തിരുവനന്തപുരം: ജലസുരക്ഷ ഉറപ്പ് വരുത്തുന്നതിലും കാലാവസ്ഥാ വ്യതിയാനത്തിലും സംസ്ഥാനം ബഹുമുഖമായ പ്രശ്നങ്ങള്‍ നേരിടുന്നതായി തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷ്. ‘ഗ്രാമീണ ഇന്ത്യയുടെ ജല സുരക്ഷയും കാലാവസ്ഥ പൊരുത്തപ്പെടലും എന്ന പദ്ധതിയില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ബഹുമുഖമായ പ്രശ്നങ്ങളാണ് കേരളം അനുഭവിക്കുന്നത്. ഒരുവശത്ത് തീവ്ര മഴ ലഭിക്കുമ്പോള്‍ മറുവശത്ത് രൂക്ഷ വരള്‍ച്ച നേരിടുന്നു. ഇതിനൊക്കെ പുറമെ കുടിവെള്ളം മലിനമാകുന്ന പ്രശ്നമുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ രൂക്ഷമായ പ്രത്യാഘാതം അനുഭവപ്പെടാന്‍ സാധ്യതയുള്ള ലോകത്തിലെ 100 സ്ഥലങ്ങളെക്കുറിച്ച് ഓസ്ട്രേലിയന്‍ തിങ്ക്ടാങ്ക് നടത്തിയ പഠനത്തില്‍ കേരളം 54ാം സ്ഥാനത്താണെന്ന് മന്ത്രി രാജേഷ് ചൂണ്ടിക്കാട്ടി.
അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിലെ ഒരു ചീന്താണ് കേരളം. 2018, 2019 വര്‍ഷങ്ങളിലെ പ്രളയം, സുനാമി, ഓഖി അനുഭവങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്. പ്രളയം ഉണ്ടായി ഒരു മാസം കഴിഞ്ഞപ്പോള്‍ നാം വരള്‍ച്ചയും നേരിട്ടു. ഇത്തരത്തില്‍ ബഹുമുഖമായ വെല്ലുവിളികളാണ് സംസ്ഥാനം നേരിടുന്നത്. കാലാവസ്ഥാവ്യതിയാനവും ജല സുരക്ഷയും വ്യത്യസ്ത വിഷയങ്ങള്‍ അല്ല, ബന്ധപ്പെട്ടതാണ്. രണ്ടിനെയും കൂട്ടായി കണ്ടു സംബോധന ചെയ്യേണ്ടതുണ്ട്. ‘തെളിനീരൊഴുകും നവകേരളം’, ‘നീരുറവ’ പദ്ധതികള്‍ ഇതിനായുള്ള ശ്രമത്തിന്റെ ഭാഗമാണ്.
ഭൂഗര്‍ഭജലവിതാനം സെമി ക്രിട്ടിക്കല്‍ മേഖലയിലായിരുന്ന തിരുവനന്തപുരം കാട്ടാക്കടയില്‍ അഞ്ചുവര്‍ഷംകൊണ്ട് നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഫലമായി അവിടത്തെ ഭൂഗര്‍ഭജലവിതാനം സുരക്ഷിതമായ നിലയിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത് തദ്ദേശ സ്വയംഭരണ മന്ത്രി ചൂണ്ടിക്കാട്ടി. ‘മാതൃകാപരമായ കാട്ടാക്കടയുടെ അനുഭവത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് തൃത്താലയില്‍ ഇപ്പോള്‍ ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തുന്ന പദ്ധതി നടപ്പാക്കുന്നത്,’ മന്ത്രി പറഞ്ഞു.
പക്ഷേ ഇത്തരം ഒറ്റപ്പെട്ട മാതൃകകള്‍ മതിയാവില്ല നാം നേരിടുന്ന ജല സുരക്ഷയും കാലാവസ്ഥാവ്യതിയാനവും പോലുള്ള രൂക്ഷമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍. ജലസുരക്ഷ ഉറപ്പുവരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ഗ്രാവീണ തൊഴിലുറപ്പ് പദ്ധതിക്ക് ഗണ്യമായ പങ്ക് വഹിക്കാനുണ്ട്. പരിപാടിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ (നാച്ചുറല്‍ റിസോഴ്സ് മാനേജ്മെന്റ് ആന്റ് അഗ്രോ ഇക്കോളജി) രാജീവ് അഹല്, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മിഷന് ഡയറക്ടര്‍ അനു കുമാരി തുടങ്ങിയവര്‍ സംസാരിച്ചു. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റേയും ജലശക്തി മന്ത്രാലയത്തിന്റെയും പങ്കാളിത്തത്തോടെ ജര്‍മ്മന്‍ ഫെഡറേഷന് മന്ത്രാലയത്തിന്റെ സാമ്പത്തിക സഹകരണത്തില്‍ കമ്മീഷന് ചെയ്ത ഉഭയകക്ഷി പദ്ധതിയാണ് ‘ഗ്രാമീണ ഇന്ത്യയുടെ ജല സുരക്ഷയും കാലാവസ്ഥ പൊരുത്തപ്പെടലും’. കേരളത്തില്‍ കാസര്‍കോട്, പാലക്കാട് ജില്ലകളാണ് പദ്ധതി നടപ്പിലാക്കുന്നതിന് തിരഞ്ഞെടുത്തിട്ടുള്ളത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍, മലമ്പുഴ, തൃത്താല ബ്ലോക്കുകളിലും കാസര്‍കോട് ജില്ലയിലെ നീലേശ്വരം കാറഡുക്ക ബ്ലോക്കിലും ആണ് പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക.