കരസേനയുടെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി നാളെ മുതൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ

വർത്തമാനം ബ്യുറോ

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കു വേണ്ടി നവംബർ 17 മുതൽ 24 വരെയാണ് അഗ്നിവീർ റാലി

ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ റാലിയിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ.

കൊല്ലം: കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള ആദ്യത്തെ അഗ്നിപഥ് ആർമി റിക്രൂട്ട്‌മെന്റ് റാലി നാളെ
(നവംബർ 17) മുതൽ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ ആരംഭിക്കും. ആർമി റിക്രൂട്ട്‌മെന്റ് ബാംഗ്ലൂർ സോൺ ഡിഡിജി ബ്രിഗേഡിയർ എ എസ് വലിമ്പേയുടെയും, ജില്ലാ പോലീസ് കമ്മീഷണറുടെയും സാന്നിധ്യത്തിൽ കൊല്ലം ജില്ലാ കളക്ടർ റാലി ഫ്‌ളാഗ് ഓഫ് ചെയ്യും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കു വേണ്ടി നവംബർ 17 മുതൽ 24 വരെയാണ് അഗ്നിവീർ റാലി.

ഓൺലൈനായി രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ റാലിയിൽ പങ്കെടുക്കാൻ അനുവാദമുള്ളൂ. അഗ്നിവീർ റാലി നടത്താനുള്ള വിജ്ഞാപനത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

മൊത്തം 25367 ഉദ്യോഗാർത്ഥികൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്,

അതിൽ 2000 ഉദ്യോഗാർത്ഥികളെ റാലിയുടെ ആദ്യ ദിനത്തിൽ വിളിച്ചിട്ടുണ്ട്. ആദ്യ ദിവസം ഉദ്യോഗാർത്ഥികൾക്ക് ശാരീരികക്ഷമതാ പരിശോധനയും അതിൽ വിജയിക്കുന്നവർക്ക് വൈദ്യ പരിശോധനയും നടത്തും.

കേരളം, കർണാടക, ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കായി നഴ്‌സിംഗ് അസിസ്റ്റന്റ്, മത അധ്യാപകർ എന്നിവയിലേക്കുള്ള ആർമി റിക്രൂട്ട്‌മെന്റ് റാലിയും നവംബർ 26 മുതൽ 29 വരെ കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുന്നതാണ്.

ഈ വിഭാഗങ്ങളിൽ ഏകദേശം 11500 ഉദ്യോഗാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. റാലിയുടെ അവസാന ശാരീരികക്ഷമതാ പരിശോധന നവംബർ 28 നും അവസാന വൈദ്യ പരിശോധന നവംബർ 29 നും നടക്കും.