രാഷ്ട്രീയ സാമൂഹ്യ വിമര്‍ശന ശരങ്ങള്‍ തൊടുത്ത് ബിനാലെയില്‍ മാര്‍ട്ടയുടെ അവതരണം

കൊച്ചി: അധികാര ദുര്‍വിനിയോഗം, ഭരണകൂടത്തിന്റെ പക്ഷപാതിത്വം, തൊഴിലില്ലായ്മ, തൊഴിലാളികളുടെ അരക്ഷിതാവസ്ഥ, ലിംഗാധിഷ്ഠിത വിവേചനം, സദാചാര മൂല്യങ്ങള്‍, മുതലാളിത്തം,വര്‍ധിതമാകുന്ന അസമത്വം, പ്രതിഷേധം തുടങ്ങിയ വിഷയങ്ങള്‍ പ്രമേയമായ നിശിതമായ രാഷ്ട്രീയ സാമൂഹ്യ വിമര്‍ശനമാണ് ഫിന്‍ലന്‍ഡില്‍ നിന്നുള്ള ആര്‍ട്ടിസ്റ്റ് മാര്‍ട്ട റ്റുഒമാലയുടെ ബിനാലെയിലെ വീഡിയോ ഇന്‍സ്റ്റലേഷന്‍. തമോഹാസ്യത്തില്‍ അവതരിപ്പിക്കുന്ന ‘ഫിന്‍സൈക്ലിംഗ് സൊഉമി പേര്‍കെലെ എന്ന വീഡിയോ രചിച്ചു സംവിധാനം ചെയ്തതും രംഗത്തെത്തുന്നതും മാര്‍ട്ട തന്നെ. ഫിന്‍ലന്‍ഡിന്റെ ഇരുണ്ട പുറങ്ങളിലേക്ക് ഇത് ഊളിയിട്ടിറങ്ങുന്നു. ഒപ്പം മറ്റെവിടെയുമുള്ള സമാന സാഹചര്യങ്ങളുമായി പ്രേക്ഷകരെ ബന്ധിപ്പിക്കുകയും അവബോധമുണ്ടാക്കുകയും ചെയ്യുന്നു.
‘പെര്‍കെലെ’ എന്നത് പിശാചിനെക്കുറിച്ച് ഫിന്നിഷ് ഭാഷയിലെ നിന്ദാവചനമാണ്. ഫിന്‍ലന്‍ഡിനെക്കുറിച്ച് ഫിനിഷില്‍ പറയുന്ന വാക്കാണ് സുഒമി . ഈ വാക്കില്‍ ചെറിയ മാറ്റം വരുത്തി സൊഉമി എന്നാണ് മാര്‍ട്ട കലാവിഷ്‌കാരത്തിനു ശീര്‍ഷകം നല്‍കിയിരിക്കുന്നത്. സൊഉമി എന്നാലാര്‍ത്ഥം ‘പരിപൂര്‍ണ്ണമായ ഇല്ലായ്മ’. ഇങ്ങനെ ശീര്‍ഷകം തൊട്ടേ ആരംഭിക്കുന്നു മാര്‍ട്ടയുടെ സൃഷ്ടിയിലെ ആക്ഷേപഹാസ്യവും വിമര്‍ശനവും.
വീഡിയോയിലെ ഇന്‍ഡോര്‍ സൈകഌംഗ് തന്റെ ആശയത്തിന് മൂര്‍ത്തരൂപം നല്‍കാന്‍ സമര്‍ത്ഥമായി വിനിയോഗിച്ചിരിക്കുകയാണ് മാര്‍ട്ട. വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്ന മാര്‍ട്ട സൈക്കിള്‍ തുടരെ ആഞ്ഞാഞ്ഞു ചവിട്ടുന്നു. വിയര്‍ത്തു കുളിക്കുന്നതല്ലാതെ ഒട്ടും മുന്നോട്ടുനീങ്ങുന്നില്ല. രാഷ്ട്രീയ സാമൂഹ്യ രംഗത്തെ അസഹ്യവസ്ഥകള്‍ പ്രതിഫലിപ്പിക്കുന്നതിനൊപ്പം കറുത്തഹാസ്യത്തിന്റെ കുന്തമുനകളും ചേര്‍ന്ന കടുത്ത വിമര്‍ശനം ഇതില്‍ ഉന്നയിക്കുന്നു.2015 – 19 കാലത്തെ ഫിന്‍ലന്‍ഡ് പ്രധാനമന്ത്രിക്ക് എതിരെ നിരവധി ഗുരുതര കുറ്റാരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതേസമയത്താണ് മാര്‍ട്ട രൂക്ഷ വിമര്‍ശനാത്മക സൃഷ്ടി ആവിഷ്‌കരിക്കുന്നത്. എന്നാല്‍ പിന്നീട് അന്വേഷണത്തില്‍ പ്രധാനമന്ത്രിക്കെതിരെ കുറ്റം ചുമത്തപ്പെട്ടില്ല. ‘അതിനര്‍ത്ഥം അദ്ദേഹം നിരപരാധിയാണെന്നല്ല. സാധാരണക്കാരനാണെങ്കില്‍ വളരെ എളുപ്പത്തില്‍ പിടിക്കപ്പെട്ടേനെ. പക്ഷെ അധികാരം കയ്യാളുന്നവര്‍ക്ക് എല്ലാം മൂടി വയ്ക്കാന്‍ എന്ത് പ്രയാസം! എല്ലാവരുടെയും കാര്യം അധികാരപ്പുറത്ത് വിരാജിക്കുന്നവരുടേത് പോലെയല്ല.’ മാര്‍ട്ട പറയുന്നു. അഴിമതിക്കും തെറ്റായ വികസനത്തിനും നേര്‍ക്ക് ചാട്ടുളി പോലെ പാഞ്ഞെത്തുകയാണ് മാര്‍ത്തയുടെ ആവിഷ്‌കാരത്തിലെ ആശയങ്ങള്‍. 2017 ല്‍ ഫിന്‍ലന്‍ഡിന്റെ ശതാബ്ദി വേളയില്‍ ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. തനിക്ക് ഏറ്റവും പ്രിയപ്പെട്ട മാധ്യമം വീഡിയോ(ചലച്ചിത്രം ഫിലിം )യാണെന്ന് മാര്‍ട്ട പറഞ്ഞു. കൊച്ചി ബിനാലെയില്‍ പ്രദര്‍ശനത്തിന് വച്ചശേഷം നിരവധി പോസിറ്റീവ് പ്രതികരണങ്ങള്‍ ലഭിച്ചു. കലാവതരണം പ്രദര്‍ശിപ്പിക്കുന്ന ഇടം പ്രധാനപ്പെട്ടതാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.