നാലാം തവണയാണ് എ.എ അസീസ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
78 അംഗ സംസ്ഥാന കമ്മറ്റിയെയും തെരഞ്ഞെടുത്തു
കൊല്ലം: ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി എഎ അസീസ് തുടരും. 3 ദിവസങ്ങളിലായി കൊല്ലത്ത് നടന്നുവന്ന ആര്‍എസ്പി സംസ്ഥാന സമ്മേളനത്തിലാണ് എഎ അസീസിനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.
ഷിബു ബേബി ജോണാണ് സംസ്ഥാന സെക്രട്ടറിയേറ്റില്‍ അസീസിന്റെ പേര് നിര്‍ദേശിച്ചത്. 78 അംഗ സംസ്ഥാന കമ്മറ്റിയെയും തെരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് എഎ അസീസ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.
സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നാലാം തവണയും തുടരണമെങ്കിൽ പ്രതിനിധികളിൽ മൂന്നിൽ രണ്ടു പേരുടെ പിന്തുണ വേണമെന്നും ശുപാർശ ചെയ്തിരുന്നു. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പാർഥസാരഥിദാസ് ഗുപ്ത, ബാബു ദിവാകരൻ എന്നിവരടങ്ങിയ ഉപസമിതി സമർപ്പിച്ച ശുപാർശകൾ കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗം ചർച്ച ചെയ്തെങ്കിലും തീരുമാനമാകാതെ പിരിയുകയായിരുന്നു
നേരത്തെ അസീസിനെ സംസ്ഥാന സെക്രട്ടറിയായി നിലനിര്‍ത്താന്‍ സംസ്ഥാന സെക്രട്ടറിയേറ്റില്‍ സമവായ തീരുമാനം ആയിരുന്നു. ദേശീയ സമ്മേളനത്തിനു ശേഷം സ്ഥാനം ഒഴിയാമെന്ന് അസീസ് സമ്മതിച്ചതോടെയാണ് സമവായമായത്. അതിന് ശേഷം ഷിബുബേബി ജോണിന് സെക്രട്ടറി സ്ഥാനം നല്‍കാമെന്നാണ് ധാരണ.
എന്‍കെ പ്രേമചന്ദ്രന് പക്ഷത്തിന്റെ പിന്തുണയാണ് അസീസിന് നിര്‍ണ്ണായകമായത്. യുഡിഎഫിലെത്തിയത് കൊണ്ട് പര്‍ട്ടിക്ക് കാര്യമായ നേട്ടമുണ്ടായില്ല എന്ന് കഴിഞ്ഞ ദിവസം പ്രതിനിധികള്‍ വിമര്‍ശിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ലഭിക്കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസ് വിമതര്‍ മത്സരിക്കുന്ന സ്ഥിതിയാണെന്നും താഴെത്തട്ടിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു