പ്രി പ്രൈമറി , പ്രൈമറി സ്‌കൂള്‍ തലങ്ങളില്‍ ഏകീകൃത പാഠ്യപദ്ധതി: മന്ത്രി വി ശിവന്‍ കുട്ടി

കൊച്ചി: പ്രി പ്രൈമറി , പ്രൈമറി സ്‌കൂള്‍ ഘട്ടത്തില്‍ ഏകീകൃത പാഠ്യപദ്ധതി അത്യാവശ്യമാണെന്ന് മന്ത്രി വി. ശിവന്‍ കുട്ടി. പായിപ്ര ഗവ. യുപി സ്‌കൂളിന്റെ 77ാം വാര്‍ഷികംചിലമ്പിന്റെയും അന്താരാഷ്ട്ര മാതൃകാ പ്രീ സ്‌കൂളിന്റെയും പാര്‍ക്കിന്റെയും ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

കുട്ടികളുടെ മാനസികവും ശാരീരികവും വൈകാരികവുമായ വളര്‍ച്ച ലക്ഷ്യം വെച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. ആധുനിക മനശാസ്ത്രത്തോട് ചേര്‍ന്നു നില്‍ക്കുന്നതാകണം പാഠ്യപദ്ധതി. തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്ന പ്രവണത ചിലപ്പോള്‍ കാണാറുണ്ട്. അതുകൊണ്ടാണ് ശാസ്ത്രീയ പാഠ്യപദ്ധതി പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നത്.
പാഠ്യപദ്ധതി പരിഷ്‌ക്കരണവേളയില്‍ ഇക്കാര്യം ഗൗരവമായി പരിഗണിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞവും വിദ്യാ കിരണം പദ്ധതിയും സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. സമഗ്ര ശിക്ഷാ കേരള വഴി എല്ലാ സ്‌കൂളുകളിലും മാതൃകാ പ്രീ െ്രെപമറി സ്‌കൂളുകള്‍ ആരംഭിക്കു ന്നതിനുള്ള നടപടി പുരോഗമി ക്കുകയാണ്. പായിപ്ര ഗവ.യുപി സ്‌കൂളില്‍ പുതിയ സ്‌കൂള്‍ കെട്ടിടം ആരംഭിക്കണമെന്ന ആവശ്യം ഗൗരവമായി പരിഗണിക്കുമെന്ന് മന്ത്രി അറിയിച്ചു. ഇതിനുള്ള വിശദമായ പദ്ധതി സര്‍ക്കാരിന് സമര്‍പ്പിക്കാനും മന്ത്രി നിര്‍ദേശിച്ചു.
സമഗ്ര ശിക്ഷ കേരളയുടെ കീഴില്‍ പത്ത് ലക്ഷം രൂപ ചെലവിലാണ് വര്‍ണ്ണക്കൂടാരം എന്ന പേരിലുള്ള മാതൃകാ പ്രീ സ്‌കൂള്‍ തയാറാക്കിയിരിക്കുന്നത്. മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, ജില്ലാ പഞ്ചായത്തംഗം ഷാന്റി എബ്രഹാം, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി.ഇ. നാസര്‍, എന്‍.സി. വിനയന്‍, ബ്ലോക്ക് പഞ്ചായത്തംഗം റിയാസ് ഖാന്‍, പഞ്ചായത്തംഗങ്ങളായ ആനി ജോര്‍ജ്, സാജിത മുഹമ്മദാലി, ജയശ്രീ ശ്രീധരന്‍, ജീജ വിജയന്‍, പിടിഎ പ്രസിഡന്റ് നസീമ സുനില്‍, സമഗ്ര ശിക്ഷാ കേരള ജില്ലാ കോഓഡിനേറ്റര്‍ പി.കെ. മഞ്ജു, എ ഇ ഒ ഡി. ഉല്ലാസ്, പി.ടി.എ. അംഗം എ. എം. സാജിദ്, പ്രധാനാധ്യാപിക റഹീമ ബീവി തുടങ്ങിയവര്‍ പങ്കെടുത്തു.

കേരളത്തില്‍ ശാസ്ത്രീയ യുക്തിയില്‍ ഊന്നിയുള്ള വിദ്യാഭ്യാസം : മന്ത്രി വി. ശിവന്‍ കുട്ടി

കൊച്ചി: രാജ്യത്തെ വിദ്യാഭ്യാസം ശാസ്ത്രീയതകളില്‍ നിന്ന് അകലുന്നു എന്ന വിമര്‍ശനമുയരുന്ന ഘട്ടത്തില്‍ കേരളം ശാസ്ത്രീയ യുക്തിയില്‍ ഊന്നിയുള്ള വിദ്യാഭ്യാസത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്ന് മന്ത്രി വി. ശിവന്‍ കുട്ടി. പേഴയ്ക്കാപ്പിള്ളി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ദേശീയ വിദ്യാഭ്യാസ നയത്തോടുള്ള കേരളത്തിന്റെ അഭിപ്രായ വ്യത്യാസം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. മഹത്തായ വിദ്യാഭ്യാസ പാരമ്പര്യമുള്ള നാടാണ് കേരളം. ആ പാരമ്പര്യം നിലനിര്‍ത്തി മുന്നോട്ട് പോകണം. നവോത്ഥാന ചിന്തകള്‍ക്ക് ഊന്നല്‍ നല്‍കണം. പൊതു വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്തുക സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണ്. സര്‍ക്കാര്‍ തന്നെ സാധാരണക്കാരുടെ കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തിന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാരാകുന്ന കാഴ്ച ശ്രദ്ധേയമാണെന്നും മന്ത്രി പറഞ്ഞു.
മാത്യു കുഴല്‍ നാടന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിത റഹീം, മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിന്‍, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വര്‍ക്കി, മുന്‍ എം എല്‍ എ എല്‍ദോ എബ്രഹാം, ജില്ലാ പഞ്ചായത്തംഗങ്ങളായ എന്‍.ജെ. ജോമി, ഷാന്റി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.