വിനോദ സഞ്ചാരികളെ കാത്ത് കുമ്പളത്തെ പക്ഷിക്കൂട്ടം

 

കൊച്ചി: കുമ്പളത്തെ വ്യത്യസ്തങ്ങളായ പക്ഷികള്‍ ഉള്‍പ്പെടെയുള്ള ജൈവ വൈവിധ്യവും പ്രകൃതിയിലെ ജീവിതക്രമവും പഠിക്കാന്‍ അവസരമൊരുക്കി കുമ്പളം ഗ്രാമപഞ്ചായത്ത്. വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരികള്‍ക്കും കുട്ടികള്‍ക്കും പ്രകൃതിയുടെ കാഴ്ച്ചവിരുന്നൊരുക്കാനും പക്ഷികളെക്കുറിച്ച് അറിവു പകരുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളിലേക്ക് ചുവടു വയ്ക്കുകയാണ് കുമ്പളം ഗ്രാമം. അതിനു മുന്നോടിയായി പക്ഷിനിരീക്ഷണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പഠനക്ലാസുകള്‍ക്കും തുടക്കമായി. കെ.ബാബു എം.എല്‍.എ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. വരും തലമുറയ്ക്കു വേണ്ടി പക്ഷികളെയും പ്രകൃതിയെയും കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ഞൂറില്‍പരം വ്യത്യസ്ത പക്ഷികളുളള നാടാണ് കേരളം. കേരളത്തിലെ പക്ഷി നിരീക്ഷണവും അതുവഴിയുള്ള ടൂറിസം സാധ്യതകളും പ്രയോജനപ്പെടുത്താന്‍ കഴിയണം. കുമ്പളവും വ്യത്യസ്തങ്ങളായ പക്ഷികളുടെ കേന്ദ്രമാണ്. ഈ പദ്ധതിയിലൂടെ കുമ്പളത്തിന്റെ ടുറിസം സാധ്യതകള്‍ കൂടി അവതരിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷല്‍ ഓഫീസറായ വേണു രാജാമണി മുഖ്യപ്രഭാഷണം നടത്തി. കുമ്പളം ഗ്രാമ പഞ്ചായത്തിനെ ടൂറിസം ഭൂപടത്തില്‍ എത്തിക്കുവാനും ഗ്രാമത്തിന്റെ പ്രകൃതി ഭംഗിയും ജൈവ വൈവിധ്യങ്ങളും ആസ്വദിക്കുന്നതിനുമായി ആവിഷ്‌കരിച്ച പരിപാടി എല്ലാ മാസവും നടത്താ9 ഉദ്ദേശിക്കുന്നതായി വേണു രാജാമണി പറഞ്ഞു. അതോടൊപ്പം വിനോദ സഞ്ചാരികള്‍ക്ക് നല്‍കുന്ന പ്രത്യേക ക്ലാസുകളിലൂടെയും കായല്‍ യാത്രകളിലൂടെയും കുമ്പളത്തെ ലോകത്തോട് അടുപ്പിക്കുന്നതിനുള്ള പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ട്. പ്രകൃതിയെക്കുറിച്ച് അറിവ് നല്‍കി പ്രകൃതി സംരക്ഷണം എന്ന ബോധം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വളര്‍ത്തുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കുമ്പളത്തിന്റെ ടൂറിസം സാധ്യതകള്‍ ലോകത്തിന് പരിചയപ്പെടുത്തുമെന്നും അദേഹം പറഞ്ഞു.
കുമ്പളം ഗ്രാമ പഞ്ചായത്ത്, കൊച്ചി നേച്ചര്‍ കണ്‍സെര്‍വഷന്‍ സൊസൈറ്റി, മഹാരാജാസ് ഓള്‍ഡ് സ്റ്റുഡന്റസ് അസോസിയേഷന്‍, ഫ്രണ്ട്‌സ് ഓഫ് പി.ടി & നേച്ചര്‍, അംബാസഡേഴ്‌സ് റെസിഡന്‍സ്, റൊട്ടറി ക്ലബ് ഓഫ് കൊച്ചി സൗത്ത് എന്നിവയുടെ നേതൃത്വത്തിലാണ് പക്ഷി നിരീക്ഷണ ക്ലാസുകളുടെ പരമ്പര ആരംഭിച്ചത്. .
മഹാരാജാസ് കോളജ് ഓള്‍ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി.ഐ.സി.സി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കുമ്പളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി കര്‍മലി ടീച്ചര്‍, എം.എം ഫൈസല്‍, വി.ഒ ജോണി,അഡ്വ. ജോളി ജോണ്‍, ഡോ. അനൂപ് ഫ്രാന്‍സിസ് തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് കുമ്പളം ഗ്രാമ പഞ്ചായത്തിലെ സ്‌കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 10 കുട്ടികള്‍ക്ക് നേച്ചര്‍ സൊസൈറ്റി മെമ്പര്‍ ഹരികുമാര്‍ മാന്നാര്‍, ജയ കൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ക്ലാസും ഫീല്‍ഡ് ടൂറും നടത്തി.