കൊച്ചി: ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് മുതലായ സാമൂഹ്യമാധ്യമങ്ങളിലൂടെ നിര്‍മ്മിക്കുന്ന വീഡിയോകളില്‍ മാനവികത സുപ്രധാന ഘടകമാക്കണമെന്ന് കൊച്ചിയില്‍ നടന്ന അന്താരാഷ്ട്ര ടൂറിസം ടെക്നോളജി സമ്മേളനത്തിലെ(ഐസിടിടി) വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. അസോസിയേഷന് ഓഫ് ടൂറിസം ട്രേഡ് ഓര്ഗനൈസേഷന് ഇന്ത്യയും കേരള ടൂറിസവും ചേര്‍ന്നാണ് നാലാമത് ഐസിടിടി സംഘടിപ്പിച്ചത്.
ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് മുതലായ സാമൂഹ്യമാധ്യമങ്ങളില്‍ ബിസിനസിന്റെ വളര്‍ച്ചയ്ക്കാവശ്യമായ വീഡിയോ തയ്യാറാക്കുമ്പോള്‍ അതില്‍ മനുഷ്യവികാരങ്ങള്‍ക്കും മാനവികതയ്ക്കും പ്രധാന്യം നല്‍കണമെന്ന് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വിദഗ്ധനായ സൗരവ് ജെയിന് പറഞ്ഞു.വീഡിയോ തയ്യാറാക്കുമ്പോള്‍ സ്വന്തം സംരംഭത്തെ എന്താണ് വ്യത്യസ്തമാക്കുന്നതെന്ന് തിരിച്ചറിയണം. സാമൂഹ്യനീതി, വനിതാപ്രാതിനിധ്യം, ലിംഗനീതി മുതലായ ഘടകങ്ങള്‍ എപ്പോഴും ജനശ്രദ്ധയാകര്‍ഷിക്കുന്നതാണ്. സാമൂഹികമായ സ്വീകാര്യത ലഭിക്കാന്‍ ഇത് സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വന്തം ടൂറിസം സംരംഭത്തില്‍ എന്തെല്ലാം ബിസിനസ് പ്രക്രിയകള്‍ നടക്കുന്നുണ്ടോ, അവയെല്ലാം പ്രത്യേകം ഇന്‍സ്റ്റാ റീലുകളാക്കാന് ശ്രദ്ധിക്കാം. അത് സംരംഭത്തിന്റെ വൈവിദ്ധ്യം എടുത്തു കാണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെട്ടന്ന് വലിയ വരുമാനമുണ്ടാക്കാമെന്ന ധാരണയില്‍ യൂട്യൂബ് ചാനല്‍ തുടങ്ങരുതെന്ന്് ഡച്ച് ട്രാവല്‍ യൂട്യൂബര്‍ ഇവാന പെറോവിച്ച് പറഞ്ഞു. യൂട്യൂബില്‍ നിന്നു വലിയ തോതില്‍ വരുമാനം ലഭിക്കുന്ന വിരലിലെണ്ണാവുന്നവര്‍ മാത്രമേ ഉണ്ടാകൂ. എന്നാല്‍ ബ്രാന്‍ഡ് പരസ്യം വഴിയാണ് വരുമാനം ഉണ്ടാക്കാന്‍ സാധിക്കുന്നത്. അതിന് വിശ്വാസ്യതയും താത്പര്യജനകവുമായ ഉള്ളടക്കമാണ് ആവശ്യമെന്നും ഇവാന പറഞ്ഞു.
ഇന്‍സ്റ്റാഗ്രാം റീല്‍സ്, യൂട്യൂബ് ഷോര്‍ട്സ് എന്നിവയുടെ ചുവടുപിടിച്ച് ചെറു വീഡിയോകള്‍ ധാരാളമായി യൂട്യൂബിലും കണ്ടു വരുന്നുണ്ട്. ഇതൊരു തൊഴിലായി സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കുറഞ്ഞത് പത്ത് മിനിട്ടെങ്കിലും ദൈര്‍ഘ്യമുള്ള വീഡിയോകള്‍ അപ് ലോഡ് ചെയ്യാന്‍ തയ്യാറാകണം. എല്ലാ ആഴ്ചയിലും ഒരു വീഡിയോ വീതം 52 ആഴ്ചകളെങ്കിലും ചെയ്യാനുള്ള ക്ഷമയും മനസ്സും ഉള്ളടക്കവും ഉണ്ടാകണമെന്ന് ഇവാന ഓര്‍മ്മിപ്പിച്ചു. പൂര്‍ണമായ സാങ്കേതികത്തികവ് ആദ്യം തന്നെ വേണമെന്ന് വാശിപിടിക്കരുത്. പക്ഷെ ഏതു വിഷയമാണോ തെരഞ്ഞെടുക്കുന്നത് അതില്‍ സാധാരണക്കാരന് താത്പര്യമുണ്ടാക്കുന്ന ഉള്ളടക്കം സൃഷ്ടിക്കാന്‍ ശ്രമിക്കണം.
സ്വന്തം അനുഭവം മാത്രം വച്ച് കൊണ്ട് സ്വന്തം യൂട്യൂബ് വീഡിയോയില്‍ വിധി പറയരുതെന്ന് അവര്‍ ഓര്‍മ്മിപ്പിച്ചു. വിഷയത്തെക്കുറിച്ചുള്ള പൊതുബോധം എന്താണെന്ന് മനസിലാക്കി വേണം ഓരോ വീഡിയോയും തയ്യാറാക്കാന്‍. വീഡിയോ കേന്ദ്രീകൃതമായതു കൊണ്ടു തന്നെ പല ചാനലുകളും ശബ്ദത്തില്‍ വേണ്ട ശ്രദ്ധ നല്‍കാറില്ല. ശബ്ദം കൂടി മികച്ചതാകുമ്പോഴേ വീഡിയോയ്ക്ക് പ്രേക്ഷകരുണ്ടാകൂ എന്ന് അവര്‍ പറഞ്ഞു.
രാജ്യത്തിനകത്തും പുറത്തുനിന്നുമായി 250 ലേറെ രജിസ്റ്റര്‍ ചെയ്ത പ്രതിനിധികളാണ് ഏകദിന ഐസിടിടി സമ്മേളനത്തില്‍ പങ്കെടുത്തത്.