മതിയായ യോഗ്യതയില്ല; പ്രിയ വര്‍ഗീസിന്റെ നിയമനം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാലയില്‍ മലയാളം അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയ വര്‍ഗീസിനെ നിയമിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. പ്രിയ വര്‍ഗീസിനു മതിയായ അധ്യാപന പരിചയമില്ലാത്തതിനാല്‍ റാങ്ക് പട്ടിക പുനഃക്രമീകരിക്കാന്‍ ജസ്റ്റിസ്.ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ടു.കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം അസോസിയേറ്റ് പ്രഫസര്‍ നിയമനത്തിനുള്ള അപേക്ഷ 2021 നവംബര്‍ 12 വരെയാണ് സ്വീകരിച്ചത്. 10 പേരാണ് അപേക്ഷ സമര്‍പ്പിച്ചത്. ഡോക്ടറേറ്റ് ബിരുദവും എട്ടു വര്‍ഷത്തെ അധ്യാപന പരിചയവുമാണ് അസോസിയേറ്റ് പ്രഫസര്‍ക്കുള്ള യോഗ്യതയായി നിശ്ചയിച്ചിരുന്നത്. അസോസിയേറ്റ് പ്രൊഫസറായി നിയമിക്കാന്‍ മതിയായ അധ്യാപന പരിചയം പ്രിയ വര്‍ഗീസിനില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി. അധ്യാപന പരിചയത്തിനായി സമര്‍പ്പിച്ച യോഗ്യതകള്‍ അംഗീകരിച്ചില്ല. അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ യുജിസി മാനദണ്ഡങ്ങള്‍ മറികടക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.