തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു

 

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായുള്ള പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു. മഹാരാജാസ് കോളേജിലെ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന വോട്ടിങ് മെഷീന്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ അതത് ബൂത്തുകളില്‍ നിയോഗിക്കപ്പെട്ടിരുന്ന ഉദ്യോഗസ്ഥര്‍ കൈപ്പറ്റി. ചൊവ്വാഴ്ച്ച രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. തിങ്കളാഴ്ച രാവിലെ 8 ന് ആരംഭിച്ച വിതരണ നടപടികള്‍ ഉച്ചയോടെ അവസാനിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന്റെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകന്‍ ഗിരീഷ് ശര്‍മ്മയുടെയും മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. വരണാധികാരി വിധു. എ. മേനോന്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ ജി. നിര്‍മ്മല്‍ കുമാര്‍, ഉപവരണാധികാരി ലിജോമോന്‍ തുടങ്ങിയവര്‍ വിതരണത്തിന് നേതൃത്വം നല്‍കി. വോട്ടെടുപ്പിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും ചൊവാഴ്ച രാവിലെ ആറിന് മോക്ക് പോളിങ് നടത്തി, ഏഴിന് വോട്ടെടുപ്പ് ആരംഭിക്കുമെന്നും ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.

പ്രശ്‌നബാധിത ബൂത്തുകളൊന്നും മണ്ഡലത്തില്‍ ഇല്ലെങ്കിലും പഴുതടച്ച സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ ബൂത്തുകള്‍ വരുന്ന ഇടങ്ങളില്‍ മൈക്രോ ഒബ്‌സര്‍വര്‍മാരെയും പ്രത്യേക പോലീസ് പട്രോളിങ് സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. തിരക്ക് ഒഴിവാക്കുന്നതിനായി ഘട്ടം ഘട്ടമായിട്ടാണ് പോളിംഗ് സാമഗ്രികളുടെ വിതരണം ക്രമീകരിച്ചിരുന്നത്. പോളിങ് ബൂത്തുകളുടെ ക്രമനമ്പര്‍ അനുസരിച്ചായിരിയിരുന്നു വിതരണം. പോളിങ് ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. പ്രിസൈഡിങ് ഓഫിസര്‍, ഫസ്റ്റ് പോളിങ് ഓഫീസര്‍, സെക്കന്‍ഡ് പോളിങ് ഓഫീസര്‍, തേര്‍ഡ് പോളിങ് ഓഫീസര്‍ ഉള്‍പ്പെടെ ഒരു ബൂത്തില്‍ നാല് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷയ്ക്കായി ഓരോ പോലീസ് ഉദ്യോഗസ്ഥരുടെ സേവനവും ബൂത്തുകളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ അതത് ബൂത്തുകളിലേക്ക് എത്തിക്കാന്‍ വാഹന സൗകര്യം ഏര്‍പ്പെടുത്തിയിരുന്നു. ആകെ 239 പോളിങ് ബൂത്തുകളാണ് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇതില്‍ ഒരു പിങ്ക് ബൂത്തും, അഞ്ച് മാതൃകാ ബൂത്തുകളും ഉള്‍പ്പെടുന്നു. പൂര്‍ണ്ണമായും വനിതാ ഉദ്യോഗസ്ഥര്‍ മാത്രം നിയന്ത്രിക്കുന്ന വനിതാ പോളിങ് കേന്ദ്രമാണ് പിങ്ക് ബൂത്ത്. ഇവിടെ സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നതും വനിതാ പോലീസ് ഉദ്യോഗസ്ഥയെ ആണ്.

ബൂത്തുകളിലേക്കായി ആകെ 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്. ആകെ 27 വിഭാഗങ്ങളിലുള്ള പോളിങ് സാമഗ്രികളാണ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. കണ്‍ട്രോള്‍ യൂണിറ്റ്, ബാലറ്റിങ് യൂണിറ്റ്, വി.വി.പാറ്റ്, വോട്ടേഴ്‌സ് രജിസ്റ്റര്‍ 17 എ, വോട്ടര്‍ സ്ലിപ്പ്, അടയാളപ്പെടുത്തിയ വോട്ടര്‍ പട്ടിക, വോട്ടര്‍പട്ടികയുടെ വര്‍ക്കിങ് കോപ്പി, മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പട്ടിക, ടെന്‍ഡേര്‍ഡ് വോട്ടിനുള്ള ബാലറ്റ് പേപ്പര്‍, സ്ഥാനാര്‍ഥികളുടെയും ഇലക്ഷന്‍ ഏജന്റിന്റെയും കയ്യൊപ്പു മാതൃക, അടയാളപ്പെടുത്തുന്നതിനുള്ള മഷി, അഡ്രസ് ടാഗുകള്‍, സ്‌പെഷ്യല്‍ ടാഗ്, ഗ്രീന്‍ പേപ്പര്‍ സീല്‍, സ്ട്രിപ്പ് സീല്‍, ആരോ ക്രോസ് അടയാളമുള്ള റബ്ബര്‍ മുദ്ര, വയലറ്റ് നിറത്തിലുള്ള മഷിയുള്ള സ്റ്റാമ്പ് പാഡ്, പ്രിസൈഡിങ് ഓഫീസറുടെ മെറ്റല്‍ സീല്‍, പ്രിസൈഡിങ് ഓഫീസര്‍ ഡയറി, പോളിങ് സ്‌റ്റേഷനുവേണ്ടിയുള്ള റബ്ബര്‍ മുദ്ര, സമ്മതിദായകരെ തിരിച്ചറിയുന്നതിനുള്ള മറ്റ് രേഖകള്‍ ഏതെല്ലാം എന്ന വിവരം, പിങ്ക് പേപ്പര്‍ സീല്‍, മോക് പോള്‍ സ്ലിപ്പ്, ബ്രെയ്‌ലി ബാലറ്റ് മാതൃക എന്നിവയാണ് പോളിങ് സാമഗ്രികളില്‍ ഉള്‍പ്പെടുന്നത്. ഇതിന് പുറമെ 21 ഇനം സ്‌റ്റേഷനറി വസ്തുക്കളും ഉണ്ട്. പെന്‍സില്‍, പിന്‍, പേന, ബ്ലാങ്ക് പേപ്പര്‍, സീലിങ് വാക്‌സ്, വോട്ടിങ് കംപാര്‍ട്ട്‌മെന്റ്, പശ, ബ്ലേഡ്, മെഴുകുതിരി, നൂല്‍, മെറ്റല്‍ റൂള്‍, കാര്‍ബണ്‍ പേപ്പര്‍, കോട്ടണ്‍, പാക്കിങ് പേപ്പര്‍ ഷീറ്റ്‌സ്, മഷി സൂക്ഷിക്കാനുള്ള കപ്പ്, ഡ്രോയിങ് പിന്‍സ്, റബ്ബര്‍ ബാന്‍ഡ്, സെല്ലോടേപ്പ്, മോക് പോള്‍ സ്ലിപ്പ് സൂക്ഷിക്കുന്നതിനുള്ള കട്ടിയുള്ള കറുത്ത കവര്‍, മോക് പോള്‍ സ്ലിപ്പ് സൂക്ഷിക്കുന്ന കവര്‍ ഇട്ടുവയ്ക്കുന്നതിനുള്ള കട്ടിയുള്ള പ്ലാസ്റ്റിക് പെട്ടി, വാക്‌സ് സീല്‍ മുദ്രവയ്ക്കുന്നതിനുള്ള കാര്‍ഡ് ബോര്‍ഡ് കഷണം എന്നിവയാണ് സ്‌റ്റേഷനറി വസ്തുക്കള്‍. ഇതിനെല്ലാം പുറമേ പല നിറത്തിലും വലിപ്പത്തിലുമുള്ള കവറുകള്‍, ഫോമുകള്‍, വിരലില്‍ അടയാളപ്പെടുത്താനുള്ള മഷി, തീപ്പെട്ടി, സൈന്‍ ബോര്‍ഡുകള്‍ തുടങ്ങിയവയും സ്‌റ്റേഷനറി വസ്തുക്കളില്‍ ഉള്‍പ്പെടുന്നു. കൂടാതെ സാനിറ്റൈസറും മാസ്‌ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്.

ആറു തപാല്‍ വോട്ടുകള്‍, 83 സര്‍വീസ് വോട്ടുകള്‍

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനായി ഇത്തവണ അനുവദിച്ചത് ആറു തപാല്‍ വോട്ടുകള്‍. തിരഞ്ഞെടുപ്പ് പ്രക്രിയയുമായി നേരില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് തപാല്‍ വോട്ടുകള്‍ അനുവദിച്ചിട്ടുള്ളത്. അനുവദിച്ച വോട്ടുകളില്‍ ഒന്നും ഇത് വരെ തിരികെ ലഭിച്ചിട്ടില്ല. സേനകളിലും വിദേശ കാര്യ മന്ത്രാലയങ്ങളിലും സേവനം ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കാണ് ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റെഡ് പോസ്റ്റല്‍ ബാലറ്റ് (ഇ. ടി. പി. ബി ) അഥവാ സര്‍വീസ് വോട്ടുകള്‍ അനുവദിക്കുന്നത്. ഉപ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 83 സര്‍വീസ് വോട്ടുകളാണ് മണ്ഡലത്തില്‍ അനുവദിച്ചിട്ടുള്ളത്. ഇതില്‍ മൂന്ന് വോട്ടുകള്‍ തിരികെ ലഭിച്ചു. വോട്ടെണ്ണല്‍ ദിവസമായ ജൂണ്‍ 3 ന് രാവിലെ 7.59 വരെ ലഭിക്കുന്ന തപാല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണുന്നതിനായി പരിഗണിക്കും.