കേരളത്തില്‍ നാലു മാസത്തില്‍ രജിസ്റ്റര്‍ ചെയ്തത് 42,699 സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍

സംരംഭകര്‍ക്ക് പുതിയ വായ്പാ പദ്ധതിയുമായി വ്യവസായ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം നാലു മാസം പിന്നിടുമ്പോള്‍ ഇതുവരെ 42699 എംഎസ്എംഇകള്‍ (സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍) രജിസ്റ്റര്‍ ചെയ്തതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിലൂടെ 92855 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനായി. കഴിഞ്ഞ വര്‍ഷം 17,000 സംരംഭങ്ങളായിരുന്നു രജിസ്റ്റര്‍ ചെയ്തത്. ഇൗ സാമ്പത്തിക വര്‍ഷം സംസ്ഥാനത്തെ സംരംഭ മേഖലയില്‍ വലിയ ഉണര്‍വാണ് പ്രകടമാകുന്നതെന്നും മന്ത്രി പറഞ്ഞു. ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ എന്ന മുദ്രാവാക്യത്തോടെ ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ക്ക് സംസ്ഥാനത്ത് തുടക്കം കുറിക്കുക എന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പ്രോത്സാഹനമേകുന്ന പുതിയ സംരംഭ വായ്പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സംരംഭകര്‍ക്കായി പുതിയ വായ്പ പദ്ധതി ആരംഭിച്ചിട്ടുള്ളത്. 10 ലക്ഷം വരെയുള്ള വായ്പകള്‍ നാലു ശതമാനം പലിശനിരക്കില്‍ ആണ് സംരംഭകര്‍ക്ക് ലഭ്യമാക്കുന്നത്. വ്യവസായ വകുപ്പിന്റെ പ്രത്യേക പലിശ സബ്സിഡിയും ഈ വായ്പ പദ്ധതിയുടെ ആകര്‍ഷണമാണെന്ന് മന്ത്രി വിശദീകരിച്ചു. വായ്പ പദ്ധതിയുടെ ആദ്യ 13 ഗുണഭോക്താക്കള്‍ക്കുള്ള വായ്പ അനുമതി സര്‍ട്ടിഫിക്കറ്റ് മന്ത്രി ചടങ്ങില്‍ കൈമാറി.
എംബിഎക്കാരായ ആയിരത്തിലേറെ ഇന്റേണുകളെ നിയമിച്ച് നവസംരംഭകരെ സഹായിക്കാന്‍ വകുപ്പ് പ്രത്യേക ഹെല്‍പ് ഡെസ്‌ക് സംവിധാനം ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. സംരംഭകരെ സഹായിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഇന്റേണുകളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് മന്ത്രിതലം മുതല്‍ പരിശോധിക്കാനും വിലയിരുത്താനും കഴിയുന്ന മൊബൈല്‍ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. ബാങ്കുകളുടെ സഹായത്തോടെ ഒരു പഞ്ചായത്തില്‍ 1000 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അത് സംസ്ഥാനത്തിന്റെ വ്യാവസായിക മേഖലയില്‍ വലിയ മാറ്റമുണ്ടാക്കുമെന്നും പുതിയ സംരംഭക വായ്പ പദ്ധതിയിലൂടെ സംരംഭക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അധ്യക്ഷനായിരുന്ന വി.കെ പ്രശാന്ത് എം. എല്‍. എ പറഞ്ഞു.
മുദ്രാലോണിന്റെ അതേ നടപടി ക്രമങ്ങള്‍ പാലിച്ചാണ് സംരംഭക വായ്പാ പദ്ധതിയും ആവിഷ്‌കരിച്ചിട്ടുള്ളത്. വ്യവസായ വകുപ്പ് ഡയറക്ടര്‍ എസ്.ഹരികിഷോര്‍, കെ.എസ്.ഐ.ഡി.സി എംഡി എം.ജി രാജമാണിക്കം, കെ.എഫ്.സി എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രേംനാഥ് രവീന്ദ്രന്‍, സംസ്ഥാന ബാങ്കേഴ്സ് കമ്മിറ്റി കണ്‍വീനര്‍ എസ്. പ്രേംകുമാര്‍, അസോസിയേഷന്‍ പ്രതിനിധികള്‍, ബാങ്കുകളുടെ പ്രതിനിധികള്‍, സംരംഭകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.