജിയണല്‍ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധിക്കും. ഓരോ ജില്ലയ്ക്കും മന്ത്രിമാര്‍ക്ക് ചുമതലയുണ്ടാകും. മന്ത്രിസഭയില്‍ ഇതു വിലയിരുത്തും. സര്‍ക്കാര്‍ ഇതിനെ വളരെ പ്രാധാന്യത്തോടെയാണു കാണുന്നതെന്നും വീഴ്ച വരുത്താതെ ഗൗരവമായി വിജയിപ്പിക്കുന്നതിനു ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫയലുകള്‍ യാന്ത്രികമായി തീര്‍പ്പാക്കുന്ന സ്ഥിതിയുണ്ടാകരുത്. ഓരോ ഓഫിസിലും നിലവിലുള്ള പെന്റിങ് ഫയലുകളുടെ എണ്ണം തയ്യാറാക്കണം. ഓരോ മാസവും കൂട്ടിച്ചേര്‍ക്കുന്ന ഫയലുകളുടെ എണ്ണവും തീര്‍പ്പാക്കുന്ന ഫയലുകളുടെ എണ്ണവും കണക്കെടുത്ത് ഓരോ മാസവും വിലയിരുത്തണം. ഇതിനായി, ഒരു പദ്ധതിയും ആക്ഷന്‍ പ്ലാനും ഉള്‍പ്പെടെ തയാറാക്കി ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവ് കൃത്യമായി പാലിക്കണം. നിലവിലുള്ള ചട്ടങ്ങളുടെയോ നടപടിക്രമങ്ങളുടെയോ സങ്കീര്‍ണതമൂലം ജനകീയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനു കാലതാമസമോ തടസമോ ഉണ്ടാകുന്നുണ്ടെങ്കില്‍ അവ വകുപ്പുതലത്തില്‍ തയാറാക്കി സമാഹരിച്ചു ചീഫ് സെക്രട്ടറിയുടെ ശ്രദ്ധയില്‍പ്പെടുത്തണം. ഭരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ ഭാഗത്തുനിന്ന് ഇത്തരം നിര്‍ദേശങ്ങള്‍ ഉരുത്തിരിഞ്ഞുവരുന്നതു സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കും. ജനങ്ങള്‍ക്ക് സേവനം വേഗത്തില്‍ ലഭ്യമാക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ഒരു മാസത്തില്‍ ഒരു അവധി ദിവസം പൂര്‍ണമായി ഫയല്‍ തീര്‍പ്പാക്കലിനായി മാറ്റിവയ്ക്കുന്നതും ഗൗരവമായി ആലോചിക്കാവുന്നതാണ്.
ഓരോ നിയമസഭയിലും നിയമസഭാ സമ്മേളനത്തിനു മുന്‍പു നല്‍കേണ്ട മറുപടികള്‍ ആ സമയപരിധിക്കുള്ളില്‍ത്തന്നെ നല്‍കേണ്ടത് അനിവാര്യമാണ്. നിയമസഭയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇലക്ട്രോണിക് ഫയലുകളായി തന്നെ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കണം. കോടതി കേസുകളുടെ നടത്തിപ്പിലും വിധി നടപ്പാക്കലിലും മേല്‍നോട്ടത്തിലും ഉള്ള കാര്യക്ഷമത ഉറപ്പാക്കാന്‍ വകുപ്പിലും ഓരോ വകുപ്പ് മേധാവികളുടെ ഓഫിസിലും പ്രത്യേക സംവിധാനമൊരുക്കണം. ഇക്കാര്യത്തില്‍ വകുപ്പ് സെക്രട്ടറിമാരും ചീഫ് സെക്രട്ടറിയും അടിയന്തര നടപടി സ്വീകരിക്കും. കേസ് നടത്തിപ്പിലെ പോരായ്മയോ, സര്‍ക്കാര്‍ വക്കീല്‍•ാരുടെ അനാസ്ഥയോ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട സെക്രട്ടറിമാരെ അറിയിക്കണം. സെക്രട്ടറിമാര്‍ ഇക്കാര്യം അഡ്വക്കേറ്റ് ജനറലിന്റെ ശ്രദ്ധയില്‍പ്പെടുത്തണം. കോടതിയലക്ഷ്യ നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യം ഒഴിവാക്കണം. അക്കൗണ്ടന്റ് ജനറലിന്റെ ആഡിറ്റ് റിപ്പോര്‍ട്ടുകള്‍ക്ക് സമയത്തിന് മറുപടി നല്‍കാത്ത അവസ്ഥ ഉണ്ടാകരുത്.
വിവിധ വിഭാഗങ്ങളിലെ ജോലിഭാരം പരിശോധിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ വരുത്തുന്നതിനായി സെക്രട്ടേറിയറ്റില്‍ പൊതുഭരണ വകുപ്പ് പഠനം നടത്തി നടപടി സ്വീകരിച്ചിട്ടുണ്ട്. ധനവകുപ്പിലും നിയമവകുപ്പിലും പഠനം നടന്നുവരികയാണ്. ഇത് എല്ലാ വകുപ്പുതലത്തിലും നടപ്പാക്കണം. സര്‍വീസിന് ആവശ്യമായ തസ്തികകള്‍ കൂട്ടുന്നതിനും അനിവാര്യമല്ലാത്ത തസ്തികകള്‍ കുറവു വരുത്തി ക്രമീകരിക്കുന്നതിനും ഇത് സഹായിക്കും. ജീവനക്കാരുടെ എണ്ണം കുറയ്ക്കുക എന്നതു സര്‍ക്കാരിന്റെ നയമല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ജീവനക്കാരുടെ കാര്യക്ഷമത പ്രധാനപ്പെട്ട വിഷയമാണെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ വകുപ്പുകളില്‍ കാര്യക്ഷമത നിശ്ചയിക്കുന്നത് എളുപ്പമല്ല. ഉല്‍പ്പാദനമേഖലകളില്‍ ഉല്‍പ്പാദനത്തില്‍ പങ്കാളികളാകുന്നവരുടെ ആളോഹരിയാണ് കാര്യക്ഷമതയായി കണക്കാക്കപ്പെടുന്നത്. സര്‍ക്കാര്‍ വകുപ്പുകളില്‍ ഒരു ഉദ്യോഗസ്ഥന് എത്ര ഫയലുകള്‍ തീര്‍പ്പാക്കി എന്നതു മാത്രം കാര്യക്ഷമതയുടെ മാനദണ്ഡമാവില്ല. സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ അടങ്ങുന്ന ഫയലുകള്‍ യാന്ത്രികമായ ചോദ്യങ്ങളോ സംശയങ്ങളോ ഉന്നയിച്ച് കീഴ്ത്തട്ടിലേക്കോ മുകള്‍ത്തട്ടിലേക്കോ അയയ്ക്കുന്നത് അനഭിലഷണീയമായ പ്രവണതയാണ്. ഉദ്യോഗസ്ഥ ശ്രേണിയിലുള്ള ഒരാള്‍ ഇങ്ങനെ ചെയ്താല്‍ ഫയലില്‍ തീരൂമാനമെടുക്കുന്നതിനെ പ്രതികൂലമായി ബാധിക്കും.
സേവനങ്ങള്‍ക്കായി ജനങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ തേടി ഓഫിസുകളില്‍ എത്തുന്നതിനു പകരം സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കണമെന്ന നയമാണ് സര്‍ക്കാരിനുള്ളത്. സര്‍ക്കാര്‍ ലഭ്യമാക്കുന്ന സേവനങ്ങളും ആനുകൂല്യങ്ങളും പൊതുജനങ്ങളുടെ അവകാശമാണ്. സര്‍ക്കാരോ ജീവനക്കാരോ നല്കുന്ന ഔദാര്യമല്ല അത്. അതിന്റെ ഭാഗമായാണു സേവന ലഭ്യതയ്ക്കായി മുമ്പ് നിഷ്കര്‍ഷിച്ചിരുന്ന വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ ഒഴിവാക്കുകയും സ്വയം സാക്ഷ്യപ്പെടുത്തല്‍ ഏര്‍പ്പെടുത്തുകയും ചെയ്തത്. ഇതു സമ്പൂര്‍ണ്ണമായി നടപ്പായില്ലെങ്കില്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ അതു വേഗത്തിലാക്കാന്‍ നടപടിയെടുക്കണം. നടപടിക്രമങ്ങളുടെ ലഘൂകരണത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായാല്പ്പോലും നടപ്പിലാക്കുന്നതില്‍ കാലതാമസമുണ്ടാകുന്നതു വീഴ്ചയാണ്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് വില നിശ്ചയിക്കുന്ന രീതിയോട് ഒരുതരത്തിലും പൊരുത്തപ്പെടാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഫയല്‍ തീര്‍പ്പാക്കല്‍ കാര്യക്ഷമമാക്കുന്നതിന് എല്ലാ ജീവനക്കാരുടേയും സഹകരണം ആവശ്യമാണെന്നു ചടങ്ങില്‍ പങ്കെടുത്ത ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി പറഞ്ഞു. കോവിഡ് കാലഘട്ടത്തിലുണ്ടായ നിയന്ത്രണങ്ങള്കൊണ്ടു പല ഓഫിസുകളിലും ഫയലുകള്‍ കെട്ടിക്കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണു ഫയല്‍ തീര്‍പ്പാക്കല്‍ തീവ്രയജ്ഞം നടപ്പാക്കുന്നത്. ഫയല്‍ തീര്‍പ്പാക്കലുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിലെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.