നല്ല റോഡ് സംസ്‌കാരം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ആധുനിക സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കുന്നത്: മുഖ്യമന്ത്രി

ആര്‍. സി ബുക്കും സ്മാര്‍ട്ട് കാര്‍ഡാകും 

തിരുവനന്തപുരം: നല്ല റോഡ് സംസ്‌കാരം വളര്‍ത്തുന്നതിന്റെ ഭാഗമായാണ് ഗതാഗത വകുപ്പ് ആധുനിക സാങ്കേതികതയില്‍ അധിഷ്ഠിതമായ സംവിധാനങ്ങള്‍ ഒരുക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയുടെയും പിവിസി പെറ്റ്ജി കാര്‍ഡ് െ്രെഡവിംഗ് ലൈസന്‍സുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
റോഡ് അപകടങ്ങളിലെ മരണം സംസ്ഥാനം നേരിടുന്ന ദുരന്തമായി കണ്ട് കൂട്ടായ പ്രവര്‍ത്തനം നടത്തണം. ഇതിന് പുതുതലമുറ മുന്‍കൈ എടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിരത്തുകളിലെ സഞ്ചാരം സുഗമമാക്കാന്‍ ആധുനിക സാങ്കേതിക വിദ്യകള്‍ സര്‍ക്കാര്‍ പ്രയോജനപ്പെടുത്തും. ഇതിലൂടെ നിയമലംഘനങ്ങള്‍ കണ്ടെത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍, ഓട്ടോമേറ്റഡ് നമ്പര്‍ പ്‌ളേറ്റ് റെക്കൊഗ്‌നിഷന്‍ എന്നിവ ഇതിന്റെ ഭാഗമായി നടപ്പാക്കിയതാണ്. സംസ്ഥാനത്ത് 726 എ. ഐ ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളത്. 14 ജില്ലകളിലും കണ്‍ട്രോള്‍ റൂമുകളുമുണ്ട്. തിരുവനന്തപുരത്താണ് മാസ്റ്റര്‍ കണ്‍ട്രോള്‍ റൂം. ഇതിലൂടെ വാഹനം തടഞ്ഞുള്ള പരിശോധന ഒഴിവാക്കാനാകും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പാതകളില്‍ ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 85 സ്‌ക്വാഡുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പദ്ധതി ആവിഷ്‌കരിച്ച ശേഷം റോഡ് അപകടങ്ങളിലെ മരണസംഖ്യയില്‍ ചെറിയ തോതിലെങ്കിലും കുറവ് ഉണ്ടായിട്ടുണ്ട്. ഏഴ് സുരക്ഷാ സംവിധാനങ്ങള്‍ അടങ്ങിയതാണ് പുതിയ ലൈസന്‍സ് കാര്‍ഡ്. െ്രെഡവിംഗ് ലൈസന്‍സുകള്‍ സ്മാര്‍ട്ട് ആക്കുന്നതിന് ആദ്യം നടപടി ആരംഭിച്ച സംസ്ഥാനമാണ് കേരളം. എന്നാല്‍ കോടതി വ്യവഹാരങ്ങളിലൂടെ നടപടി നീണ്ടു പോയി. വിദേശരാജ്യങ്ങളിലുള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് പുതിയ ലൈസന്‍സ് ആധികാരിക രേഖയായി സമര്‍പ്പിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. സ്മാര്‍ട്ട് െ്രെഡവിംഗ് ലൈസന്‍സുകള്‍ ചടങ്ങില്‍ പങ്കെടുത്ത മന്ത്രിമാരായ പി. രാജീവ്, ജി. ആര്‍. അനില്‍ എന്നിവര്‍ക്ക് മുഖ്യമന്ത്രി കൈമാറി. ഗതാഗത വകുപ്പ് മന്ത്രി ആന്റണിരാജു അധ്യക്ഷത വഹിച്ചു. വി. കെ. പ്രശാന്ത് എം. എല്‍. എ, ഗതാഗത സെക്രട്ടറി ബിജു പ്രഭാകര്‍, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീജിത്ത്, വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു

മേയ് 19 വരെ എ ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കില്ല: മന്ത്രി ആന്റണിരാജു

തിരുവനന്തപുരം: സംസ്ഥാനത്ത് മേയ് 19 വരെ എ ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണിരാജു പറഞ്ഞു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറ ഉള്‍പ്പെടുന്ന ഡിജിറ്റല്‍ എന്‍ഫോഴ്‌സ്‌മെന്റ് പദ്ധതിയുടെയും പിവിസി പെറ്റ്ജി കാര്‍ഡ് െ്രെഡവിംഗ് ലൈസന്‍സുകളുടെയും ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ കാലയളവ് ബോധവത്ക്കരണ മുന്നറിയിപ്പ് മാസമായി ആചരിക്കും. ഈ സമയം നിയമം ലംഘിക്കുന്നവരുടെ മൊബൈലില്‍ ഇതേക്കുറിച്ച് സന്ദേശമെത്തും. നിയമലംഘനത്തിന്റെ പിഴ എത്രയാണെന്ന അറിയിപ്പുമുണ്ടാവും. ഇപ്പോള്‍ എ. ഐ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് മറ്റൊരിടത്തേക്ക് ആവശ്യമെങ്കില്‍ വേഗത്തില്‍ മാറ്റി സ്ഥാപിക്കാന്‍ കഴിയും.
െ്രെഡവിംഗ് ലൈസന്‍സ് കാര്‍ഡുകള്‍ സ്മാര്‍ട്ട് ആകുന്നതുപോലെ ആര്‍ സി ബുക്കുകളും സ്മാര്‍ട്ട് കാര്‍ഡുകളാക്കുമെന്ന് മന്ത്രി പറഞ്ഞു. മേയ് മുതല്‍ ഇത് നടപ്പാകും. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. റോഡുകള്‍ മെച്ചപ്പെടുന്ന സാഹചര്യത്തില്‍ വാഹനങ്ങളുടെ നിലവില്‍ നിശ്ചയിച്ചിട്ടുള്ള വേഗത ഉയര്‍ത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കും. ഇപ്പോള്‍ കൈവശമുള്ള ലൈസന്‍സുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കി മാറ്റാം. ഇതിനായി ഒരു വര്‍ഷത്തിനുള്ളില്‍ അപേക്ഷിക്കുന്നവര്‍ 200 രൂപയും പോസ്റ്റല്‍ ചാര്‍ജും അടച്ചാല്‍ മതി. അതിനു ശേഷം ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ് എടുക്കുന്നതിനുള്ള 1200 രൂപയും പോസ്റ്റല്‍ ചാര്‍ജും അടയ്‌ക്കേണ്ടി വരും.
ഇരുചക്ര വാഹനങ്ങളില്‍ രണ്ടിലധികം പേര്‍ യാത്ര ചെയ്യരുതെന്നത് കേന്ദ്ര നിയമമാണ്. ഇതില്‍ മാറ്റം വരുത്താനുള്ള അധികാരം സംസ്ഥാനത്തിനില്ല. അമിത വേഗത കണ്ടെത്താനുള്ള നാലു മൊബൈല്‍ യൂണിറ്റുകളും നിരത്തിലെത്തിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. കേന്ദ്രം നിശ്ചയിച്ചിരിക്കുന്ന പിഴ തുകയേക്കാള്‍ കുറവാണ് സംസ്ഥാനം ഈടാക്കുന്നത്.
കേരളത്തില്‍ 2007 ല്‍ 40 ലക്ഷം വാഹനം ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ 1.67 കോടി വാഹനങ്ങളുണ്ട്. ഒരു വര്‍ഷം ശരാശരി 40,000 വാഹനാപകടങ്ങള്‍ ഉണ്ടാകുന്നു. ഇതില്‍ 4000 മരണം സംഭവിക്കുന്നുണ്ട്. 58 ശതമാനവും ഇരുചക്ര വാഹന യാത്രികരാണ്. 25 ശതമാനം കാല്‍നടയാത്രക്കാരാണ്. ഹെല്‍മെറ്റും സീറ്റ്‌ബെല്‍റ്റും ധരിക്കാത്തതിനാലാണ് മരണത്തില്‍ പകുതിയും സംഭവിക്കുന്നതെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.