തിടനാട്, ചിറ്റാര്‍ ഗ്രാമപഞ്ചായത്തുകളിലെ മൂന്ന് അംഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി

തിരുവനന്തപുരം: കൂറുമാറ്റ നിരോധന നിയമ പ്രകാരം കോട്ടയം ജില്ലയിലെ തിടനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാബു ജോസഫ്, ഉഷ ശശി, പത്തനംതിട്ട ജില്ലയിലെ ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് അംഗം സജി വര്‍ഗീസ് എന്നിവരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ. ഷാജഹാന്‍ അയോഗ്യരാക്കി. നിലവില്‍ പഞ്ചായത്ത് അംഗമായി തുടരുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്നതിനും 2023 ഏപ്രില്‍ 4 മുതല്‍ ആറു വര്‍ഷത്തേക്കാണ് വിലക്ക്.
തിടനാട് ഗ്രാമപഞ്ചായത്തില്‍ 2015 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സാബു ജോസഫ് നാലാം വാര്‍ഡില്‍ നിന്നും, ഉഷ ശശി പതിനാലാം വാര്‍ഡില്‍ നിന്നും കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ത്ഥികളായി മത്സരിച്ച് വിജയിച്ചിരുന്നു. തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നിവര്‍ക്കെതിരെ 2018 മേയ് 15 ന് നടന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ വിപ്പ് ലംഘിച്ച് പങ്കെടുത്തതിനാലാണ് അയോഗ്യത. തിടനാട് ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് അംഗം മിനി സാവിയോ ഫയല്‍ ചെയ്ത കേസിലാണ് കമ്മീഷന്‍ വിധി പ്രസ്താവിച്ചത്.
ചിറ്റാര്‍ ഗ്രാമപഞ്ചായത്തില്‍ 2020 ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ സജി വര്‍ഗീസ് രണ്ടാം വാര്‍ഡില്‍ നിന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. 2020 ഡിസംബര്‍ 30 ന് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വിപ്പ് ലംഘിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുകയും വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് രേഖപ്പെടുത്തുകയും ചെയ്തതിനാലാണ് അയോഗ്യത കല്‍പ്പിച്ചത്. ചിറ്റാര്‍ ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് അംഗം എ.ബഷീര്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.