ചേന്ദമംഗലം കൈത്തറി ഗ്രാമം അടുത്ത വര്‍ഷം പൂര്‍ത്തിയാക്കും: മന്ത്രി പി.രാജീവ്

പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു

കൊച്ചി: ചേന്ദമംഗലം കൈത്തറി ഗ്രാമം 2023 മെയില്‍ പൂര്‍ത്തിയാക്കുമെന്ന് വ്യവസായനിയമകയര്‍ വകുപ്പ് മന്ത്രി പി.രാജീവ്. നെയ്ത്ത് തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോക ശ്രദ്ധയാകര്‍ഷിക്കുന്ന പദ്ധതിയിലൂടെ കൈത്തറി മേഖല തന്നെ അടിമുടി മാറുമെന്നും മന്ത്രി പറഞ്ഞു. ചേന്ദമംഗലം കൈത്തറി ഗ്രാമത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മൂന്ന് ഘട്ടങ്ങളിലായി പൂര്‍ത്തിയാകുന്ന പദ്ധതിക്കായി 19 കോടി 25 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കൈത്തറി ഉത്പന്നങ്ങളുടെ വിപണനത്തിനായി ഇകോമേഴ്‌സ് പ്ലാറ്റ്‌ഫോം വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടെന്ന് പ്ലാറ്റ്‌ഫോം ജനങ്ങളിലേക്ക് എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനായി റോഡ് നിര്‍മിക്കാന്‍ സൗജന്യമായി സ്ഥലം നല്‍കിയവര്‍ക്ക് പ്രത്യേകം നന്ദിയും മന്ത്രി അറിയിച്ചു. സ്ഥലം നല്‍കിയവരെ ചടങ്ങില്‍ ആദരിച്ചു. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയിലൂടെ ലോക ശ്രദ്ധ ആകര്‍ഷിക്കുന്ന പൈതൃക ഗ്രാമമായി ചേന്ദമംഗലത്തെ മാറ്റി എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ കൈത്തറിയുടെ അവസാന വാക്കായി ഗ്രാമം മാറും. കൈത്തറി ഗ്രാമത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി വികസിപ്പിക്കാനും എല്ലാവരും മുന്‍ കൈ എടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എന്‍. ശ്രീനന്ദന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൈത്തറി ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ് ഡയറക്ടര്‍ കെ.എസ്. അനില്‍കുമാര്‍, നടി പൂര്‍ണിമ ഇന്ദ്രജിത്ത്, മുന്‍ മന്ത്രി എസ്.ശര്‍മ, മുന്‍ എംപി കെ.പി.ധനപാലന്‍, മുന്‍ എംഎല്‍എ പി.രാജു, ജില്ലാ പഞ്ചായത്തംഗങ്ങളായ ഷാരോണ്‍ പനയ്ക്കല്‍, എ.എസ്. അനില്‍ കുമാര്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഉണ്ണികൃഷ്ണന്‍, പറവൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം ബബിത ദിലീപ് കുമാര്‍, ടി. ആര്‍ ബോസ്, കെ. പി. വിശ്വനാഥന്‍, കൈത്തറി തൊഴിലാളി ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, എറണാകുളം ജില്ലാ വവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി. എ. നജീബ്, യാണ്‍ ബാങ്ക് പ്രസിഡന്റ് ടി.എസ് ബേബി, ചേന്ദമംഗലം കൈത്തറി ഗ്രാമം സ്‌പെഷ്യല്‍ ഓഫീസര്‍ കെ.എസ് പ്രദീപ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.