പൊതുമേഖലാ സ്ഥാപനങ്ങളെ കൃത്യമായ ആസൂത്രണത്തോടെ പ്രവര്‍ത്തിപ്പിച്ചാല്‍ നാടിനാകെ ഗുണകരം: മുഖ്യമന്ത്രി

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളെ കൃത്യമായ ആസൂത്രണത്തോടെയും പ്രൊഫഷണല്‍ സമീപനത്തോടെയും പ്രവര്‍ത്തിപ്പിച്ചാല്‍ നാടിനാകെ ഗുണകരമാകുമെന്നാണ് കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം സൂചിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സിഡിറ്റിന്റെ സ്ഥാപകദിനാഘോഷത്തിന്റെ സമാപന സമ്മേളനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൊതുമേഖലാ സ്ഥാപനങ്ങളെ വില്‍പന നടത്തി ഒഴിവാക്കേണ്ട നയമല്ല സ്വീകരിക്കേണ്ടത്. പൊതുമേഖലയെ സംരക്ഷിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി പ്രത്യേക പൊതുമേഖലാ നയം സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഫലമായാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ 25 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലായത്. പതിനെട്ട് ശതമാനം വര്‍ധനവോടെ 3892 കോടി രൂപ വിറ്റുവരവുണ്ടായി. 386 കോടി രൂപയാണ് മൊത്തം പ്രവര്‍ത്തന ലാഭം.
സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളെ സഹായിക്കുന്ന നയം സ്വീകരിക്കുമ്പോള്‍ അത് മനസിലാക്കിയുള്ള സമീപനം ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടാകണം. മാറുന്ന കാലത്തിനനുസരിച്ച് പുതിയ പ്രവര്‍ത്തന മേഖല കണ്ടെത്തുകയും സ്വയം നവീകരണത്തിന് വിധേയമാവുകയും വേണം. എങ്കില്‍ മാത്രമേ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകൂയെന്ന് മുഖ്യമന്ത്രി പറഞ്ഞു. നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ ജനോന്‍മുഖമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണ്. ഐ. ടി രംഗത്ത് 2016 മുതല്‍ കേരളത്തിലാകെ 46 ലക്ഷം ചതുരശ്ര അടി തൊഴിലിടവും അതിലാകെ 45869 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഇത്രയും വിപുലവും ഊര്‍ജസ്വലവുമായി ഐടി വികസനം നടന്ന മറ്റൊരു കാലമില്ല. ഭാവിയുടെ പദാര്‍ത്ഥം എന്ന് അറിയപ്പെടുന്ന ഗ്രഫീന്‍ വികസനത്തിനും ഗവേഷണത്തിനും ഉതകുന്ന ഗ്രഫീന്‍ ഇന്നൊവേഷന്‍ കേന്ദ്രം സ്ഥാപിച്ചത് ഇടതു സര്‍ക്കാരാണ്. തിരുവനന്തപുരത്തിനെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഹബ് ആയി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.
ആധുനിക സാങ്കേതിക വിദ്യ തൊഴില്‍ സംസ്‌കാരത്തില്‍ വലിയ മാറ്റം വരുത്തിയതായി ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ച സ്പീക്കര്‍ എ. എന്‍. ഷംസീര്‍ പറഞ്ഞു. ആധുനിക കാലത്ത് ഏറ്റവും വലിയ മത്സരം നടക്കുന്നത് ഐ. ടി രംഗത്താണ്. ഐ. ടി രംഗത്തെ വികസനങ്ങളോടു മുഖം തിരിച്ചു നില്‍ക്കാനാവില്ല. സിറ്റിസണ്‍ എന്ന വാക്ക് നെറ്റിസണ്‍ എന്നായി മാറുന്ന ആധുനിക കാലമാണിതെന്ന് സ്പീക്കര്‍ പറഞ്ഞു.