തിരുവനന്തപുരം: തിരുവനന്തപുരത്തെ മൃഗശാലക്കാഴ്ചകള്‍ക്കു വന്യവിരുന്നൊരുക്കാന്‍ ലിയോയും നൈലയും. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നെത്തിച്ച രണ്ടു സിംഹങ്ങളെ കാഴ്ചക്കാര്‍ക്കായി കൂട്ടിലേക്കു തുറന്നുവിട്ടു. മൃഗസംരക്ഷണ, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണു സിംഹ ജോഡികള്‍ക്കു പേരിട്ടത്.
പെണ് സിംഹമാണ് നൈല, ലിയോ ആണ് സിംഹവും. ഓരോ ജോഡി സിംഹങ്ങള്‍, ഹനുമാന് കുരങ്ങുകള്‍, എമു എന്നിവയാണു തിരുപ്പതി സുവോളജിക്കല്‍ പാര്‍ക്കില്‍നിന്നു തിരുവനന്തപുരം മൃഗശാലയിലേക്ക് എത്തിച്ചത്. രണ്ടു മാസത്തിനകം കൂടുതല്‍ ഹനുമാന് കുരങ്ങുകളേയും മറ്റു മൃഗങ്ങളേയും ഇവിടേയ്ക്ക് എത്തിക്കുമെന്നു മന്ത്രി പറഞ്ഞു. അമേരിക്കന്‍ കടുവ, സീബ്ര തുടങ്ങിയവയേയും എത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കൂടുതല്‍ മൃഗങ്ങളെ കൊണ്ടുവരുന്നതിനു കേന്ദ്ര മൃഗസംരക്ഷണ വിഭാഗത്തിന്റെ അനുമതി കിട്ടിക്കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
തിരുപ്പതിയില്‍നിന്നു കൊണ്ടുവന്ന ഹനുമാന് കുരങ്ങുകളില്‍ ഒന്ന് കഴിഞ്ഞ ദിവസം ഓടിപ്പോയിരുന്നു. ഇത് മൃഗശാലയിലെ മരത്തില്ത്തന്നെയുണ്ട്. കുരങ്ങുകളെ സാധാരണ തുറന്നിട്ടാണു വളര്‍ത്തുന്നത്. ക്വാറന്റൈന് പാലിക്കുന്നതിന്റെ ഭാഗമായിട്ടാണു കൂട്ടിലിട്ടിരുന്നത്. മൃഗശാല വളപ്പില്‍ത്തന്നെയുള്ള മരത്തില്‍ ഇരിക്കുന്ന ഹനുമാന് കുരങ്ങിന് മയക്കുവെടിവയ്ക്കേണ്ട സാഹചര്യമൊന്നുമില്ല. സാധാരണ നിലയില്‍ത്തന്നെ താഴെയിറങ്ങും. ആവശ്യമായ ആഹാരം മരച്ചുവട്ടില്‍ നല്‍കുന്നുണ്ട്. പച്ചിലകളും കഴിക്കുന്നുണ്ട്. ബുദ്ധിമുട്ടുണ്ടാക്കാതെ സുരക്ഷിത നിലയിലാണു കുരങ്ങ് ഇരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.