ബ്രഹ്മപുരത്തെ പുക; ആരോഗ്യസര്‍വേ ചൊവ്വാഴ്ച ആരംഭിക്കും ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി

മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളില്‍ ആദ്യ ദിനം ചികിത്സ തേടിയത് 178 പേര്‍

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ പുക മൂലം വായു മലിനീകരണമുണ്ടായ സ്ഥലങ്ങളില്‍ നടത്തുന്ന ആരോഗ്യ സര്‍വേ ചൊവ്വാഴ്ച (14) ആരംഭിക്കും. ഇതിന്റെ ഭാഗമായി ആശ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കി. മൂന്ന് സെഷനുകളിലായി 202 ആശ പ്രവര്‍ത്തകര്‍ക്കാണ് തിങ്കളാഴ്ച പരിശീലനം നല്‍കിയത്. പൊതുജനാരോഗ്യ വിദഗ്ധ ഡോ. സൈറു ഫിലിപ്പിന്റെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പും ആരോഗ്യ വിദ്യാഭ്യാസ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച പരിശീലനം പൂര്‍ത്തീകരിച്ചത്.
ഓരോ വീടുകളിലും കയറി ആരോഗ്യസംബന്ധമായ വിവരങ്ങള്‍ ശേഖരിക്കും. ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ആശ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ചേര്‍ക്കുക. ലഭ്യമാകുന്ന വിവരങ്ങള്‍ അപ്പോള്‍ തന്നെ പരിശോധിക്കാനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനും സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതിനിടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആരംഭിച്ച മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളില്‍ തിങ്കളാഴ്ച ചികിത്സ തേടിയെത്തിയത് 178 പേര്‍. രണ്ട് യൂണിറ്റുകള്‍ ഉണ്ടായിരുന്നതില്‍ ആദ്യ യൂണിറ്റില്‍ 118 പേര്‍ ചികിത്സ തേടിയപ്പോള്‍ 60 പേരായിരുന്നു രണ്ടാം യൂണിറ്റില്‍ ചികിത്സ തേടി എത്തിയത്. ഗുരുതര പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ആരെയും അഡ്മിറ്റ് ചെയ്തിട്ടില്ലെന്ന് ആരോഗ്യ വിഭാഗം അറിയിച്ചു.
ചമ്പക്കര കുന്നുകര പാര്‍ക്ക്, വൈറ്റില മഹിള സമാജം, തമ്മനം കിസാന്‍ കോളനി, പൊന്നുരുന്നി അര്‍ബന്‍ പി.എച്ച്.സി സമീപമുള്ള നഴ്‌സറി റോഡ് എന്നിവിടങ്ങളിലായിരുന്നു ആദ്യ മെഡിക്കല്‍ യൂണിറ്റ് എത്തിയത്. പി ആന്റ് ടി കോളനി, ഉദയ കോളനി എന്നിവിടങ്ങളിലും വെണ്ണല അര്‍ബന്‍ പി.എച്ച്.സിക്ക് സമീപവുമായിരുന്നു യൂണിറ്റ് രണ്ടിന്റെ സന്ദര്‍ശനം.
ആദ്യ യൂണിറ്റില്‍ കുന്നുകര പാര്‍ക്കില്‍ 32 പേരും വൈറ്റില മഹിള സമാജത്തില്‍ 22 പേരും കിസാന്‍ കോളനിയില്‍ 34 പേരും പൊന്നുരുന്നിയില്‍ 30 പേരുമായിരുന്നു ചികിത്സ തേടിയത്. രണ്ടാം യൂണിറ്റില്‍ വെണ്ണലയില്‍ 27 പേരും പി ആന്റ് ടി കോളനി, ഉദയ കോളനി എന്നിവിടങ്ങളിലായി 33 പേരും ചികിത്സ തേടി.
ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീല്‍ഡ് തലത്തില്‍ ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. യൂണിറ്റുകളില്‍ മെഡിക്കല്‍ ഓഫീസര്‍, നഴ്‌സിംഗ് ഓഫിസര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരുടെ സേവനവും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുള്ള സ്‌റ്റെബിലൈസേഷന്‍ സംവിധാനവും നെബുലൈസേഷന്‍ അടക്കമുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സജ്ജീകരണങ്ങളും ഇതില്‍ ലഭ്യമാകും മിനി സ്‌പൈറോമീറ്റര്‍ അടക്കമുള്ള സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.