തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംവദിച്ചു. ഹിമാചല്‍ പ്രദേശില്‍ സംഘടിപ്പിച്ച ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍വച്ചാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ഓണ്‍ലൈനില്‍ സംവദിച്ചത്. ഇതിന്റെ ഭാഗമായി കേരളത്തില്‍ തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ സംസ്ഥാനതലത്തിലും വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ ജില്ലാതലത്തിലും പരിപാടി സംഘടിപ്പിച്ചു.
ക്ഷേമ പദ്ധതികള്‍, സദ്ഭരണം, പാവപ്പെട്ടവരുടെ ക്ഷേമം എന്നിവയിലൂടെ സര്‍ക്കാര്‍ സംവിധാനത്തെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടുതന്നെ മാറ്റാന്‍ കഴിഞ്ഞതായി പ്രധാനമന്ത്രി പറഞ്ഞു. ഭവന പദ്ധതികള്‍, സ്കോളര്‍ഷിപ്പുകള്‍, പെന്ഷന് പദ്ധതികള്‍ തുടങ്ങിയവ സാങ്കേതികവിദ്യയുടെ സഹായത്തോടെ അഴിമതിരഹിതമായി ജനങ്ങളിലെത്തിക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നത്. ആനുകൂല്യങ്ങള്‍ നേരിട്ടു നല്‍കുന്നതിലൂടെ ഇടനിലക്കാരെ ഒഴിവാക്കാനും ഇതുമായി ബന്ധപ്പെട്ട തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കാനും കഴിഞ്ഞു. രാജ്യത്തെ മിക്കവാറും കുടുംബങ്ങള്‍ക്ക് ഏതെങ്കിലും ഒരു സര്‍ക്കാര്‍ പദ്ധതിയുടെ പ്രയോജനം ഇന്നു ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി പദ്ധതിയുടെ 11-ാം ഗഡു സാമ്പത്തിക ആനുകൂല്യങ്ങളുടെ വിതരണോദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. ഗുണഭോക്താക്കളായ 10 കോടിയിലധികം വരുന്ന കര്‍ഷക കുടുംബങ്ങള്‍ക്ക് 21,000 കോടി രൂപയാണു കൈമാറുന്നത്. ഷിംലയില്‍ നടന്ന ചടങ്ങില്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, മുഖ്യമന്ത്രി ജയ് റാം താക്കൂര്‍, കേന്ദ്ര മന്ത്രി അനുരാഗ് സിംഗ് താക്കൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ സംസ്ഥാന, പ്രാദേശിക വിഹിതം ചേര്‍ത്തു ഫലപ്രദമായി നടപ്പാക്കുന്ന സംസ്ഥാനമാണു കേരളമെന്നു തിരുവനന്തപുരത്തു സംഘടിപ്പിച്ച സംസ്ഥാനതല ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദന് മാസ്റ്റര്‍ പറഞ്ഞു. ക്ഷേമ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയതിലൂടെ പാവപ്പെട്ടവര്‍ക്കു ഗുണമേ•യുള്ള ജീവിതം ഉറപ്പാക്കാന്‍ കഴിഞ്ഞു. ഇക്കാര്യത്തില്‍ കേരളം രാജ്യത്തിനു മാതൃകയാണ്. എല്ലാ മേഖലകളിലും സര്‍വതലസ്പര്‍ശിയായ വികസനം കൈവരിച്ചു മുന്നേറാനുള്ള ശ്രമത്തിലാണു സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു.
ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഷര്‍മിള മേരി ജോസഫ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന് ഖോബ്രഗഡെ, നാഷണല്‍ ഹെല്‍ത്ത് മിഷന് സംസ്ഥാന ഡയറക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, കുടുംബശ്രീ എക്സിക്യൂട്ടിവ് ഡയറക്ടര്‍ പി.ഐ. ശ്രീവിദ്യ, കൃഷിവകുപ്പ് ഡയറക്ടര്‍ ടി.വി. സുഭാഷ്, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡി. ബാലമുരളി, നഗരകാര്യ ഡയറക്ടര്‍ അരുണ്‍ കെ. വിജയന്, ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ, ജില്ലാ വികസന കമ്മിഷണര്‍ വിനയ് ഗോയല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.