വിഴിഞ്ഞം തുറമുഖ സബ്‌സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തു; പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്നു മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുടെ ഭാഗമായി പദ്ധതി പ്രദേശത്തു നിര്‍മിച്ച 33 കെവി / 11 കെവി സബ് സ്‌റ്റേഷന്‍ പ്രവര്‍ത്തനം തുടങ്ങി. തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തിയാക്കി തുറമുഖം ഉടന്‍ യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
പദ്ധതി അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാരും നാട്ടുകാരും കരാര്‍ കമ്പനിയും കൈമെയ് മറന്നു പരിശ്രമിക്കുകയാണ്. തുറമുഖത്ത് ആദ്യ കപ്പല്‍ അടുക്കുന്നതു രാജ്യത്തിന്റെ വികസന ചരിത്രത്തിലെ പുതിയ അധ്യായമായിരിക്കും. നാലു ഘട്ടങ്ങളിലായാകും പദ്ധതി പൂര്‍ത്തിയാക്കുക. ആദ്യ ഘട്ടത്തിലെ 400 മീറ്റര്‍ ടെര്‍മിനലുകള്‍ ഉടന്‍ നിര്‍മാണം പൂര്‍ത്തിയാക്കും. പോര്‍ട്ടിന്റെ ബാഹ്യ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അതീവശ്രദ്ധയാണു സര്‍ക്കാര്‍ പുലര്‍ത്തുന്നത്. ഇതിന്റെ ഭാഗമായി പദ്ധതിക്കാവശ്യമായ ഭൂമി ഏറ്റെടുക്കക്കലും പുനരധിവാസവും പൂര്‍ത്തിയാക്കി. തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാര പാക്കേജ് നല്‍കുന്നതിനും നടപടി സ്വീകരിച്ചു. പുനരധിവാസത്തിനായി 20 കോടി രൂപയാണു കേന്ദ്ര സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ സംസ്ഥാനം 100 കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചു. അര്‍ഹരായ ആരെങ്കിലും ഇതില്‍നിന്നു വിട്ടുപോയിട്ടുണ്ടെങ്കില്‍ അവരെയും ഇതിന്റെ പരിധിയില്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പദ്ധതിയുടെ റെയില്‍വെ കണക്ടിവിറ്റിക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. പദ്ധതിക്ക് ആവശ്യമുള്ള നൈപുണ്യമുള്ള തൊഴിലാളികളെ വാര്‍ത്തെടുക്കാന്‍ 50 കോടി രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച അസാപ്പിന്റെ കെട്ടിടവും, തുറമുഖത്തിന് മാത്രമായി ഒരു ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ സ്ഥപിക്കുന്നതിനുള്ള നടപടികളും മുന്നോട്ട് പോവുകയമാണ്. കേരളത്തിന്റെ കടല്‍ തീരം അടിസ്ഥാനമാക്കി പുതിയ ചെറുകിട തുറമുഖങ്ങളും അനുബന്ധ വ്യവസായങ്ങളും വികസിപ്പിക്കുവാനും സര്‍ക്കാറിന് ഉദ്ദേശ്യമുണ്ടെന്നും മന്ത്രി പറഞ്ഞു.
കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ കാട്ടാക്കടയില്‍നിന്നാണു വിഴിഞ്ഞം തുറമുഖത്തേക്കു വൈദ്യുതി എത്തിക്കുന്നത്. ഇതിനായി ബാലരാമപുരം വഴി 220 കെവി ലൈനിലൂടെ മുക്കോലയില്‍ വൈദ്യുതി എത്തിക്കുന്നതിനുള്ള മെയിന്‍ ഗ്യാസ് ഇന്‍സുലേറ്റഡ് റിസീവിങ് സബ് സ്‌റ്റേഷന്റെ നിര്‍മാണം നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. ഇവിടെനിന്ന് 33 കെവിയിലേക്കു വൈദ്യുതി സ്‌റ്റെപ്ഡൗണ്‍ ചെയ്തു സ്വിച്ച് ഗിയര്‍ മുഖേന ഭൂമിക്കടിയിലൂടെ നാലു മീറ്റര്‍ കേബിള്‍ വഴി തുറമുഖത്തെ 33 കെവി സബ്‌സ്‌റ്റേഷനുമായി ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ഇത് വീണ്ടും 11 കെവിയിലേക്കു സ്‌റ്റെപ് ഡൗണ്‍ ചെയ്തു സ്വിച്ച് ഗിയര്‍ മുഖേന തുറമുഖത്തെ സ്വിച്ചിങ് സ്‌റ്റേഷനിലേക്കു വൈദ്യുതി എത്തിക്കും. സബ് സ്‌റ്റേഷന്റെ സ്വിച്ച് ഓണ്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി നിര്‍വഹിച്ചു.
പൊതുവിദ്യാഭ്യാസ, തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായി പങ്കെടുത്തു. എം. വിന്‍സന്റ് എം.എല്‍.എ, തുറമുഖ വകുപ്പ് സെക്രട്ടറി കെ. ബിജു, വാര്‍ഡ് കൗണ്‍സിലര്‍ ഓമനയമ്മ, വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ള, അദാനി പോര്‍ട്ട് സി.ഇ.ഒ രാജേഷ് കുമാര്‍ ഝാ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.