അഗ്നിപഥിനെതിരായ പ്രതിഷേധം; അഗ്നിവീരര്‍ക്ക് കൂടുതല്‍ മുന്‍ഗണന പ്രഖ്യാപിച്ച് കേന്ദ്രം

ന്യൂദല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ പ്രക്ഷോഭങ്ങള്‍ ശമിപ്പിക്കുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായി അഗ്നീവീരര്‍ക്ക് കൂടുതല്‍ സംവരണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര സായുധസേന പോലീസിലും അസം റൈഫിള്‍സിലും അഗ്നീവിരര്‍ക്ക് പത്ത് ശതമാനം സംവരണമുണ്ടാകുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയവും അഗ്നിവീരര്‍ക്ക് പത്ത് ശതമാനം സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ ഇന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിം മൂന്ന് സേനാവിഭാഗം മേധാവികളുമായും കൂടികാഴ്ച്ച് നടത്തിയിരുന്നു.
അഗ്‌നിവീര്‍ പദ്ധതി വഴി സൈനിക സേവനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അര്‍ധ സൈനിക വിഭാഗങ്ങളില്‍ സംവരണം നല്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപനം. പത്തു ശതമാനം ഒഴിവുകള്‍ അഗ്‌നിവീറുകള്‍ക്കായി മാറ്റിവയ്ക്കും. അസം റൈഫിള്‍സിലും സംവരണം നല്കാനും നിയമനത്തിനുള്ള പ്രായപരിധിയില്‍ മൂന്നു വര്‍ഷം ഇളവ് നല്കാനും തീരുമാനമായി. ഈ വര്‍ഷം അഗ്‌നിപഥ് വഴി സേനയില്‍ ചേരുന്നവര്‍ക്ക് അഞ്ച് വയസ്സിന്റെ ഇളവും ലഭിക്കും.
അതിനിടെ അഗ്‌നിപഥ് പദ്ധതി വഴിയുള്ള റിക്രൂട്ട്‌മെന്റുമായി മുന്നോട്ടു പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശനല്കി. കേന്ദ്ര പ്രതിരോധ മന്ത്രാലയമാണ് സായുധ സേനകള്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്കിയത്.അതിനിടെ അഗ്‌നിപഥ് പദ്ധതിക്കെതിരെ ഉയര്‍ന്നുവരുന്ന പ്രതിഷേധങ്ങള്‍ രാജ്യത്തെ യുവാക്കളുടെ വികാരത്തിന്റെ വ്യക്തമായ സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. രാജ്യത്തെ യുവാക്കളുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കേന്ദ്രം തയ്യാറാവണമെന്നും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.നമ്മുടെ രാജ്യത്തിന്റെ താല്‍പ്പര്യം കണക്കിലെടുത്ത് ഈ പദ്ധതി നിര്‍ത്തിവെക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അഗ്നിപഥ് പദ്ധതിക്കെതിരായി സംസ്ഥാനത്തും ഇന്ന് പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നിരുന്നു.