തിരുവനന്തപുരം: സ്ത്രീകള്‍ക്കായുള്ള പല നിയമങ്ങളും നിയമ നിര്‍മാണ സഭകളില്‍ പാസാക്കുന്നുണ്ടെങ്കിലും അവ നടപ്പിലാക്കുന്നതില്‍ നമ്മുടെ രാജ്യം പിന്നിലാണെന്ന് പശ്ചിമ ബംഗാള്‍ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ശശി പഞ്ച. കേരള നിയമസഭ സംഘടിപ്പിച്ച വനിതാ സാമാജികരുടെ ദേശീയ സമ്മേളനത്തില്‍ ‘സ്ത്രീകളുടെ അവകാശങ്ങളും നിയമവ്യവസ്ഥയിലെ വിടവുകളും’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സ്ത്രീധന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം, ശൈശവ വിവാഹ നിരോധന നിയമം, വിദ്യാഭ്യാസ അവകാശ നിയമം തുടങ്ങിയ പല നിയമങ്ങളും രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെങ്കിലും അവ കാര്യക്ഷമമായി നടപ്പിലാക്കുന്നതില്‍ പിഴവുകള്‍ ഉണ്ടാകുന്നുണ്ട്.
വീടുകളിലും വിദ്യാലയങ്ങളിലും തൊഴിലിടങ്ങളിലും ഉള്‍പ്പെടെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീകള്‍ വിവേചനം നേരിടുന്നു. വിദ്യാഭ്യാസവും സാമ്പത്തിക സ്വാതന്ത്ര്യവും സ്ത്രീകള്‍ക്ക് നല്കുന്ന ആത്മവിശ്വാസം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് ശശി പഞ്ച അഭിപ്രായപ്പെട്ടു. കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്, ഡല്‍ഹി ഡെപ്യൂട്ടി സ്പീക്കര്‍ രാഖി ബിര്‍ള, രാജസ്ഥാന് മുന്‍ മന്ത്രിയും എംഎല്‍എയുമായ അനിത ഭാട്ടീല്‍ എന്നിവര്‍ വിഷയാവതരണം നടത്തി.
നിയമ സംവിധാനത്തില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കൂടുതലുള്ള സംസ്ഥാനമാണ് കേരളമെന്ന് ജസ്റ്റിസ് അനു ശിവരാമന് പറഞ്ഞു. 1961ല്‍ സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നെങ്കിലും ഇപ്പോഴും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നിയമത്തിലെ പഴുതുകള്‍ കൊണ്ടാണെന്നും അനു ശിവരാമന് ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം നേടേണ്ടതിന്റെയും സ്ത്രീസംരക്ഷണ നിയമങ്ങളെക്കുറിച്ച് അവബോധരാകേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി ഡല്‍ഹി ഡെപ്യൂട്ടി സ്പീക്കര്‍ രാഖി ബിര്‍ള സംസാരിച്ചു. സെമിനാറില്‍ എംഎല്‍എ അഡ്വ. കെ ശാന്തകുമാരി സ്വാഗതവും മുന്‍ എംഎല്‍എ ഇ.എസ് ബിജിമോള്‍ നന്ദിയും പറഞ്ഞു