കൊല്ലം:കേരളത്തില്‍ നാളിതുവരെയുള്ള ഏറ്റവും വലിയ വ്യവസായ വളര്‍ച്ചാനിരക്കായ 17.3 ശതമാനമായത് വലിയ നേട്ടമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. ജില്ലാതല നിക്ഷേപകസംഗമം നാണി ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൊല്ലം ജില്ലയില്‍ മാത്രമായി ആകെ 130പ്രൊപ്പോസലുകളിലായി 397.58 കോടി രൂപ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. 20 വനിതാസംരംഭകരില്‍ നിന്ന് 12.31 കോടി മുതല്‍ മുടക്ക് ഉള്‍പ്പെടുന്നതാണിത്.
കശുവണ്ടി മേഖലയുടെ നിലനില്‍പ്പിനായി സ്വകാര്യമേഖലയ്ക്ക് 37 കോടി രൂപയുടെ പാക്കേജും നടപ്പിലാക്കും. ഉദ്പാദന മേഖലയില്‍ 18.9 ശതമാനം വര്‍ധനയുണ്ടായി. യു.എ.ഇ യിലേക്ക് കയറ്റുമതിയില്‍ 52.1 ശതമാനമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മെയ്ക്ക് ഇന്‍ കേരളയ്ക്കായി 100 കോടി രൂപയാണ് നീക്കി വയ്ക്കുക.
വ്യവസായ സൗഹൃദ അന്തരീക്ഷമാണ് സംസ്ഥാനത്തുള്ളതെന്നതിന്റെ തെളിവാണ് നിക്ഷേപത്തിലുണ്ടാകുന്ന വളര്‍ച്ച. ഈ സ്ഥിതി നിലനിറുത്തി മുന്നോട്ട് പോകും. 10 കോടി രൂപയ്ക്ക് മുകളിലുള്ള സംരംഭങ്ങള്‍ക്ക് ഉദ്യാഗസ്ഥതല പിന്തുണ ഉറപ്പാക്കും. ആഴ്ചതോറും പുരോഗതി വിലയിരുത്തി സംരംഭകര്‍ക്ക് ആത്മവിശ്വാസം പകരും. സംശയത്തിന്റെ കണ്ണട മാറ്റി വിശ്വാസത്തിന്റേത് ധരിക്കുകയാണ് പ്രധാനം എന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
രാവിലെ തുടങ്ങിയ നിക്ഷേപ സംഗമത്തില്‍ വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും ലഭ്യമാക്കേണ്ട ലൈസന്‍സുകളും ക്ലിയറന്‍സുകളും സംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംശയനിവാരണം നടത്തി. പദ്ധതികള്‍ അവതരിപ്പിച്ച സംരംഭകര്‍ ബാങ്ക് ഉദ്യോഗസ്ഥൻമാരുമായി ചര്‍ച്ച നടത്തി.
എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. കശുവണ്ടി വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എസ്. ജയമോഹന്‍, കെ.എസ്.എസ്.ഐ.എ സംസ്ഥാന പ്രസിഡന്റ് നാസറുദീന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ബിജു കുര്യന്‍, സംരംഭകര്‍, ബാങ്കിംഗ് മേഖലയില്‍ നിന്നുള്‍പ്പടെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വിവിധ പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു.