കോവിഡ് മുന്‍കരുതല്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം: മന്ത്രി വീണാ ജേര്‍ജ്

സ്‌റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേര്‍ന്നു

ആശങ്ക വേണ്ട; മാസ്‌ക് കൃത്യമായി ധരിക്കണം

തിരുവനന്തപുരം: മറ്റ് രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ കുറവാണ്. ഡിസംബര്‍ മാസത്തില്‍ ആകെ 1431 കേസുകള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളത്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. പുതിയ കോവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലാണ്. അതിനാല്‍ തന്നെ ജാഗ്രത വേണം. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കാനും മന്ത്രി നിര്‍ദേശം നല്‍കി. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന സ്‌റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം യോഗത്തിലാണ് നിര്‍ദേശം നല്‍കിയത്.
ആശങ്ക വേണ്ട എങ്കിലും കോവിഡ് ബാധിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കേണ്ടതാണ്. അവധിക്കാലം കൂടുതല്‍ ശ്രദ്ധിക്കണം. എല്ലാവരും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. പ്രായമായവര്‍ക്കും അനുബന്ധ രോഗമുള്ളവര്‍ക്കും കുട്ടികള്‍ക്കും പ്രത്യേക കരുതല്‍ വേണം. ഇടയ്ക്കിടയ്ക്ക് സോപ്പും വെള്ളവുമുപയോഗിച്ച് കൈ കഴുകണം. പുറത്ത് പോയി വന്നതിന് ശേഷം കൈ കഴുകേണ്ടതാണ്. കരുതല്‍ ഡോസ് ഉള്‍പ്പെടെ വാക്‌സിന്‍ എടുക്കാത്തവര്‍ എല്ലാവരും വാക്‌സിന്‍ എടുക്കണം. രോഗലക്ഷണമുള്ളവരെ കൂടുതലായി കോവിഡ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കി. പുതിയ വകഭേദങ്ങളെ നിരീക്ഷിക്കാനായി ജനിതക ശ്രേണീകരണം ശക്തിപ്പെടുത്തും.
പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുത്. കോവിഡ് രോഗലക്ഷണമുണ്ടെങ്കില്‍ പുറത്തിറങ്ങാതെ വിശ്രമിക്കേണ്ടതും ചികിത്സ തേടേണ്ടതുമാണ്. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. ആശുപത്രി അഡ്മിഷന്‍ നിരന്തരം നിരീക്ഷിക്കണം. രോഗികളുടെ എണ്ണം വര്‍ധിക്കുന്നത് മുന്നില്‍ കണ്ട് കോവിഡിനായി ആശുപത്രി സൗകര്യങ്ങള്‍ കൂട്ടാനും നിര്‍ദേശം നല്‍കി.
എന്‍എച്ച്എം സ്‌റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍മാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍, ആര്‍.ആര്‍.ടി. അംഗങ്ങള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

കോവിഡ്: സംസ്ഥാനത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: മറ്റു രാജ്യങ്ങളില്‍ കോവിഡ് വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വളരെ കുറവാണ്. എങ്കിലും കോവിഡ് ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കണം.
കോവിഡില്‍ പഠിച്ച പാഠങ്ങള്‍ വീണ്ടും ശീലമാക്കണം. പനി, ജലദോഷം, തൊണ്ടവേദന എന്നിവ ബാധിച്ചാല്‍ അവഗണിക്കരുത്. ചികിത്സ തേടണം. കോവിഡ് രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി
ന്യൂ ദല്‍ഹി: ചില രാജ്യങ്ങളില്‍ കോവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ കൊവിഡ്19 സാഹചര്യവും, നിരീക്ഷണത്തിനും നിയന്ത്രണത്തിനും വേണ്ടിയുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ തയ്യാറെടുപ്പുകളും അവലോകനം ചെയ്യുന്നതിനുള്ള ഉന്നതതല യോഗത്തില്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മന്‍സുഖ് മാണ്ഡവ്യ അധ്യക്ഷത വഹിച്ചു. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍, നിതി ആയോഗ് അംഗം (ആരോഗ്യം) ഡോ വി കെ പോള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പൊതുജനാരോഗ്യ വിദഗ്ധര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, അമേരിക്ക അടക്കമുള്ള ലോക രാജ്യങ്ങളില്‍ കോവിഡ് 19 കേസുകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലും വരാനിരിക്കുന്ന ഉത്സവ സീസണ്‍ കണക്കിലെടുത്തും വെല്ലുവിളികള്‍ നേരിടാന്‍ ജാഗ്രത പാലിക്കേണ്ടതിന്റെ പ്രാധാന്യം കേന്ദ്ര ആരോഗ്യമന്ത്രി എടുത്തുപറഞ്ഞു. കോവിഡ് അവസാനിച്ചിട്ടില്ലെന്ന് അടിവരയിട്ട് ആവര്‍ത്തിച്ച് പറഞ്ഞ മന്ത്രി, പൂര്‍ണ്ണ സജ്ജരാകാനും നിരീക്ഷണം ശക്തമാക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പിന്തുടരാനും കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് എടുക്കാനും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പുതിയ വകഭേദങ്ങള്‍ രാജ്യത്ത് പ്രചരിക്കുന്നുണ്ടെങ്കില്‍ അവ യഥാസമയം കണ്ടെത്തുന്നുവെന്ന് ഉറപ്പാക്കാന്‍, വകഭേദങ്ങള്‍ നിരീക്ഷിച്ച്, സ്ഥിരീകരിച്ച കോവിഡ് കേസുകളുടെ ജനിതക ശ്രേണീകരണത്തിനുള്ള സംവിധാനം ശക്തിപ്പെടുത്താന്‍ ഡോ. മന്‍സുഖ് മാണ്ഡവ്യ നിര്‍ദ്ദേശിച്ചു.