കൊച്ചി: വ്യാപാര്‍ 2022 ല്‍ നടന്ന വിവിധ ബിടുബി മീറ്റുകളിലൂടെ 105 കോടിയുടെ വാണിജ്യ ഇടപാടുകള്‍ക്ക് അവസരമൊരുക്കി സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ ത്രിദിന പ്രദര്‍ശന മേളയ്ക്ക് സമാപനം. 2417 വ്യാപാര കൂടിക്കാഴ്ചകളാണ് വ്യാപാറില്‍ നടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 324 സെല്ലര്‍മാരും 330 ബയര്‍മാരുമായുള്ള കൂടിക്കാഴ്ചയ്ക്കും കൊച്ചി ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയം ഗ്രൗണ്ടിലെ പ്രദര്‍ശനമേള വേദിയായി.
വ്യാപാര സാധ്യതകള്‍ ഊട്ടിയുറപ്പിക്കുന്നതിനായി അടുത്തയാഴ്ച വെര്‍ച്വല്‍ മീറ്റുകള്‍ സംഘടിപ്പിക്കും. കൊവിഡ് പ്രതിസന്ധി നേരിട്ട എംഎസ്എംഇ യൂണിറ്റുകള്‍ക്ക് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് ദേശീയ വിപണി നേടിയെടുക്കുന്നതിന് ഊന്നല്‍ നല്കിയ മേള സംരംഭകത്വ ലോകത്ത് സാങ്കേതിക കഴിവുകള്‍ വളര്‍ത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളും നല്കി.
ഏഴ് പ്രധാന സാമ്പത്തിക മേഖലകളിലാണ് മേള ശ്രദ്ധ കേന്ദ്രീകരിച്ചത്. ഇതില്‍ ഏറ്റവുമധികം വ്യാപാര ഇടപാടുകള്‍ നടന്നത് ഭക്ഷ്യസംസ്കരണത്തിലും ആയുര്‍വേദത്തിലുമാണ്. കൈത്തറി, തുണിത്തരങ്ങള്‍ എന്നിവയാണ് പിറകെ. 331 സ്റ്റാളുകളാണ് പ്രദര്‍ശന മേളയില്‍ ഉണ്ടായിരുന്നത്.
വ്യാപാറിലെ ബി2ബി മീറ്റുകളിലൂടെ 105,19,42,500 രൂപയുടെ ബിസിനസ് സൃഷ്ടിക്കാനാണ് സാഹചര്യമൊരുങ്ങിയത്. എംഎസ്എംഇകള്‍ വര്‍ധിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ഏറ്റവും പുതിയ ശ്രമമെന്ന നിലയിലാണ് വ്യാപാര്‍ 2022 നെ ഏകോപിപ്പിച്ചത്. 324 സെല്ലര്‍മാരില്‍ 15 എണ്ണം സര്‍ക്കാര്‍ ഏജന്‍സികളായിരുന്നു.
നിയമ, വ്യവസായ, കയര്‍ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്ത വ്യാപാര്‍ അഖിലേന്ത്യാ വ്യാപാര വാണിജ്യ സംഘടനകളുടെ പ്രതിനിധികള്‍, ബിസിനസ് കണ്‍സോര്‍ഷ്യങ്ങള്‍, ഇ-കൊമേഴ്സ് എക്സിക്യൂട്ടീവുകള്‍, കയറ്റുമതിക്കാര്‍, മുന്‍നിര ഉപഭോക്താക്കള്‍ തുടങ്ങിയവരുടെ ഒത്തുചേരലിന് അവസരമൊരുക്കി.
ബ്രാന്‍ഡഡ് ആയതും അല്ലാത്തതുമായ നിരവധി എംഎസ്എംഇ ഉത്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിച്ചു. ഭക്ഷ്യസംസ്കരണം (ഭക്ഷണവും സുഗന്ധവ്യഞ്ജനങ്ങളും), കൈത്തറി, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ (ഫാഷന്‍ ഡിസൈനും ഫര്‍ണിഷിംഗ് ഉല്‍പ്പന്നങ്ങളും), റബ്ബര്‍, കയറുല്‍പ്പന്നങ്ങള്‍, ആയുര്‍വേദവും ഹെര്‍ബലും (സൗന്ദര്യവര്‍ധക വസ്തുക്കളും ന്യൂട്രാസ്യൂട്ടിക്കല്‍സും), ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ്, കരകൗശല വസ്തുക്കള്‍, കൈത്തറി തുണിത്തരങ്ങള്‍, മുള ഉത്പന്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പരമ്പരാഗത മേഖലകള്‍ എന്നിവയായിരുന്നു മേളയിലെ കേന്ദ്രീകൃത മേഖലകള്‍. സമാപന ദിനം മേളയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നതിനാല്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.
331 എക്സിബിഷന് സ്റ്റാളുകളില്‍ 65 എണ്ണവും വനിതാ സംരംഭകരുടേതാണെന്നത് ആഭ്യന്തര ബയേഴ്സിന്റെയും ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള ആഗോള ഇ-കൊമേഴ്സ് ഭീമന്മാരുടെയും ശ്രദ്ധയും അഭിനന്ദനവും നേടിയെടുക്കാന്‍ അവസരമൊരുക്കി.