ഇന്ത്യൻ ബോളർമാർ തകർത്താടി; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം.

മൂന്നു വിക്കറ്റെടുത്ത ആർഷ്ദീപ് സിങും രണ്ടു വിക്കറ്റെടുത്ത ദീപക് ചഹാറും തകർത്താടിയപ്പോൾ ദക്ഷിണാഫ്രിക്ക ഒമ്പതിന് അഞ്ച് എന്ന നിലയിലായിരുന്നു
തിരുവനന്തപുരം: ഇന്ത്യൻ പേസർമാർ തകർത്താടിയതോടെ ദക്ഷിണാഫ്രിക്കൻ മുൻനിര ബാറ്റിങ് തകർന്നടിഞ്ഞു. എങ്കിലും ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 107 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ എട്ടിന് 106 റൺസിന് പുറത്തായി. മൂന്നു വിക്കറ്റെടുത്ത ആർഷ്ദീപ് സിങും രണ്ടു വിക്കറ്റെടുത്ത ദീപക് ചഹാറും ആഞ്ഞടിച്ചതോടെ ദക്ഷിണാഫ്രിക്ക ഒരവസരത്തിൽ ഒമ്പതിന് അഞ്ച് എന്ന നിലയിലായിരുന്നു. ക്വിന്‍റൻ ഡികോക്ക്(ഒന്ന്), ടെംബ ബവുമ(പൂജ്യം), റിലെ റൂസോ(പൂജ്യം), ഡേവിഡ് മില്ലർ(പൂജ്യം), ട്രിസ്റ്റൻ സ്റ്റബ്സ്(പൂജ്യം) എന്നീ വമ്പൻമാർ അതിവേഗം കൂടാരം കയറിയത് സന്ദർശകർക്ക് കനത്ത തിരിച്ചടിയായി.
41 റൺസെടുത്ത കേശവ് മഹാരാജിന്‍റെയും 25 റൺസെടുത്ത എയ്ഡൻ മർക്രമിന്‍റെയും 24 റൺസെടുത്ത വെയ്ൻ പാർനെലിന്‍റെയും പോരാട്ടമാണ് ദക്ഷിണാഫ്രിക്കൻ സ്കോർ 100 കടത്തിയത്. 35 പന്ത് നേരിട്ട മഹാരാജ് അഞ്ച് ഫോറും രണ്ടു സിക്സറും ഉൾപ്പടെയാണ് 41 റൺസെടുത്തത്.