എന്‍ ഐ ഐ എസ് ടി ‘വണ്‍ വീക്ക് വണ്‍ ലാബ്’ സമ്മേളനത്തില്‍ മില്ലറ്റ് ഫെസ്റ്റിവെല്‍ മുഖ്യ ആകര്‍ഷണം

സമ്മേളനം മാര്‍ച്ച് 13 മുതല്‍ 18 വരെ; സിഎസ്‌ഐആര്‍
ഡയറക്ടര്‍ ജനറല്‍ ഡോ. എന്‍ കലൈശെല്‍വി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: സിഎസ്‌ഐആര്‍-എന്‍ ഐ ഐ എസ് ടിയുടെ ‘വണ്‍ വീക്ക് വണ്‍ ലാബ്’ സമ്മേളനത്തില്‍ അന്താരാഷ്ട്ര മില്ലറ്റ് (ചെറുധാന്യം) വര്‍ഷത്തിന്റെ ഭാഗമായുള്ള മില്ലറ്റ് ഫെസ്റ്റിവെല്‍ മുഖ്യ ആകര്‍ഷണമാകും. പാപ്പനംകോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്റര്‍ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി (എന്‍.ഐ.ഐ.എസ്.ടി) കാമ്പസില്‍ മാര്‍ച്ച് 13 മുതല്‍ 18 വരെയാണ് സമ്മേളനം. കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിനു (സി.എസ്.ഐ.ആര്‍) കീഴിലെ രാജ്യത്തെ 37 ലബോറട്ടറികളില്‍ ഒരാഴ്ചത്തെ വണ്‍ വീക്ക് വണ്‍ ലാബ് പരിപാടിയുടെ ഭാഗമായാണ് എന്‍ഐഐഎസ്ടിയില്‍ സമ്മേളനം നടക്കുന്നത്.
ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കാനും ചെറുധാന്യങ്ങളുടെയും മൂല്യവര്‍ധിത വസ്തുക്കളുടെയും ഉപഭോഗം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് എന്‍.ഐ.ഐ.എസ്.ടി മില്ലറ്റ് ഫെസ്റ്റിവെല്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതില്‍ ചെറുധാന്യങ്ങള്‍ക്കുള്ള പങ്ക് കണക്കിലെടുത്ത് ഇന്ത്യയെ ഒരു പ്രധാന ചെറുധാന്യ ഉത്പാദന കേന്ദ്രമായി ഉയര്‍ത്തുന്നതിനുള്ള സാധ്യതകള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ചെറുധാന്യങ്ങളുടെ ഉപയോഗം ലോകമെമ്പാടും പ്രോത്സാഹിപ്പിക്കുന്നതിനായി ഇന്ത്യയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഐക്യരാഷ്ട്ര സഭ 2023 നെ അന്താരാഷ്ട്ര മില്ലറ്റ് വര്‍ഷമായി പ്രഖ്യാപിച്ചത്.
സിഎസ്‌ഐആര്‍ ഡയറക്ടര്‍ ജനറലും ഡിഎസ്‌ഐആര്‍ സെക്രട്ടറിയുമായ ഡോ. എന്‍. കലൈശെല്‍വി 13 ന് ഉച്ചയ്ക്ക് 12.30 ന് സമ്മേളനം ഉദ്ഘാടനം ചെയ്യും. എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ സി.എസ്.ഐ.ആര്‍- എന്‍.ഐ.ഐ.എസ്.ടി റിസര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന്‍ പ്രൊഫ. ജാവേദ് ഇക്ബാല്‍ വിശിഷ്ടാതിഥിയാകും.
ചെറുധാന്യങ്ങളില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണം, സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ വ്യാപ്തി, പുതിയ സാങ്കേതികവിദ്യയും സുസ്ഥിരവുമായ കൃഷിരീതികളും സ്വീകരിക്കല്‍, മില്ലറ്റ് അധിഷ്ഠിത ഉത്പന്നങ്ങളുടെ കയറ്റുമതി പ്രോത്സാഹനം, ചെറുധാന്യങ്ങളും അവയുടെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളും ആഗോള പ്ലാറ്റ്ഫോമുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ മില്ലറ്റ് ഫെസ്റ്റിവെല്‍ ചര്‍ച്ച ചെയ്യും.
ചെറുധാന്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും അവയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഉപഭോഗം ജനകീയമാക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കുമെന്ന് എന്‍.ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ. സി. അനന്തരാമകൃഷ്ണന്‍ പറഞ്ഞു. പ്രോട്ടീന്‍, അമിനോ ആസിഡ്, ധാതുക്കള്‍, നാരുകള്‍, ഫാറ്റി ആസിഡ്, ജീവകങ്ങള്‍, ആന്റി ഓക്സിഡന്റ് ഫൈറ്റോകെമിക്കലുകള്‍ എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ചെറുധാന്യങ്ങളെ സുപ്പര്‍ ഫുഡ് എന്നാണ് വിളിക്കുന്നത്. ചെറുധാന്യ കൃഷിയും അവ യുടെ മൂല്യവര്‍ധിത ഉത്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതിലൂടെ ജനങ്ങള്‍ക്ക് പോഷകാഹാരം പ്രദാനം ചെയ്യാനാകും. ഇൗ ലക്ഷ്യത്തിലാണ് ഐക്യരാഷ്ട്ര സംഘടന മില്ലറ്റ് വര്‍ഷം ആചരിക്കുന്നത്. ചെറുധാന്യങ്ങളുടെ ആവശ്യം ലോകമാകെ വര്‍ധിക്കുന്നതിനാല്‍ ഇതിന് ആഗോള വിപണി ഉറപ്പാക്കാനാകും. ലോകത്തിലെ വലിയ കാര്‍ഷിക രാജ്യങ്ങളിലൊന്നായ ഇന്ത്യക്ക് മില്ലറ്റ് ഉല്‍പ്പാദനത്തിലും മൂല്യവര്‍ധനയിലും വലിയ സാധ്യതയാണുള്ളതെന്നും അനന്തരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം നബാര്‍ഡ് ഡിജിഎം കെ. സുബ്രഹ്മണ്യന്‍, അട്ടപ്പാടിയിലെ അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ലത ശര്‍മ്മ എന്നിവര്‍ ചെറുധാന്യങ്ങളെക്കുറിച്ച് വിദഗ്ധ കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കും. ചെറുധാന്യ ഭക്ഷ്യശാലകള്‍, കര്‍ഷകസംഗമം, ചെറുകിട സംരംഭക സംഗമം, പാചകമത്സരം, ചെറുധാന്യ അവബോധ പരിപാടി, പാചക വിദഗ്ധരുടെ നൈപുണ്യ പ്രദര്‍ശനം, സാംസ്‌കാരിക പരിപാടികള്‍, ബി 2 ബി കൗണ്ടര്‍ എന്നിവയും മില്ലറ്റ് ഫെസ്റ്റിവെലില്‍ ഉണ്ടായിരിക്കും.
കാര്‍ഷിക, പരിസ്ഥിതി, പ്രതിരോധ മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലുള്ള ദേശീയ സെമിനാറുകളും എന്‍ഐഐഎസ്ടി വികസിപ്പിച്ച സാങ്കേതിക വിദ്യാധിഷ്ഠിതവും സാമൂഹിക പ്രസക്തിയുള്ളതുമായ സംരംഭങ്ങളുടെ പ്രദര്‍ശനവും വണ്‍ വീക്ക് വണ്‍ ലാബ് സമ്മേളനത്തിന്റെ ഭാഗമായുണ്ടാകും. ഉത്പന്നങ്ങളും സാങ്കേതികവിദ്യകളും അവതരിപ്പിക്കല്‍, ധാരണാപത്രങ്ങളില്‍ ഒപ്പിടല്‍, സ്റ്റാര്‍ട്ടപ്പുകളുമായുള്ള ആശയവിനിമയം, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയവയും ഇതിന്റെ ഭാഗമാണ്.
ദേശീയ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ശാസ്ത്ര-സാങ്കേതിക ഗവേഷണങ്ങള്‍ സാധാരണ ജനങ്ങള്‍ക്ക് ഫലപ്രദമായി മാറ്റുന്നതിനുള്ള മാര്‍ഗങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യും. പൃഥ്വി, ആയുര്‍സ്വാസ്ത്യ, ശ്രീ അന്ന, രക്ഷ, ഊര്‍ജ്ജ എന്നീ പ്രമേയങ്ങളിലായി നടക്കുന്ന സെമിനാറില്‍ രാജ്യത്തെ പ്രമുഖ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും ഭരണാധികാരികളും പങ്കെടുക്കും. വിവിധ മേഖലകളില്‍ സംരംഭകത്വ വികസനത്തിന് പിന്തുണ നല്‍കുന്നതിനും ചെറുകിട ഇടത്തരം വ്യവസായ മേഖലകളിലേക്ക് ശാസ്ത്ര സാങ്കേതിക മുന്നേറ്റം വിപുലപ്പെടുത്തുന്നതിനും പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും സമ്മേളനം സഹായകമാകും.