പ്രക്ഷോഭങ്ങളിലെ അക്രമം നാടിന്റെ സ്വൈര്യവും സമാധാനവും തകര്‍ക്കാനുള്ള ഗൂഢോദ്ദേശ്യം: മുഖ്യമന്ത്രി

തൃശൂര്‍: നാടിന്റെസ്വൈര്യവുംസമാധാനവും ശാന്ത ജീവിതവും തകര്‍ക്കുകയെന്ന ഹീനലക്ഷ്യത്തോടെയും വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെയും ചില പ്രക്ഷോഭങ്ങള്‍ അക്രമ സമരത്തിലേക്കു മാറുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം ആക്രമണത്തിലൂടെ അക്രമികള്‍ പ്രതീക്ഷിക്കുന്നതെന്താണെന്നു തിരിച്ചറിയാന്‍ വിവേകമുള്ള പൊലീസ് സേനയ്ക്കു കഴിഞ്ഞതുകൊണ്ടാണ് നാട് ഇന്നത്തെ അന്തരീക്ഷത്തില്‍ നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ കേരള പൊലീസ് അക്കാദമിയില്‍ വനിതാ പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ ഓണ്‍ലൈനായി അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
വര്‍ത്തമാനകാലത്ത് വിവിധ രീതിയിലുള്ള പരീക്ഷണഘട്ടങ്ങള്‍ പൊലീസിനു നേരിടേണ്ടിവരുന്നുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അക്രമ സമരങ്ങളുടെ ഭാഗമായി പൊലീസിനു നേര്‍ക്ക് വ്യാപകമായ ആക്രമണമുണ്ടാകുന്നു. പൊലീസ് സ്‌റ്റേഷനുകള്‍ ആക്രമിക്കുമെന്നു പരസ്യമായി ഭീഷണിമുഴക്കുന്നു. ഇതിന് ആഹ്വാനം ചെയ്തവരടക്കം അക്രമം സംഘടിപ്പിക്കാന്‍ തയാറാകുന്നു. പൊലീസ് സ്‌റ്റേഷന്‍ ആക്രമിക്കപ്പെടുകയും നിരവധി പൊലീസുകാര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്യുന്നു. വ്യക്തമായ ഗൂഢോദ്ദേശ്യത്തോടെയാണ് ഇതെല്ലാം ചെയ്യുന്നത്. അക്രമത്തിന് ആഹ്വാനം ചെയ്യുന്നവര്‍ ആഗ്രഹിക്കുന്ന തരത്തിലേക്കു നാട് മാറാതിരുന്നത് പൊലീസ് സേനകാണിച്ച ധീരോദാത്തമായ സംയമനംമൂലമാണെന്നു സര്‍ക്കാര്‍ തിരിച്ചറിയുന്നു. വ്യക്തമായും കൊലപ്പെടുത്താന്‍ ഉദ്ദേശ്യത്തോടെയുള്ള ആക്രമണങ്ങളാണ് അരങ്ങേറുന്നത്. സമചിത്തത കൈവിടാതെയും തങ്ങളില്‍ അര്‍പ്പിതമായ ഉത്തരവാദിത്തത്തിന്റെ ഭാഗമായി നാട് മറ്റൊരുതരത്തിലേക്കു മാറിക്കൂടെന്ന ദൃഢനിശ്ചയത്തോടെയും ആത്മസംയമനം പാലിച്ച് അക്രമികളെ നേരിടാന്‍ തയാറായ പൊലീസ് സേനയെ ഹാര്‍ദമായി അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
പരിശീലനത്തിലൂടെ ലഭിച്ച അറിവുകളാണു മികച്ച കൃത്യനിര്‍വഹണത്തിനും സമൂഹത്തെ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ സേവിക്കുന്നതിനും പൊലീസ് സേനയെ പ്രാപ്തരാക്കുന്നത്. പൊലീസ് സേനയില്‍ ഉന്നത വിദ്യാഭ്യാസം നേടിയവര്‍ ഇപ്പോള്‍ ധാരാളമായി കടന്നുവരുന്നുണ്ട്. പ്രൊഫഷണല്‍ ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമൊക്കെ ഇതിലുണ്ട്. സേനയുടെ മികവാര്‍ന്ന പ്രവര്‍ത്തനത്തിന് ഇത് ഇടയാക്കുന്നുണ്ട്. മികച്ച പ്രവര്‍ത്തനത്തിലൂടെ പുതിയൊരു മുഖം പൊലീസിന് ആര്‍ജിക്കാന്‍ കഴിഞ്ഞ ഘട്ടമാണിത്. ക്രമസമാധാന രംഗത്തു മാത്രമല്ല, ദുരന്തമുഖത്ത് ജനങ്ങളുടെ സഹായിയായും സംരക്ഷകരായും പ്രവര്‍ത്തിക്കാന്‍ പൊലീസിനു കഴിയുന്നു. കുറ്റവാളികള്‍ എത്ര ഉന്നതരായാലും മുഖംനോക്കാതെയുള്ള നടപടി പൊലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. മികവാര്‍ന്ന രീതിയിലുള്ള കുറ്റാന്വേഷണവും കുറ്റവാളികളെ പിടികൂടലും നടക്കുന്നുണ്ട്. സത്യസന്ധമായി നീതിയുക്തമായി പ്രവര്‍ത്തിക്കുന്ന ഏതു പൊലീസ് ഉദ്യോഗസ്ഥനും പൂര്‍ണമായ സംരക്ഷണവും പിന്തുണയും സര്‍ക്കാരില്‍നിന്നുണ്ടാകുമെന്നതു കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്.
സ്ത്രീ സുരക്ഷയ്ക്കു വലിയ പ്രധാന്യം നല്‍കിയാണു സര്‍ക്കാര്‍ മുന്നോട്ടുനീങ്ങുന്നത്. പൊലീസ് സേനയില്‍ വനിതകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ്. 2016നു ശേഷം സം്സ്ഥാനത്ത് 445 വനിതകള്‍ പരിശീലനം പൂര്‍ത്തിയാക്കി വനിതാ ബറ്റാലിയന്റെ ഭാഗമായിട്ടുണ്ട്. പുതുതായി 109 പേര്‍കൂടി പാസിങ് ഔട്ട് പൂര്‍ത്തിയാക്കുമ്പോള്‍ ആകെ എണ്ണം 554 ആകുകയാണ്. ഇതോടൊപ്പം 23 വനിതാ സബ് ഇന്‍സ്‌പെക്ടര്‍മാരും പരിശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൊലീസ് സേനയില്‍ കൂടുതല്‍ വനിതകളെ റിക്രൂട്ട് ചെയ്യുകയും അവസരങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന പൊലീസ് മേധാവി അനല്‍കാന്ത് ഉള്‍പ്പെടെയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.