ബ്രഹ്മപുരം: പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലേക്ക്; അന്തരീക്ഷത്തില്‍ പുകയുടെ സാന്നിധ്യത്തില്‍ കുറവ്

രാസ ബാഷ്പ മാലിന്യത്തിന്റെ അളവില്‍ ഗണ്യമായ കുറവ്

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക ശമിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ണതയിലേക്ക്. അന്തരീക്ഷത്തിലെ പുകയുടെ സാന്നിധ്യത്തിലും കുറവ് രേഖപ്പെടുത്തി. ഏഴു സെക്ടറുകളില്‍ രണ്ടിടങ്ങളിലാണ് അവസാനഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. മറ്റു മേഖലകളിലെ തീയും പുകയും പൂര്‍ണമായി ശമിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. രാവിലത്തെ അപേക്ഷിച്ച് അന്തരീക്ഷത്തിലെ പുകപടലത്തില്‍ വലിയ തോതിലുളള മാറ്റമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതിനിടെ കാക്കനാട് മേഖലയിലെ അന്തരീക്ഷ മലിനീകരണം കുറയുന്നതായി റിപ്പോര്‍ട്ട്. വായുവിലെ രാസ ബാഷ്പ മാലിന്യത്തിന്റെ (പി.എം. 2.5) അളവിലാണ് ഗണ്യമായ കുറവ് രേഖപ്പെടുത്തിയത്. മാര്‍ച്ച് ഏഴിന് ശരാശരി 165.1 ആയിരുന്ന പി.എം 2.5 ഞായറാഴ്ച 110.41 ആയി കുറഞ്ഞു. മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിംഗ് വാന്‍ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുന്നത്.
മുന്‍ കളക്ടര്‍ ഡോ. രേണു രാജിന്റെ നിര്‍ദ്ദേശപ്രകാരം സര്‍വകലാശാലയിലെ എന്‍വയോണ്‍മെന്റല്‍ സയന്‍സ് വിഭാഗത്തില്‍ നിന്നാണ് വാന്‍ എത്തിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച 165.1 ആയിരുന്നത് ബുധനാഴ്ച 149.3 ആയി. വ്യാഴാഴ്ച 150.97ആയി ചെറിയ ഉയര്‍ച്ച കാണിച്ചെങ്കിലും പിന്നീട് കുറഞ്ഞു വരികയായിരുന്നു. വെള്ളി (131.9) ശനി (125.76), ഞായര്‍ (110.4) എന്നിങ്ങനെയാണ് പിന്നീടുള്ള ദിവസങ്ങളില്‍ രേഖപ്പെടുത്തിയ ശരാശരി പി.എം 2.5 ന്റെ അളവ്. അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. മഹേഷ് മോഹന്റെ മേല്‍നോട്ടത്തില്‍ റിസര്‍ച്ച് സ്‌കോളറായ എന്‍.ജി. വിഷ്ണുവാണ് പരിശോധന നടത്തുന്നത്.
ബ്രഹ്മപുരം തീപിടിത്തത്തിന്റെ സാഹചര്യത്തില്‍ പരിസര പ്രദേശങ്ങളിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനായിട്ടാണ് മോണിറ്ററിംഗ് വാന്‍ കാക്കനാട് സിവില്‍ സ്‌റ്റേഷനില്‍ എത്തിച്ചത്. ബ്രഹ്മപുരത്ത് നിന്ന് ഉയരുന്ന പുക മൂലമുണ്ടാകുന്ന മലിനീകരണം രേഖപ്പെടുത്തണമെങ്കില്‍ ഏകദേശം നാല് കിലോമീറ്ററോളം മാറി വേണം നിരീക്ഷണ സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍. ഉയരുന്ന പുക കുറച്ച് ദൂരം കാറ്റില്‍ സഞ്ചരിച്ച ശേഷമാകും അന്തരീക്ഷത്തിലേക്ക് ഇറങ്ങുക. ഇത് പരിഗണിച്ചാണ് മോണിറ്ററിംഗ് വാന്‍ സിവില്‍ സ്‌റ്റേഷനില്‍ എത്തിച്ചത്.
നിലവില്‍ അഗ്‌നി രക്ഷാ സേനയുടെ 18 യൂണിറ്റുകളാണ് ദുരന്തമുഖത്തുള്ളത്. 98 സേനാംഗങ്ങള്‍ക്ക് പുറമേ 16 ഹോം ഗാര്‍ഡുകളും സിവില്‍ സിഫന്‍സ് സേനയിലെ 57 പേരും ബ്രഹ്മപുരത്തുണ്ട്. ആരോഗ്യ വകുപ്പിലെയും പൊലീസിലെയും നാല് പേര്‍ വീതമാണ് നിലവില്‍ പ്ലാന്റിലുള്ളത്.
തീ അണയ്ക്കുന്നതിനായി മൂന്ന് ഹൈ പ്രഷര്‍ പമ്പുകളും 22 എസ്‌കവേറ്ററുകളുമാണ് ഉപയോഗിക്കുന്നത്. എത്രയും വേഗം പൂര്‍ത്തിയാക്കുക എന്ന ഉദ്ദേശത്തോടെ ശക്തമായ രക്ഷാപ്രവര്‍ത്തനമാണ് അഗ്‌നിരക്ഷാസേനയുടെ നേതൃത്വത്തില്‍ നടന്നു വരുന്നത്.

ദുരന്തഭൂമിയില്‍ സേവനസന്നദ്ധരായി സിവില്‍ ഡിഫന്‍സ് സേന

തീയും പുകയുമുയരുന്ന ബ്രഹ്മപുരം ദുരന്തഭൂമിയില്‍ സേവ സന്നദ്ധരായി പ്രവര്‍ത്തിക്കുകയാണ് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീയും പുകയും അണയ്ക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് രാവും പകലും ഇവര്‍ നടത്തുന്നത്. 12 ജില്ലകളില്‍ നിന്നായി 650 പേരാണ് ഇതിനോടകം രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായത്. നിലവില്‍ 75 സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ ബ്രഹ്മപുരത്തുണ്ട്. യാതൊരു ലാഭേച്ഛയുമില്ലാതെ നൂറുകണക്കിന് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബ്രഹ്മപുരത്തേക്കെത്തിയത്. കൂലിപ്പണിക്കാര്‍ മുതല്‍ ബിസിനസുകാര്‍ വരെയുള്ള സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളില്‍ പലരും ജോലി കഴിഞ്ഞ് വീട്ടില്‍ പോകുന്നതിന് പകരം ബ്രഹ്മപുരത്തേക്കെത്തി. ചിലരാകട്ടെ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് അവധിയെടുത്ത് സന്നദ്ധ സേവനത്തിനെത്തി. നേരത്തെ കോവിഡ് പ്രതിസന്ധിയിലും പ്രളയകാലത്തുമെല്ലാം അഗ്‌നി രക്ഷാ സേനക്കൊപ്പം ഒറ്റക്കെട്ടായി പ്രശംസനീയമായ പ്രവര്‍ത്തനങ്ങള്‍ സിവില്‍ ഡിഫന്‍സ് വൊളന്റിയര്‍മാര്‍ നടത്തിയിരുന്നു. ബ്രഹ്മപുരം തീപിടിത്തത്തോടെ ദുരന്ത മുഖങ്ങളില്‍ തങ്ങളുടെ പങ്ക് വ്യക്തമാക്കുകയാണിവര്‍. ചരിത്രത്തിലെ ഏറ്റവും വലിയ തീയണയ്ക്കല്‍ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ ഫയര്‍ ആന്റ് റെസ്‌ക്യൂ സേനക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും സേനാംഗങ്ങള്‍ ഒരുക്കി. സേവനസന്നദ്ധതയുള്ള പൊതുജനങ്ങള്‍ക്ക് ജീവന്‍രക്ഷാ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ പരിശീലനം നല്‍കി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയും അതുവഴി ദുരന്തത്തിന്റെ ആഘാതം കുറയ്ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് സിവില്‍ ഡിഫന്‍സിന്റെ രൂപീകരണം. അഗ്‌നിരക്ഷാ സേനയ്ക്ക് കീഴിലാണ് ഇവരുടെ പ്രവര്‍ത്തനം. ബ്രഹ്മപുരം മാലിന്യ പ്ലാന്റില്‍ തീപിടിച്ച സാഹചര്യത്തില്‍ ആദ്യം ഓടിയെത്തിയത് സിവില്‍ ഡിഫന്‍സ് സേനാംഗങ്ങളായിരുന്നു. തീ അണയ്ക്കുന്നതിനും പുക ശമിപ്പിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അഗ്‌നിരക്ഷാസേന നേതൃത്വം കൊടുത്തപ്പോള്‍ സിവില്‍ ഡിഫന്‍സ് അവര്‍ക്ക് കരുത്തു പകര്‍ന്നു. ഫയര്‍ എഞ്ചിനുകളില്‍ ഇന്ധനവും പമ്പ് ചെയ്യുന്നതിനുള്ള വെള്ളവും നിറക്കുന്നത് മുതല്‍ ഭക്ഷണം വിതരണം ചെയ്യുന്നത് വരെ സിവില്‍ ഡിഫന്‍സ് ഏറ്റെടുത്തു. അവശ്യഘട്ടങ്ങളില്‍ തീയണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലും ഇവരുടെ സേവനം തേടി. തീ അണയ്ക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയതിന് പിന്നാലെ ദിവസവും നൂറോളം പേരായിരുന്നു വിവിധ ഷിഫ്റ്റുകളിലായി സേവനത്തിനെത്തിയത്. വിവിധ ജില്ലകളില്‍ നിന്നുള്ളവരായിരുന്നു ഇവര്‍. തൃക്കാക്കര അഗ്‌നിനിലയത്തിലായിരുന്നു ഇവരുടെ താമസ സൗകര്യം ഒരുക്കിയത്. റീജിയണല്‍ ഫയര്‍ ഓഫീസര്‍ ജെ.എസ്. സുജിത്ത് കുമാറിന്റെയും ജില്ലാ ഫയര്‍ ഓഫീസര്‍ കെ. ഹരികുമാറിന്റെയും മേല്‍നോട്ടത്തില്‍ സിവില്‍ ഡിഫന്‍സ് ചീഫ് വാര്‍ഡന്‍ അനു ചന്ദ്രശേഖര്‍, ഡിവിഷണല്‍ വാര്‍ഡന്‍ ബിനു മിത്രന്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.