കൊച്ചി: ബിനാലെയുടെ അഞ്ചാം പതിപ്പ് സമാപിക്കുന്ന ഏപ്രില്‍ പത്തിന് പ്രദര്‍ശന വേദികളില്‍ പ്രവേശനം വൈകുന്നേരം അഞ്ചിന് അവസാനിക്കും. മറ്റു ദിനങ്ങളില്‍ പതിവുപോലെ വൈകിട്ട് ഏഴുവരെ പ്രദര്‍ശനമുണ്ടാകും. ഏപ്രില്‍ പത്തിനു വൈകിട്ട് ഏഴിന് എറണാകുളത്ത് ഡര്‍ബാര്‍ ഹാള്‍ മൈതാനത്ത് സമാപന ചടങ്ങുകള്‍ നടക്കും. പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ പ്രോജക്റ്റ് മലബാറിക്കസ് സംഗീത പരിപാടിയാണ് സമാപനത്തിലെ മുഖ്യ ആകര്‍ഷണം.
കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണിയെക്കുറിച്ച് ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഡോക്യുമെന്ററി ‘കറുപ്പ് വെളുപ്പിനെ വളയുമ്പോള്‍’ ഏപ്രില്‍ ഒന്‍പതിന് രാവിലെ 11നു ഫോര്‍ട്ട്കൊച്ചി കബ്രാള്‍യാര്‍ഡ് പവിലിയനില്‍ പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് ഇ പി ഉണ്ണിയും ശ്യാമപ്രസാദും പങ്കെടുക്കുന്ന സംഭാഷണത്തില്‍ കോമിക് ആര്‍ട്ട് ഗവേഷകനും കാര്‍ട്ടൂണിസ്റ്റുമായ ഗോകുല്‍ ഗോപാലകൃഷ്ണന് മോഡറേറ്ററാകും. കേരള മീഡിയ അക്കാദമിയുടെ സഹകരണത്തോടെയാണ് ഡോക്യുമെന്ററി പ്രദര്‍ശനം. മ്യൂസിക് ഓഫ് മുസിരിസിന്റെ ഭാഗമായി ന്യൂദല്‍ഹി ബീഗം ബാന്‍ഡിന്റെയും ലിഫാഫയുടെയും സംഗീതാവതരണം ഫോര്‍ട്ട്കൊച്ചി കബ്രാള്‍യാര്‍ഡില്‍ ഏപ്രില്‍ എട്ടിന് നടക്കും. വൈകിട്ട് ഏഴുമുതല്‍ ബീഗം ബാന്‍ഡിന്റെയും 9.30മുതല്‍ ലിഫാഫയുടെയും സംഗീത പരിപാടി അരങ്ങേറും. പ്രവേശന ടിക്കറ്റുകള്‍ https://in.bookmyshow.com/events/kochi-muziris-biennale-2022-23/ET00346370 എന്ന ലിങ്കില്‍ ബുക്ക് മൈ ഷോ ആപ്പിലും ലഭിക്കും.
എബിസി ആര്‍ട്ട്റൂമില്‍ ‘കലയും കാലാവസ്ഥയും’ പരിസ്ഥിതി ശില്പശാല ഏപ്രില്‍ എട്ടിന് രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ നടക്കും. ഇന്‍സൈഡ് ഔട്ട് പെര്‍ഫോമന്‍സ് കളക്റ്റീവിന്റെ ദേവേന്ദ്രനാഥ് ശങ്കരനാരായണന് നേതൃത്വം നല്കുന്ന ശില്പശാല കാലാവസ്ഥ മാറ്റത്തിന്റെ പരിപ്രേക്ഷ്യത്തില്‍ സുസ്ഥിര ഭാവിക്കായി മനുഷ്യ പ്രകൃതി ബന്ധത്തില്‍ പുലരേണ്ടതെന്തെല്ലാം എന്ന അവലോകനവും നിലവിലെ സ്ഥിതിയുടെ പുനര്‍ മൂല്യനിര്‍ണ്ണയവുമാണ് ലക്ഷ്യമിടുന്നത്. കലയും ഭാവനയും ശാസ്ത്രവും സമന്വയിക്കുന്ന ‘എക്സ്പെരിമെന്റ്സ് വിത്ത് ഇമാജിനേഷന്’ പ്രത്യേക പ്രദര്‍ശനം ഈ മാസം പത്തുവരെ മട്ടാഞ്ചേരി മുഹമ്മദ് അലി വെയര്‍ഹൗസില്‍ രാവിലെ 10.07 മുതല്‍ വൈകിട്ട് 7.07 വരെ നടക്കും. വൈകിട്ട് 7.37മുതല്‍ 8.33വരെ കലാ ശാസ്ത്ര അവതരണങ്ങള്‍.