വിസ്മയ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരൺകുമാർ കുറ്റക്കാരൻ: കോടതി.

ശിക്ഷ പ്രഖ്യാപനം നാളെ.

സ്ത്രീധന പീഡനം, ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ തെളിഞ്ഞതായി കോടതി.

കിരണിൻ്റെ ജാമ്യം കോടതി റദ്ദാക്കി.

കൊല്ലം: വിസ്മയ കേസില്‍ പ്രതി കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കോടതി. സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ, ഗാര്‍ഹിക പീഡനം എന്നീ കുറ്റങ്ങള്‍ തെളിഞ്ഞെന്ന് കോടതി വ്യക്തമാക്കി. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്.

പ്രതീക്ഷിച്ച വിധിയെന്നാണ് വിസ്മയയുടെ അച്ഛന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അച്ഛന്‍ പറഞ്ഞു.

വിധിയില്‍ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ പറഞ്ഞു. വിസ്മയയുടെ ഗതി മറ്റൊരു പെണ്‍കുട്ടിക്കും വരരുതെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.

ഒരുവര്‍ഷത്തെ അധ്വാനത്തിന് ലഭിച്ച ഫലമെന്ന് ഡിവൈഎസ്പി രാജ്കുമാറും സ്ത്രീധനമെന്ന സാമൂഹിക വിപത്തിനെതിരായ വിധിയാണിതെന്ന് പ്രോസിക്യൂട്ടറും പ്രതികരിച്ചു. കിരണ്‍ കുമാറിന്റെ ജാമ്യം റദ്ദാക്കി. കേസിലെ ശിക്ഷ നാളെ വിധിക്കും.

2019 മെയ് 31 നായിരുന്നു ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി. നായരും മോട്ടോർ വാഹന വകുപ്പ് എ.എം.വി.ഐ ആയിരുന്ന ശാസ്താംകോട്ട ശാസ്താ നടയിലെ കിരൺ കുമാറുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് വർഷവും ഒരുമാസവും തികയും മുമ്പ് സ്ത്രീധന പീഡനം സഹിക്കവയ്യാതെ വിസ്മയ ആത്മഹത്യ ചെയ്തു.
101 പവൻ സ്വർണവും 1.2 ഏക്കർ സ്ഥലവും കാറും നൽകാമെന്ന ഉറപ്പിലാണ് വിവാഹം നടത്തിയതെന്ന് വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ പറഞ്ഞിരുന്നു. അതിൽ 80 പവൻ സ്വർണം മാത്രമേ നൽകാനായുള്ളു. ടൊയോട്ട യാരിസ് കാറാണ് വാങ്ങിയത്. അത് കിരണിന് ഇഷ്ടമായില്ല. അതിന്റെ പേരിലും മകളെ ഉപദ്രവിച്ചിരുന്നെന്ന് വിചാരണക്കിടെ പിതാവ് പറഞ്ഞു.