ഭിന്നശേഷിക്കാര്‍ക്കായി നൂതനാശയസംരംഭകത്വ പരിശീലന പദ്ധതി:നിഷും സാങ്കേതിക സര്‍വകലാശാലയും കൈകോര്‍ക്കുന്നു

ധാരണാപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു
പദ്ധതി നടപ്പാക്കുന്നത് 15 കോളേജുകളില്‍

തിരുവനന്തപുരം: ഭിന്നശേഷിക്കാരായ യുവജനങ്ങള്‍ക്കുള്ള നൂതനാശയസംരംഭകത്വ വികസന പരിശീലന പദ്ധതി ‘ഇന്നോവേഷന്‍ ബൈ യൂത്ത് വിത്ത് ഡിസെബിലിറ്റീസി’നായി (ഐവൈഡബ്ല്യുഡി ( I-Yw-D)) നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയും കൈകോര്‍ക്കുന്നു.
ഇതുമായി ബന്ധപ്പെട്ട് ആക്കുളം നിഷ് കാമ്പസില്‍ നടന്ന ധാരണപത്രം ഒപ്പുവയ്ക്കല്‍ ചടങ്ങ് ഉന്നത വിദ്യാഭ്യാസസാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. നിഷ് എക്‌സിക്യുട്ടീവ് ഡയറക്ടറും സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുമായ എം.അഞ്ജനയും എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള 15 കോളേജുകളുടെ പ്രതിനിധികളുമായി ധാരണാപത്രം ഒപ്പുവച്ചു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഭിന്നശേഷി പുനരധിവാസ മേഖലയില്‍ വലിയ സംഭാവനകള്‍ ചെയ്യാനാകുമെന്ന് മന്ത്രി പറഞ്ഞു. ശാസ്ത്രസാങ്കേതിക വിദ്യയെ സാമൂഹിക പരിവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. നവവൈജ്ഞാനിക സമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സര്‍വകലാശാലകളും ഗവേഷണ കേന്ദ്രങ്ങളും ഉത്പാദിപ്പിക്കുന്ന അറിവുകളെ സാമൂഹിക മാറ്റത്തിനായി ഉപയോഗപ്പെടുത്തും. കേരളത്തിലെ മുഴുവന്‍ കലാലയങ്ങളെയും ഭിന്നശേഷി സൗഹൃദമാക്കാനാണ് ലക്ഷ്യമിടുന്നത്. ഭിന്നശേഷിക്കാരുടെ സംരംഭകത്വവും സാങ്കേതിക വൈദഗ്ധ്യവും സമന്വയിപ്പിക്കുന്ന പദ്ധതി ഇതിനെ സഹായിക്കാന്‍ ഉതകുന്നതാണ്. ഇതിലൂടെ തൊഴിലന്വേഷകരല്ലാതെ, തൊഴില്‍ സ്രഷ്ടാക്കളും ദാതാക്കളുമാക്കി അവരെ മാറ്റാനാകും. സമൂഹത്തിന്റെ മുഖ്യധാരയില്‍ നേതൃശേഷിയോടെ ഭിന്നശേഷിക്കാരെ ശാക്തീകരിക്കാന്‍ ഈ പദ്ധതിക്കാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭിന്നശേഷിക്കാര്‍ക്ക് നല്‍കേണ്ട പരിഗണനയും അന്തസ്സും എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അതിലേക്കുള്ള കാല്‍വയ്പാണ് നൂതനാശയസംരംഭകത്വ വികസന പരിശീലന പദ്ധതിയെന്നും ചടങ്ങില്‍ അധ്യക്ഷയായിരുന്ന നിഷ് എക്‌സിക്യുട്ടീവ് ഡയറക്ടറും സാമൂഹ്യനീതി വകുപ്പ് ഡയറക്ടറുമായ എം.അഞ്ജന പറഞ്ഞു. ഐവൈഡബ്ല്യുഡി പരിപാടിയില്‍ 15 മുതല്‍ 40 വയസ് വരെയുള്ള ഭിന്നശേഷിക്കാരെയാണ് ഉള്‍പ്പെടുത്തുക. വര്‍ഷം 20 പേരെ പരിശീലിപ്പിക്കും. മൂന്ന് വര്‍ഷത്തെ പരിശീലനമായിരിക്കും നല്‍കുക. ഓഗസ്റ്റ്‌സെപ്റ്റംബര്‍ മാസങ്ങളില്‍ അപേക്ഷ ക്ഷണിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍പരമായും ജീവിതത്തില്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുന്നതിലും വലിയ പിന്തുണയും ആത്മവിശ്വാസവും നല്‍കാന്‍ ഐവൈഡബ്ല്യുഡി പദ്ധതിക്കാകുമെന്ന് എപിജെ അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.രാജശ്രീ എം.എസ്. പറഞ്ഞു.
സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ.ജമുന ബി., ഐ.സാജു, ഐവൈഡബ്ല്യുഡി പ്രൊജക്ട് ഡയറക്ടര്‍ ഡെയ്‌സി സെബാസ്റ്റ്യന്‍, പ്രൊജക്ട് കോഓര്‍ഡിനേറ്റര്‍ അവിനാഷ്, കേരള ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെഡിസ്‌ക്), നിഷ്, ഐവൈഡബ്ല്യുഡി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പുന്നപ്ര കാര്‍മല്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, കൈപ്പറമ്പ് വിദ്യ അക്കാദമി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ചാവര്‍കോട് വലിയ കൂനമ്പായിക്കുളത്തമ്മ കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി, കരിക്കോട് ടികെഎം കോളേജ് ഓഫ് എന്‍ജിനീയറിംഗ്, വരിക്കോളി മുത്തൂറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ്, മൂന്നാര്‍ ഗവ.കോളേജ് ഓഫ് എന്‍ജിനീയറിംഗ്, ഇരിങ്ങാലക്കുട െ്രെകസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിംഗ്, നാലാഞ്ചിറ മാര്‍ ബസേലിയോസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്റ് ടെക്‌നോളജി, മൂക്കന്നൂര്‍ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, എടത്തല കെഎംഇഎ എന്‍ജിനീയറിംഗ് കോളേജ്, കോതമംഗലം മാര്‍ അത്തനാസിയസ് കോളേജ് ഓഫ് എന്‍ജിനീയറിംഗ്, കുറുവിലശ്ശേരി എംഇടിസ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിംഗ്, പാമ്പാകുട എംജിഎം കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജി, പെരുമണ്‍ കോളേജ് ഓഫ് എന്‍ജിനീയറിംഗ് എന്നീ കോളേജുകളുമായാണ് ധാരണാപത്രം ഒപ്പിട്ടത്. കെഡിസ്‌ക് വിഭാവനം ചെയ്ത് നിഷിലൂടെ സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ഐവൈഡബ്ല്യുഡി. സമൂഹത്തിലേക്ക് മികച്ച ആശയങ്ങള്‍ സംഭാവനയേകാന്‍ ഭിന്നശേഷിക്കാരായ യുവജനങ്ങളെ സജ്ജമാക്കുന്നതിനായി 2019ല്‍ ആരംഭിച്ച പദ്ധതി നൂതനാശയസംരംഭകത്വ വികസനത്തിനുള്ള പരിശീലന വേദിയാണ്. സഹകരണത്തിന്റെ ഭാഗമായി സാങ്കേതിക സര്‍വകലാശാലയുടെ കീഴിലുള്ള എന്‍ജിനീയറിംഗ് കോളേജുകളിലെ അടിസ്ഥാന സൗകര്യങ്ങളും വിദഗ്ധ അധ്യാപകരുടേയും വിദ്യാര്‍ഥികളുടേയും മാര്‍ഗനിര്‍ദേശങ്ങളും ഐവൈഡബ്ല്യുഡി അംഗങ്ങള്‍ക്ക് പ്രയോജനപ്പെടുത്താനാകും. പ്രാപ്യത, ഉള്‍പ്പെടുത്തല്‍ തുടങ്ങിയ ഭിന്നശേഷിയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള വിദഗ്‌ധോപദേശങ്ങളും ബോധവല്‍ക്കരണവും കോളേജുകള്‍ക്ക് നിഷ് ലഭ്യമാക്കും.