2000 പൊതുവിദ്യാലയങ്ങളിലെ 12 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്‌സില്‍ പരിശീലനം നല്‍കും

പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 8 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തിരുവനന്തപുരം: വിദ്യാര്‍ഥികളുടെ അറിവും കഴിവും വികസിപ്പിക്കുന്നതിനുള്ള നൂതന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളുന്ന റോബോട്ടിക് ലാബുകള്‍ ഡിസംബര്‍ മുതല്‍ കേരളത്തിലെ 2000 ഹൈസ്‌കൂളുകളില്‍ സജ്ജമാകും. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 12 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് റോബോട്ടിക്‌സ് സാങ്കേതിക വിദ്യയില്‍ പരിശീലനം നല്‍കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനും സാങ്കേതിക മേഖലയിലെ അടിസ്ഥാന നൈപുണ്യം ഉറപ്പാക്കുന്നതിനുമാണ് കൈറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നത്. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 8 ന് ഉച്ചയ്ക്ക് 12.15 ന് തിരുവനന്തപുരം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ധനമന്ത്രി കെ. എന്‍.ബാലഗോപാല്‍ മുഖ്യാതിഥിയാകും.
റോബോട്ടിക്‌സ് മേഖലയില്‍ പരിശീലനം നല്‍കുന്നതിന് 2000 ഹൈസ്‌കൂളുകള്‍ക്ക് 9000 റോബോട്ടിക്‌സ് പരിശീലന കിറ്റുകള്‍ വിതരണം ചെയ്യും. തിരഞ്ഞെടുത്ത 60,000 വിദ്യാര്‍ഥികള്‍ക്ക് 4000 കൈറ്റ് മാസ്റ്റര്‍മാരുടെ നേതൃത്വത്തില്‍ നേരിട്ട് പരിശീലനം നല്‍കും. പരിശീലനം ലഭിച്ച കുട്ടികള്‍ മറ്റ് വിദ്യാര്‍ഥികള്‍ക്കും പരിശീലനം നല്‍കുന്ന രീതിയിലാണ് പരിശീലന പരിപാടി ക്രമീകരിച്ചിട്ടുള്ളതെന്ന് മന്ത്രി വ്യക്തമാക്കി.
ട്രാഫിക് സിഗ്‌നല്‍, പ്രകാശത്തെ സെന്‍സ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇലക്ട്രോണിക് ഡയസ്, ഓട്ടോമാറ്റിക് ഡോര്‍, സെക്യൂരിറ്റി അലാം തുടങ്ങിയ ഉപകരണങ്ങള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സ്‌കൂള്‍ തലത്തിലും ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, ശബ്ദ നിയന്ത്രിത ഹോം ഓട്ടോമേഷന്‍ കാഴ്ചശക്തിയില്ലാത്തവര്‍ക്കുള്ള വാക്കിംഗ് സ്റ്റിക് തുടങ്ങിയ ഉപകരണങ്ങള്‍ തയാറാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സബ്ജില്ല, ജില്ലാതലത്തിലും കുട്ടികള്‍ പരിശീലിക്കുന്നു. ഇതോടൊപ്പം സ്‌ക്രാച്ച് ഉപയോഗിച്ച് കമ്പ്യൂട്ടര്‍ ഗെയിം തയാറാക്കല്‍, പ്രശസ്തമായ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയുടെ ‘ആപ്പ് ഇന്‍വെന്റര്‍’ ഉപയോഗിച്ച് മൊബൈല്‍ ആപ്പ് നിര്‍മ്മിക്കല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ് പ്രവര്‍ത്തനങ്ങള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ പരിശീലിക്കുന്നുണ്ട്.
ലിറ്റില്‍ കൈറ്റ്‌സ് പദ്ധതിയിലെ പ്രധാന പരിശീലന മേഖലയാണ് റോബോട്ടിക്‌സ്. ഈ മേഖലയിലെ പരിശീലനം വഴി റോബോട്ടിക്‌സ്, ഐ.ഒ.ടി., ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പോലുള്ള പുത്തന്‍ സാങ്കേതിക മേഖലകളില്‍ പ്രായോഗിക പരിശീലനം നേടുന്നതിന് പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ ഇതിനായി പ്രോഗ്രാമിങ് പരിശീലിക്കുന്നത് കുട്ടികളിലെ യുക്തിചിന്ത, പ്രശ്‌നനിര്‍ദ്ധാരണശേഷി എന്നിവ വളര്‍ത്താനും സഹായകരമാകും.
സ്‌കൂളിലേക്ക് നല്‍കുന്ന ഓരോ റോബോട്ടിക് കിറ്റിലും ആര്‍ഡിനോ യൂനോ ഞല്3, എല്‍.ഇ.ഡി.കള്‍, എസ്ജി90 മിനി സര്‍വോ മോട്ടോര്‍, എല്‍.ഡി.ആര്‍. സെന്‍സര്‍ മൊഡ്യൂള്‍, ലൈറ്റ് സെന്‍സര്‍ മൊഡ്യൂള്‍, ഐ.ആര്‍. സെന്‍സര്‍ മൊഡ്യൂള്‍, ആക്ടീവ് ബസര്‍ മൊഡ്യൂള്‍, പുഷ് ബട്ടണ്‍ സ്വിച്ച്, ബ്രെഡ്‌ബോര്‍ഡ്, ജംപര്‍ വയറുകള്‍, റെസിസ്റ്ററുകള്‍ എന്നിവ അടങ്ങിയിട്ടുണ്ടെന്നും അധികമായി ആവശ്യം വരുന്ന സ്‌പെയറുകള്‍ നേരിട്ട് വാങ്ങാന്‍ കൈറ്റ് അവസരമൊരുക്കിയിട്ടുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് പറഞ്ഞു.

ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഡിസംബര്‍ 16 മുതല്‍
ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ മൂന്നാം സീസണിന്റെ മുദ്രാ ഗാനത്തിന്റെ പ്രകാശനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ പങ്കുവെക്കുന്ന ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഡിസംബര്‍ 16 മുതല്‍ കൈറ്റ് വികടേഴ്‌സ് ചാനലില്‍ സംപ്രേഷണം ആരംഭിക്കും. റിയാലിറ്റി ഷോയുടെ ഭഗമായ 110 വിദ്യാലയങ്ങളില്‍ അനുബന്ധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു. ഒന്നര ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് റിയാലിറ്റി ഷോയുടെ ഭാഗമാകുന്നത്.
ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച 753 സ്‌കൂളുകളില്‍ നിന്ന് വിദഗ്ധ സമിതി തിരഞ്ഞെടുത്ത 110 സ്‌കൂളുകളാണ് പ്രാഥമിക റൗണ്ടില്‍ പങ്കെടുക്കുക. ഒന്നാം സ്ഥാനത്തെത്തുന്ന സ്‌കൂളിന് 20 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. രണ്ടാം സമ്മാനം 15 ലക്ഷം രൂപയും മൂന്നാം സമ്മാനം 10 ലക്ഷം രൂപയുമാണ്. കൂടാതെ അവസാന റൗണ്ടിലെത്തുന്ന ഏഴ് സ്‌കൂളുകള്‍ക്ക് രണ്ട് ലക്ഷം രൂപയും ഒന്നാം റൗണ്ടില്‍ പങ്കെടുക്കുന്ന 110 സ്‌കൂളുള്‍ക്ക് 15,000 രൂപ വീതവും ലഭിക്കും. 2023 ഫെബ്രുവരിയിലാണ് ഹരിതവിദ്യാലയം ഗ്രാന്‍ഡ് ഫിനാലെ നടക്കുക.