കൊല്ലം: ഓരോ സാഹിത്യരചനയും ആത്മവിമര്‍ശനമായിരിക്കണമെന്നും ഏതെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായിരിക്കരുത് എഴുത്തെന്നും വയലാര്‍ അവാര്‍ഡ് ജേതാവ് അശോകന്‍ ചരുവില്‍ പറഞ്ഞു. വലിയൊരു സാംസ്കാരിക അധിനിവേശത്തിന്റെ ഇരകളാണ് നമ്മള്‍. പ്രതിലോമ ആശയങ്ങള്‍, അന്യവര്‍ഗ ചിന്തകള്‍ ഒക്കെ നമ്മുടെ മനസില്‍ കടന്നുകൂടിയിട്ടുണ്ട്. ഇത് തിരിച്ചറിയുക എന്നതാണ് ഈ കാലഘട്ടത്തിലെ സാഹിത്യകാരന്റെ പ്രധാന ചുമതല. എഴുത്തുകാരന്‍ ഏതെങ്കിലും ആശയത്തിന്റെ പ്രചാരകന്‍ ആകണമെന്നില്ല എന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. കൊല്ലം പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അശോകന്‍ ചരുവില്‍.
സാഹിത്യം പത്രപ്രവര്‍ത്തന മേഖലയില്‍ നിന്നും ഇന്ന് അപ്രത്യക്ഷമായിരിക്കുന്നു. സാഹിത്യത്തെ ഇന്ന് ഗൗരവമായി കാണുന്നില്ല. എഴുതിക്കഴിഞ്ഞ കൃതി എഴുത്തുകാരന്റേതല്ല. എഴുത്ത് പൂര്‍ണ്ണമാകുന്നതോടെ എഴുത്തുകാരന്‍ അതില്‍ നിന്ന് രക്ഷപെടുന്നു. പിന്നീട് അത് വായനക്കാരന്റേതായി മാറുന്നു. വായനക്കാരന്റെ ദിശാബോധം നിര്‍ണയിക്കേണ്ടത് വിമര്‍ശനമായിരിക്കണം. അവാര്‍ഡുകള്‍ അതിനൊരു മാനദണ്ഡമല്ല. പുതിയ കുട്ടികള്‍ സാഹിത്യവിമര്‍ശനത്തില്‍ നിന്ന് അകന്നുപോകുന്നതായും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ നവോത്ഥാന മുന്നേറ്റത്തിന് തുടര്‍ച്ച ഉണ്ടായിട്ടില്ല എന്ന് ചോദ്യത്തിന് മറുപടിയായി അശോകന്‍ ചരുവില്‍ പറഞ്ഞു. മലയാളികള്‍ ചരിത്രത്തെ വളരെ ഉദാസീനമായാണ് കാണുന്നത്. കേരളീയരുടെ പുറമേ കാണുന്ന മതേതര സ്വഭാവമോ പുരോഗമന സ്വഭാവമോ അല്ല ഉള്ളാലെ ഉള്ളത്. അത് നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. മലയാളികള്‍ ചരിത്രത്തെ വളരെ ഉദാസീനമായാണ് കാണുന്നത്. കേരളത്തിലെ ജാതിയുടെ അനുഭവങ്ങള്‍ വേണ്ട രീതിയില്‍ സാഹിത്യത്തില്‍ പ്രതിഫലിച്ചിട്ടില്ല. നവോത്ഥാനമൂല്യങ്ങളെ വേണ്ടത്ര രീതിയില്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകുവാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. എല്ലാം ജാതി സംഘടനകള്‍ക്ക് വിട്ടുകൊടുത്തുകൊണ്ട് നാം മാറിനില്‍ക്കുകയാണ് ചെയ്തത്. പഴയകാല ബ്രാഹ്മണ്യാധിപത്യത്തിലേക്ക് രാജ്യത്തെ മടക്കിക്കൊണ്ടുപോകാനുള്ള ബോധപൂര്‍വ്വമായ ശ്രമം ഇവിടെ നടക്കുന്നുണ്ട്.
ഇടതുപക്ഷ രാഷ്ട്രീയക്കാരനായതുകൊണ്ടല്ല സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ ശക്തമായ വിമര്‍ശനം ഉയരുന്നതെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി അശോകന്‍ ചരുവില്‍ പറഞ്ഞു. ദളിത് ന്യൂനപക്ഷ മതവിഭാഗങ്ങളോട് താന്‍ പുലര്‍ത്തുന്ന അനുകൂല നിലപാട് പലരേയും അസ്വസ്ഥരാക്കുന്നുണ്ട്. ഇതിനെതിരേയുള്ള പ്രതികരണം എന്ന നിലയിലാണ് തന്നെ തെരെഞ്ഞുപിടിച്ച് ആക്രമിക്കുന്നത്. ജാതിമേധാവിത്വവും ഫ്യൂഡല്‍ മേധാവിത്വവും ശക്തമായി നിലനില്‍ക്കുന്നത് സാഹിത്യത്തിലാണെന്നും പുരോഗമന ചിന്താഗതിക്കാരല്ലാത്ത എഴുത്തുകാര്‍ക്ക് നിലനില്‍ക്കാന്‍ കഴിയില്ലെന്നും ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി അദ്ദേഹം പറഞ്ഞു.
പ്രസ് ക്ലബ്ബ് പ്രസിഡന്റ് ഡി ജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സനല്‍ ഡി പ്രേം സ്വാഗതം പറഞ്ഞു. ട്രഷറര്‍ കണ്ണന്‍നായര്‍, വൈസ് പ്രസിഡന്റ് മഹേഷ് കുമാര്‍, നിര്‍വാഹകസമിതി അംഗം എ കെ എം ഹുസൈന്‍ എന്നിവര്‍ അശോകന്‍ ചരുവിലിനെ ആദരിച്ചു. ജയന്‍ മഠത്തില്‍ നന്ദി പറഞ്ഞു. കൊല്ലം ശ്രീനാരായണകോളജ്, വനിതാകോളജ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളും അധ്യാപകരും മാധ്യമപ്രവര്‍ത്തകരും മുഖാമുഖത്തില്‍ പങ്കെടുത്തു.