കൊച്ചി: എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മേയര്‍ അഡ്വ. എം. അനില്‍കുമാര്‍ അധ്യക്ഷനായിരുന്നു. കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്‍ഡ് ടെക്‌നോളജി വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ് ശതാബ്ദി വീഡിയോ പ്രകാശനം ചെയ്തു. പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറും മാനേജരുമായ സിസ്റ്റര്‍ ഡോ. വിനിത സിഎസ്എസ്ടി, ഡയറക്ടര്‍ സിസ്റ്റര്‍ എമിലിന്‍ സിഎസ്എസ്ടി, കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ലിസി മാത്യു, സീനിയര്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. സജിമോള്‍ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മൂന്നുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ പരിപാടികളാണ് കോളേജില്‍ സംഘടിപ്പിച്ചിട്ടുള്ളത്. കൊച്ചി രാജ്യത്തെ ആദ്യത്തെയും കേരളത്തിലെ രണ്ടാമത്തെയും വനിതാ കോളേജ് എന്ന നിലയില്‍, 1925 ജൂണ്‍ പതിനഞ്ചാം തീയതിയാണ് എറണാകുളം സെന്റ് തെരേസാസ് കോളേജിന് തുടക്കമായത്.2014ല്‍ കേരളത്തിലെ ആദ്യത്തെ വനിതാ സ്വയംഭരണ കോളേജ് എന്ന പദവിയും സെന്റ് തെരേസാസ് കരസ്ഥമാക്കി. കോളേജിന്റെ നേട്ടങ്ങളെയും സാധ്യതകളെയും പ്രതിപാദിച്ചുകൊണ്ട് ലോകത്തിന്റെ ബൗദ്ധിക മണ്ഡലത്തില്‍ സെന്റ് തെരേസാസ് കോളേജ് നല്‍കിയ സംഭാവനകള്‍ ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍. ബിന്ദു അനുസ്മരിച്ചു . നഗരസഭാവികസന പ്രവര്‍ത്തനങ്ങളില്‍ സെന്റ് തെരേസാസിന്റെ സഹകരണങ്ങളെ സ്മരിക്കുകയും ഒപ്പം മുന്നോട്ടുള്ള പ്രയാണത്തില്‍ നഗരസഭയുടെ എല്ലാ സഹകരണവും മേയര്‍ അനില്‍കുമാര്‍ വാഗ്ദാനം ചെയ്തു. .സാങ്കേതിക വിദ്യയുടെ പുതിയ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള കോളേജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സാങ്കേതിക സര്‍വകലാശാലയുടെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് വൈസ് ചാന്‍സിലര്‍ ഡോ. സജി ഗോപിനാഥ് ആശംസ അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന കലാപരിപാടികളുടെ പ്രധാന ആകര്‍ഷണംകോളേജിലെ വിദ്യാര്‍ത്ഥികളും ,പൂര്‍വ വിദ്യാര്‍ഥികളും, അധ്യാപകരും,പൂര്‍വ്വ അധ്യാപകരും, അനധ്യാപകരും അടങ്ങുന്ന 100 പേര്‍ ചേര്‍ന്ന് ആലപിച്ച ഗാനം ആയിരുന്നു.