സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്‌കാരിക സര്‍ക്യൂട്ട് നടപ്പാക്കും: മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കാസര്‍കോഡ് മുതല്‍ പാറശാലവരെയുള്ള സാംസ്‌കാരിക കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് സാംസ്‌കാരിക സര്‍ക്യൂട്ട് നടപ്പാക്കുമെന്നു സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. ടൂറിസം സാധ്യതകള്‍കൂടി പ്രയോജനപ്പെടുത്തി ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതി മൂന്നു മാസത്തിനകം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂര്‍ക്കാവ് ഗുരുഗോപിനാഥ് നടനഗ്രാമം സംഘടിപ്പിക്കുന്ന നാട്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ യുവജനങ്ങള്‍, ഗവേഷകര്‍, വിനോദസഞ്ചാരികള്‍ തുടങ്ങിയവര്‍ക്ക് ഏറെ പ്രയോജനപ്പെടുന്നതാകും സാംസ്‌കാരിക ടൂറിസം സര്‍ക്യൂട്ടെന്നു മന്ത്രി പറഞ്ഞു. ഇതിന്റെ അനുബന്ധമായി ഒരു ലിറ്റററി ഫെസ്റ്റും സംഘടിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ സാംസ്‌കാരിക ഉന്നമനത്തിനായുള്ള പ്രതിജ്ഞാബദ്ധമായ ഉത്സവം എന്ന നിലയ്ക്കാകും ഇതു സംഘടിപ്പിക്കുന്നത്. ശാസ്ത്രവും യുക്തിയും പ്രായോഗികതലത്തില്‍ എത്തിക്കുന്നതില്‍ സമൂഹം പിന്നാക്കംപോകുന്ന സാഹചര്യമാണ് ഇപ്പോള്‍. വിദ്വേഷത്തിന്റെയും പകയുടേയും സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കു കൈയടികിട്ടുന്ന കാലമാണ്. ഇതിനെതിരേ മനുഷ്യത്വം ഉയര്‍ത്തിപ്പിടിച്ച് പാര്‍ശവത്കരിക്കപ്പെട്ടവരെ ചേര്‍ത്തു നിര്‍ത്താന്‍ ഉതകുന്നതാകും രണ്ടു പദ്ധതികളെന്നും മന്ത്രി പറഞ്ഞു.
ഗുരുഗോപിനാഥ് നടനഗ്രാമത്തെ ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ മന്ത്രി ചടങ്ങില്‍ വാഗ്ദാനം ചെയ്തു. വികസന പദ്ധതികളില്‍ പൊതുജനങ്ങളുടേയും പൂര്‍ണ സഹകരണം വേണം. നടനഗ്രാമത്തിലേക്കുള്ള റോഡ് വികസനത്തില്‍ പരിസരവാസികള്‍ സര്‍ക്കാരിനോടു സഹകരിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു.
നടനഗ്രാമം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ വി.കെ. പ്രശാന്ത് എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഒഡീസി നര്‍ത്തക പത്മശ്രീ അരുണ മൊഹന്തി, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ കരമന ഹരി, ഗുരു ഗോപിനാഥ് നടനഗ്രാമം വൈസ് ചെയര്‍മാന്‍ കരമന ഹരി, ട്രിഡ ചെയര്‍മാന്‍ കെ.സി. വിക്രമന്‍, നടനഗ്രാമം സെക്രട്ടറി ശബ്ന ശശിധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 29 വരെ നീണ്ടുനില്‍ക്കുന്ന നാട്യോത്സവത്തില്‍ ഗോപികാ വര്‍മ, വിനീത്, ലക്ഷ്മി ഗോപാലസ്വാമി, ശോഭന, ഡോ. അരുണ മൊഹന്തി, കമാലിനി അസ്താന, നളിനി അസ്താന, ഗുരു ശഷദാര്‍ ആചാര്യ, ദീപികാ റെഡ്ഡി, ആശാ ശരത് തുടങ്ങി നിരവധി പ്രമുഖര്‍ നൃത്തം അവതരിപ്പിക്കും.