യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി

ന്യൂദല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി യശ്വന്ത് സിന്‍ഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാര്‍ഥി.പൊതു സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാന്‍ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.സ്ഥാനാര്‍ഥിയായി സിന്‍ഹയെ ഐകകണ്‌ഠ്യേന തെരഞ്ഞെടുത്തെന്നു കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് അറിയിച്ചു. എന്‍ സി പി നേതാവ് ശരത് പവാറിന്റെ അധ്യക്ഷതയിലായിരുന്നു പ്രതിപക്ഷ പാര്‍ട്ടിനേതാക്കളുടെ യോഗം.പൊതുസമ്മതനായ സ്ഥാനാര്‍ഥി ആരെന്നതു സംബന്ധിച്ചു പ്രതിപക്ഷത്തുണ്ടായിരുന്ന വലിയ പ്രതിസന്ധി ഇതോടെ നീങ്ങി. മുമ്പ് സ്ഥാനാര്‍ഥിയാകാന്‍ പേര് നിര്‍ദേശിക്കപ്പെട്ട മൂന്നു പേരും മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള, ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവരാണ് മത്സരിക്കാനില്ലെന്ന നിലപാട് അറിയിച്ചത്.1999 മുതല്‍ 2004 വരെയുള്ള അടല്‍ ബിഹാരി വാജ്‌പേയി സര്‍ക്കാരില്‍ ധനകാര്യ, വിദേശകാര്യ മന്ത്രിയായിരുന്നു. നരേന്ദ്ര മോദിയുടെ കീഴിലുള്ള ബി ജെ പിയില്‍നിന്നു പുറത്തുവന്നശേഷം ബി ജെ പിയുടെ രൂക്ഷവിമര്‍ശകനാണ് സിന്‍ഹ.
തൃണമൂല്‍ കോണ്‍ഗ്രസില്‍ എനിക്ക് മമത നല്‍കിയ ബഹുമാനത്തിനും അന്തസിനും ഞാന്‍ നന്ദിയുള്ളവനാണ്. ഇപ്പോള്‍ ഒരു വലിയ ദേശീയ ലക്ഷ്യത്തിനായി വിശാലമായ പ്രതിപക്ഷ ഐക്യത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടിയില്‍നിന്ന് മാറിനില്‍ക്കേണ്ടസമയം വന്നിരിക്കുന്നു. ഈ നടപടി അവര്‍ അംഗീകരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും തൃണമൂല്‍ കോണ്‍ഗ്രസില്‍നിന്നുള്ള രാജി പ്രഖ്യാപിച്ച് യശ്വന്ത് സിന്‍ഹ ഇന്ന് ട്വീറ്റ് ചെയ്തു. ഐ എ എസ് ഉദ്യോഗസ്ഥനായിരുന്ന യശ്വന്ത് സിന്‍ഹ 1984ല്‍ സര്‍വിസില്‍നിന്നു രാജിവച്ചാണ് രാഷ്ട്രീയത്തിലേക്കെത്തിയത്. ജനതാദളില്‍ ചേര്‍ന്ന അദ്ദേഹം 1988ല്‍ രാജ്യസഭാംഗമായി. അഞ്ചു കൊല്ലത്തിനുശേഷം ബി ജെ പിയിലെത്തി. നരേന്ദ്ര മോദിയുടെ ആരോഹണത്തെത്തുടര്‍ന്നാണ് ബി ജെ പിയില്‍ ഒടുവിലത്തെ ഭിന്നിപ്പുണ്ടായത്. സിന്‍ഹ മോദിക്കെതിരെ പരസ്യമായി രംഗത്തുവന്നു. ഒടുവില്‍ 2018 ല്‍ പാര്‍ട്ടി വിട്ടു.