തിരുവനന്തപുരം: വിദേശരാജ്യങ്ങളുടെ മാതൃകയില്‍ ക്യാന്‍സറിനെതിരെ വാക്‌സിനേഷന്‍ നല്‍കി പ്രതിരോധമാര്‍ജിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചതായി മന്ത്രി വീണാ ജോര്‍ജ്. വയനാട്, ആലപ്പുഴ ജില്ലകളില്‍ ഇതിന്റെ പൈലറ്റ് പ്രോജക്ട് നടപ്പാക്കാന്‍ തീരുമാനിച്ചു. ക്യാന്‍സര്‍ സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെന്ന് മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ പുതിയ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. യൂറോ ബ്രാക്കിതെറാപ്പി യൂണിറ്റ്, ലുട്ടീഷ്യം തെറാപ്പി, ഗാലിയം ജനറേറ്റര്‍, ഓട്ടോമേറ്റഡ് സെര്‍വി സ്‌കാന്‍ എന്നിവയുടെ പ്രവര്‍ത്തനോദ്ഘാടനവും പേഷ്യന്റ് വെല്‍ഫെയര്‍ ആന്‍ഡ് സര്‍വീസ് ബ്ലോക്കിന്റെ നിര്‍മ്മാണ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
സംസ്ഥാനത്ത് ക്യാന്‍സര്‍ കെയര്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ കൂടി ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം നിര്‍വഹിക്കുക. 14 ജില്ലകളിലും നടപ്പിലാക്കിയ ക്യാന്‍സര്‍ കെയര്‍ പോളിസിയുടെ അടിസ്ഥാനത്തില്‍ കാന്‍സര്‍ കെയര്‍ പ്രോഗ്രാം നടപ്പിലാക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെയാണ് ആരോഗ്യവകുപ്പ് ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ആര്‍സിസിയുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതായും പുലയനാര്‍കോട്ടയെ രണ്ടാം ക്യാമ്പസ് ആയി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.
ഈ സാമ്പത്തിക വര്‍ഷത്തില്‍ റോബോട്ടിക് സര്‍ജറി സാധ്യമാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്.
റോബോട്ടിക്‌സ് സര്‍ജറി സംവിധാനം സ്ഥാപിക്കുന്നതിന് 30 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ആര്‍സിസിക്ക് നല്‍കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ഡിജിറ്റല്‍ പാത്തോളജി മികവിന്റെ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് വേണ്ടി 2.64 കോടി രൂപയും അംഗീകരിച്ചു. ഗവേഷണ രംഗത്ത് ആര്‍സിസിക്ക് മുന്നോട്ടു പോകാന്‍ വേണ്ട പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്നും സംസ്ഥാനത്തിന് ഗവേഷണ നയം ഉണ്ടാകണം എന്നതാണ് സര്‍ക്കാരിന്റെ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
30 വയസ്സിനു മുകളിലുള്ള 1.16 കോടി ആളുകളെ വാര്‍ഷിക ആരോഗ്യപരിശനയിലൂടെ സ്‌ക്രീന്‍ ചെയ്യാന്‍ സാധിച്ചതായും അവരില്‍ ഏഴു ലക്ഷത്തിനു മുകളില്‍ ആളുകളില്‍ ക്യാന്‍സര്‍ സംശയിക്കുന്നതായും മന്ത്രി പറഞ്ഞു. ഇതില്‍ ഏറ്റവും കൂടുതല്‍ സ്തനാര്‍ബുദം ആണ്. സ്ത്രീകളില്‍ സര്‍വിക്കല്‍ കാന്‍സര്‍ വര്‍ധിക്കുന്നതായും മന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ക്യാന്‍സര്‍ സംശയിക്കുന്ന മുഴുവനാളുകളെയും രോഗനിര്‍ണയം നടത്തി അവര്‍ക്ക് ക്യാന്‍സര്‍ സ്ഥിരീകരിച്ചാല്‍ ചികിത്സ ഉറപ്പാക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
ആദ്യഘട്ടത്തില്‍ തന്നെ രോഗം നിര്‍ണയിക്കുകയും ചികിത്സ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് സര്‍ക്കാരിന്റെ സ്ട്രാറ്റജിക് ആക്ഷന്‍ പ്ലാന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ക്യാന്‍സര്‍ ഡേറ്റ രജിസ്റ്റര്‍ ആരംഭിച്ചത്. രോഗത്തിന് മുന്നില്‍ നിസ്സഹായരായവരെ ചേര്‍ത്തുപിടിക്കുന്ന നയമാണ് സര്‍ക്കാറിനുള്ളത്. രാജ്യത്തെ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനമാണ് കേരളം എന്നും മന്ത്രി പറഞ്ഞു.
റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ എംഎല്‍എ കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. മുന്‍ എം.പി. സി.പി. നാരായണന്‍, ഗ്രാമ വികസന വകുപ്പ് കമ്മീഷണര്‍ എം ജി രാജമാണിക്യം, കെ എസ് ഐ ഡി സി മാനേജര്‍ അശോക് ലാല്‍, മെഡിക്കല്‍ കോളേജ് വാര്‍ഡ് കൗണ്‍സിലര്‍ ഡി ആര്‍ അനില്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ വി.എസ്. ബിജു, ആര്‍സിസി ഡയറക്ടര്‍ രേഖ എ നായര്‍, ആര്‍സിസി അഡിഷണല്‍ ഡയറക്ടര്‍ സജിത് എ. തുടങ്ങിയവര്‍ പങ്കെടുത്തു.